സിനിക്ക് വാസുദേവൻ നായർ
സിനിക്ക് എന്ന തൂലികാ നാമം കൊണ്ട് മലയാള ചലച്ചിത്രശാഖയിൽ തന്റേതായ ഒരു പേരു കൊത്തി വച്ച വ്യക്തിത്വം. ഒരു ചലച്ചിത്ര നിരൂപകൻ മാത്രമായിരുന്നില്ല സിനിക്ക്. ഇരുത്തം വന്ന ഒരു ചെറുകഥാകൃത്തും നടനും നാടകകൃത്തുമായിരുന്നു.കായിക വിനോദങ്ങളിലും സംഗീതത്തിലും അതീവതല്പ്പരനായിരുന്നു.സിനിമ അദ്ദേഹത്തിനു ജീവനായിരുന്നു.രസതന്ത്ര ബിരുദധാരിയായിരുന്ന സിനിക്ക് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലായിരുന്നു ജോലി ചെയ്തിരുന്നത്.1930 ൽ സെക്കൻഡ് ഫോറത്തിൽ പഠിക്കുമ്പോൾ കോഴിക്കോട്ടെ രാധാ പിക്ചർ പാലസിൽ വച്ചായിരുന്നത്രെ ആദ്യമായി അദ്ദേഹം സിനിമ കണ്ടത്.
"സിനിക്കെ"ന്ന തൂലികാനാമത്തിൽ അദ്ദേഹം ആദ്യമെഴുതിയ സിനിമാ നിരൂപണം "മാതൃഭൂമി" ആഴ്ചപ്പതിപ്പിൽ പ്രസിദ്ധം ചെയ്തത് 1950 ഒക്ടോബർ 3 ലക്കത്തിൽ ആയിരുന്നു."മഹൽ -ഒരാസ്വാദനം" എന്നായിരുന്നു അതിന്റെ ശീർഷകം. സിനിമയുടെ നന്മക്കും മേന്മക്കും വേണ്ടി അൻപതിൽ ചലിപ്പിക്കാൻ തുടങ്ങിയ ആ തൂലിക മരിക്കുന്നതിനു രണ്ടു ദിവസം മുൻപ് വരെ ഊർജസ്വലമായി ചലിക്കുക തന്നെയായിരുന്നു. മലയാള സിനിമയെക്കുറിച്ച് വിമർശനം എഴുതി തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ തൂലിക കൂടുതൽ മൂർച്ചയുള്ളതായി മാറി. അതിശയോക്തിയും ആഭാസീകരണവും തുടങ്ങി ബോക്സോഫീസ് ഘടകങ്ങളുടെ രൂപത്തിൽ കഥയുടെ കെട്ടുറപ്പ് തകർത്തു കളയുന്ന അസംബന്ധങ്ങളെ മുഖം നോക്കാതെ തുറന്നടിക്കാനുള്ള ഉശിരും സത്യസന്ധതയും അദ്ദേഹം ഓരോ നിരൂപണത്തിലും പ്രകടമാക്കിയിരുന്നു. തന്മൂലം സുഹൃത്തുക്കളേക്കാളേറെ ശത്രുകളെ സമ്പാദിച്ചു .
1962 -ൽ "പാലാട്ടു കോമൻ "എന്ന കുഞ്ചാക്കോ ചിത്രം വിമർശിച്ചതിന്റെ പേരിൽ സിനിക്കിന് കോടതി കയറേണ്ട ഗതികേടും വരുകയുണ്ടായി. തന്റെ സർക്കാരുദ്യോഗത്തിനു പോലും അപകടം സംഭവിക്കാവുന്ന കാര്യം. കേരള ചരിത്രത്തിൽ ഇത്തരത്തിലുള്ള ആദ്യ സംഭവം. ചങ്ങനാശ്ശേരി കോടതിയിൽ ഫയൽ ചെയ്ത കേസ് പിന്നീട് പിൻവലിക്കപ്പെട്ടു . കുഞ്ചാക്കോവിന്റെ പേരിൽ മലയാള സിനിമയുടെ ഉൽക്കർഷത്തിനു വേണ്ടി സേവനമനുഷ്ടിച്ചവർക്കായ് നീക്കി വച്ച അവാർഡ് 1977-ൽ നൽകപ്പെട്ടത് സിനിക്കിനായിരുന്നുവത്രേ! " അസാധാരണമായ അവാർഡ് " എന്ന തലക്കെട്ടിൽ മനോരമ ആഴ്ച്ചപ്പതിപ്പിൽ അന്നതിന്റെ പത്രാധിപരായിരുന്ന ഉറൂബ് ഒരു മുഖലേഖനവും കുറിച്ചിട്ടു.
