സി ആർ ചന്ദ്രൻ
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള പുൽപ്പള്ളിയിൽ ജനിച്ചു. ജനപ്രിയ ആഴ്ചപതിപ്പുകൾക്ക് വേണ്ടി നോവലുകൾ എഴുതിക്കൊണ്ടാണ് സി ആർ ചന്ദ്രൻ അറിയപ്പെട്ടു തുടങ്ങിയത്. മംഗളം അവാർഡ് നേടിയ പൂക്കാത്ത വസന്തം ആണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ. സി ആർ ചന്ദ്രന്റെ രണ്ടാമത്തെ നോവലായ മിശ്രവിവാഹം സഹോദരൻ അയ്യപ്പൻ അവാർഡ് നേടിയിരുന്നു.
ഏഴ് സിനിമകൾക്ക് സി ആർ ചന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിട്ടുണ്ട്.പൂനിലാവ്, വി ഐ പി, നല്ല പാട്ടുകാരേ എന്നിവ അവയിൽ ചില സിനിമകളാണ്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്. സ്ത്രീ, മിന്നുകെട്ട്, ചിറ്റ, മഴയറിയാതെ, അഭിനയേത്രി, അഗ്നിപുത്രി, ശ്രീരാമൻ-ശ്രീദേവി, ഭാഗ്യദേവത, സീതാലക്ഷ്മി, സ്നേഹാഞ്ജലി... തുടങ്ങി ഇരുപതിലധികം ജനപ്രിയ സീരിയലുകളുടെ രചന നിർവ്വഹിച്ചു.
ശാന്താദേവി പുരസ്ക്കാരം, കാഴ്ച അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. സി ആർ ചന്ദ്രന്റെ ഭാര്യ സെയ്ഫുന്നീസ. രണ്ടു മക്കൾ അമ്പിളി ചന്ദ്ര, അനു ചന്ദ്ര. മകൾ അനു ചന്ദ്ര എഴുത്തുകാരിയും, തിരക്കഥാകൃത്തും, സിനിമാ നിരുപകയുമാണ്. അമ്പിളി ചന്ദ്ര നേഴ്സായി സേവനമനുഷ്ഠിക്കുന്നു. 2015 സെപ്റ്റംബർ 13 ന് സി ആർ ചന്ദ്രൻ അന്തരിച്ചു.