Shaan Rahman
സംഗീതസംവിധായകൻ-ഗായകൻ. തലശ്ശേരി സ്വദേശിയായ അബ്ദുൾ റഹ്മാന്റെയും ലൈല റഹ്മാന്റെയും മകനായി 1980 ഡിസംബർ മുപ്പതിനു ജനിച്ചു. മാതാപിതാക്കളോടൊപ്പം യു എ ഇയിലെ റാസൽഖൈമയിലായിരുന്ന ഷാൻ അവിടെത്തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. പിന്നീട് കുടുംബത്തോടൊപ്പം സ്വദേശമായ തലശ്ശേരിയിലേക്ക് മടങ്ങിയെത്തി കോളേജ് വിദ്യാഭ്യാസവും ഓഡിയോ വിഷ്വൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും പൂർത്തിയാക്കി. കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചിരുന്ന ഷാൻ പരസ്യ ജിംഗിളുകളിലൂടെയാണ് പ്രൊഫഷണൽ സംഗീത രംഗത്തേക്കെത്തുന്നത്. സുഹൃത്തുക്കളായ സിജു, ദീപു എന്നിവരൊപ്പം “ദേശി നോയിസ്” എന്നൊരു സംഗീത ബാൻഡ് രൂപം കൊടുത്തിരുന്നു. ഒരു യാത്രയിൽ വളരെ അപ്രതീക്ഷിതമായി വിനീത് ശ്രീനിവാസനെ പരിചയപ്പെടുന്നതോടെയാണ് കൂടുതൽ മികച്ച അവസരങ്ങൾ തേടിയെത്തുന്നത്.
കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് തുടങ്ങിയ സുഹൃദ് ബന്ധം പിന്നീട് കേരളത്തിലെ ക്യാമ്പസുകളിൽ ഏറെ ഹിറ്റായ ആൽബം “കോഫി @ എംജി റോഡ്” നിർമ്മിക്കാൻ കാരണമായി. സംഗീതസംവിധായകനായി രംഗത്തെത്തിയ ഷാന് കോഫി@എംജി റോഡിലെ “പലവട്ടം കാത്തു നിന്നു ഞാൻ” , "നമ്മുടെ കോളേജ്" എന്നീ ഗാനങ്ങൾ കൂടുതൽ അവസരങ്ങളെത്തിച്ചു കൊടുത്തു. തുടർന്ന് സിനിമാസംവിധായകൻ ജോണി ആന്റണിയുടെ “പട്ടണത്തിൽ ഭൂതത്തിൽ” എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചു . വീണ്ടൂം വിനീത് ശ്രീനിവാസനുമൊത്ത കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ “മലർവാടീ ആർട്സ് ക്ലബ്ബ്”നു ഗാനങ്ങളൊരുക്കി കൂടുതൽ ശ്രദ്ധേയനായി. ബിപിൻ പ്രഭാകറിന്റെ മെട്രോ ആയിരുന്നു അടുത്ത ചിത്രം. വിനീത്-ഷാൻ വീണ്ടുമൊത്ത് ചേർന്ന “തട്ടത്തിൻ മറയത്തിലെ “ മികച്ച ഗാനങ്ങളൊരുക്കി.
സംഗീത സംവിധാനത്തിനു പുറമേ പ്രിഥ്വീരാജ് ചിത്രങ്ങളായ “ഉറുമി , തേജാ ഭായ്, ശ്രീനിവാസന്റെ “പദ്മശ്രീ ഡോ.സരോജ് കുമാർ” എന്നീ ചിത്രങ്ങളിൽ ഗായകനായും ഷാൻ കഴിവ് തെളിയിച്ചിരുന്നു. കുടുംബം :- ഭാര്യ “സൈറ സലീം”, മകൻ “റയാൻ.”