ഒരായിരം പടങ്ങൾ നിരൂപണം ചെയ്തിട്ടുണ്ടദ്ദേഹം. ചലച്ചിത്ര നിരൂപണം വെറും ഗോസിപ്പുകളിലും താരങ്ങളുടെ അപദാനങ്ങളിലും അപവാദകഥകളിലും തങ്ങി നിന്നിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം സിനി ക്രിട്ടിക്ക് എന്നർത്ഥം വരുന്ന "സിനിക്കെ"ന്ന തൂലികാനാമത്തിലൊതുങ്ങി നിന്നുകൊണ്ട് ചലച്ചിത്ര നിരൂപണം തുടങ്ങിയത്. സിനിക്കിന്റെ രണ്ടു ഭാഗങ്ങളുള്ള നിരൂപണ സമാഹാരമായ "മലയാള സിനിമ" (1967) യ്ക്കെഴുതിയ അവതാരികയിൽ എൻ.വി.കൃഷ്ണവാര്യർ പറഞ്ഞത് പോലെ മൂല്യനിർധാരണത്തിൽ ചിലപ്പോൾ അദ്ദേഹവുമായി വിയോജിക്കേണ്ടി വന്നേക്കാം. എന്നാൽ പക വച്ച് ആരെയെങ്കിലും താഴ്ത്തുകയോ ലാഭം മുന്നിൽ കണ്ട് ആരെയെങ്കിലും പുകഴ്ത്തുകയോ ഏതെങ്കിലും പടത്തിൽ ഇല്ലാത്ത തിന്മ കാണുകയോ ഉള്ള നന്മ കാണാതിരിക്കുകയോ അദ്ദേഹം ചെയ്തിട്ടുള്ളതായി ആർക്കെങ്കിലും പറയാൻ കഴിയുമെന്നു തോന്നുന്നില്ല.
കഥയെഴുതിവെക്കലാണ് അദ്ദേഹത്തിന്റെ നിരൂപണമെന്നൊരു ആക്ഷേപം ഉയർന്നിട്ടുണ്ട്. പക്ഷെ സിനിമ കാണാത്ത അസംഖ്യം പേർക്ക് അദ്ദേഹത്തിന്റെ സമ്പൂർണ്ണ നിരൂപണം ഒരനുഗ്രഹമായിരുന്നു എന്നത് വാസ്തവം. വെള്ളിത്തിരയുടെ പകിട്ട് കണ്ടു പകച്ച ഇവിടത്തെ ആൾക്കൂട്ടത്തെ കൈപിടിച്ച് അധികമധികം ഇരുട്ടിലേക്കിറക്കി അതിനെ ചൂഷണം ചെയ്യുന്ന സ്വാർത്ഥമതികൾക്കെതിരായി തന്റെ തൂലിക ഉയർത്തിയതാണ് സിനിക്ക് ഇന്നാട്ടിലെ കാണികൾക്കും സിനിമക്കും ചെയ്ത സ്മരണീയ സേവനം .
രണ്ടു തവണ സ്റ്റേറ്റ് ഫിലിം അവാർഡ് കമ്മറ്റിയിൽ (1971,1981) അംഗമായിരുന്ന അദ്ദേഹം "ചലച്ചിത്രചിന്തകൾ "(1959) "സിനിമ- വൈരൂപ്യവും സൗന്ദര്യവും" (1973), "വാടാമലരുകൾ" (1973) "ഫിലിം ഗാലറി" (1969) "കാഴ്ചപ്പാടുകൾ" ( 1981) എന്നിങ്ങനെ അഞ്ചു ചലച്ചിത്ര പുസ്തകങ്ങൾ കൂടി രചിച്ചിട്ടുണ്ട്-ലേഖന സമാഹാരങ്ങളും നിരൂപണ സമാഹാരങ്ങളും ഇതിൽ പെടും.
മാതൃഭൂമി സിനിമ റിവ്യൂ എന്ന സ്വൈരക്കേട് നിർത്തിയപ്പോൾ അദ്ദേഹം എഴുത്ത് നിർത്തിയില്ല.അത് "ചന്ദ്രിക" ആഴ്ചപ്പതിപ്പിലും "ഹിന്ദു" ദിനപ്പത്രത്തിന്റെ പത്താം പേജിലും "ഗൾഫ് വോയ്സി"ലും "കലാലയ"ത്തിലും മറ്റുമായി ഇംഗ്ലീഷിലും മലയാളത്തിലും ഒരു പോലെ പടരുകയും പരക്കുകയുമാണുണ്ടായത്.എസ്.കെ.പൊറ്റക്കാട്ടിന്റെ രണ്ടു കഥകൾ വിവർത്തനം ചെയ്ത് "കാരവാനിൽ പ്രസിദ്ധീകരിച്ചു.മലയാള സിനിമയിലെ ലൈംഗിക അതിപ്രസരത്തെ കുറിച്ച് "ഫിലിം ഫെയറി"ലും എഴുതി
1982 ഡിസംബർ 21 ന് 63 ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു. പത്നി കോഴപ്പള്ളി ലീല.മക്കൾ അരുണ്‍ കുമാർ ,ശ്യാം മനോഹർ,സുധാബിന്ദു, രാധിക.ഏറ്റവും ഒടുവിൽ എഴുതിയ സിനിമാ നിരൂപണങ്ങൾ "സിന്ദൂരസന്ധ്യക്ക് മൗന"വും "ലയ" വും(1982) ആയിരുന്നു.
വിവരങ്ങൾക്ക് അവലംബം :
1.ചലച്ചിത്ര ജാലകം- കോഴിക്കോടൻ (1985)
2.നിഴലുകൾ പൊയ്മുഖങ്ങൾ- സിനിക്ക് (1966)
3. വാണക്കുറ്റിയുടെ കുറിപ്പുകൾ ( 1969)
പ്രമോദ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്