ദേബശ്രി റോയ്
ബിരേന്ദ്ര കിഷോർ റോയിയുടെയും ആരതി റോയിയുടെയും മകളായി 1964 -ൽ കൽക്കട്ടയിൽ ജനിച്ചു. അഞ്ചാം വയസിൽ ഹരിമോയ് സെൻ സംവിധാനം ചെയ്ത പഗോൾ താക്കൂർ എന്ന ചിത്രത്തിൽ ബാലതാരമായിക്കൊണ്ട് സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച ദേബശ്രീ താമസിയാതെ നായികാപദവിയിലേയ്ക്കുയർന്നു. നിരവധി ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ദേബശ്രീ റോയ് 1978 -ൽ ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിൽ പ്രേംനസീറിന്റെ നായികയായിക്കൊണ്ട് മലയാള സിനിമയിൽ അരങ്ങേറിയ ദേബശ്രീ 1982 -ൽ കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി എന്ന സിനിമയിലും നായികയായി.പക്ഷേ ആ സിനിമ റിലീസായില്ല. രുഗ്മിണി റോയ് എന്ന പേരിലാണ് അവർ മലയാളത്തിൽ അഭിനയിച്ചത്. ഋതുപർണോ ഘോഷ് സംവിധാനം ചെയ്ത ഉണിഷൈ ഏപ്രിൽ എന്ന ബംഗാളി സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള 1994 -ലെ ദേശീയ പുരസ്ക്കാരം ദേബശ്രീ റോയ്ക്ക് ലഭിച്ചിരുന്നു.
ഒരു ഒഡീസി നർത്തകി കൂടിയാണ് ദേബശ്രീ റോയ്. തന്റെ ബാല്യകാലത്തുതന്നെ നർത്തകിയായി അരങ്ങേറി. പ്രശസ്ത ഒഡീസി നർത്തകൻ കേളുചരൺ മഹാപത്രായയായിരുന്നു ദേബശ്രീയുടെ ഗുരു. 1991 -ൽ നടരാജ് എന്ന നൃത്തസംഘം രൂപീകരിച്ച ദേബശ്രീ രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്