ദായോം പന്ത്രണ്ടും
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കേരളത്തിൽ പലയിടങ്ങളിലും പ്രചാരത്തിലുള്ള "ദായോം പന്ത്രണ്ടും" അഥവാ തായം പന്ത്രണ്ട്( Dice and Twelve) എന്ന കളിയിലേത് പോലെ അനിശ്ചിതങ്ങൾ നിറഞ്ഞതാണ് ജീവിതം. ഈ കളിയിൽ ഭാഗ്യത്തിന്റെ പങ്കു ചെറുതൊന്നുമല്ല. ഏതു നിമിഷവും മാറി മറിഞ്ഞേക്കാം വിജയ പരാജയങ്ങൾ. ഒരു സിനിമ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കാറിലും ബൈക്കിലുമായി പുറപ്പെടുന്ന അഞ്ചു സുഹൃത്തുക്കൾ. നാലുപേർ കാറിലും ഒരാൾ ബൈക്കിലും. ബൈക്കിന്റെ പുറകിൽ ഇടയ്ക്കിടയ്ക്ക് വഴിയിൽ നിന്നും ആളുകൾ കേറുന്നു. അങ്ങനെ കയറിയ മൂന്നു പേരിലൂടെ ആണ് കഥ വികസിക്കുന്നത്. ഒരു റോഡ് സിനിമ എന്ന് വേണമെങ്കിൽ നമുക്കിതിനെ പറയാമെങ്കിലും സമൂഹത്തിലെ ഇന്നത്തെ സമകാലീന പ്രശ്നങ്ങളെ ഒക്കെ തന്നെ വളരെ സൂക്ഷ്മമായി വരച്ചു കാണിച്ചിട്ടുണ്ട്.
ടെമ്പോറ ടാക്കീസിന്റെ ബാനറിൽ പ്രദർശനത്തിന് എത്തുന്ന "ദായോം പന്ത്രണ്ടും" സംവിധാനം ചെയ്തിരിക്കുന്നത് പ്രസസ്ഥ ഹ്രസ്വചിത്ര സംവിധായകനായ ഹർഷദ് ആണ്. കണ്ണൻ പട്ടേരി ഛായാഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിങ്ങും ശശി പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനിങ്ങും മുഹ്‌സിന്‍ പരാരി സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നു.