ചവറ പാറുക്കുട്ടി

Chavara Parukkutty

കൊല്ലം ജില്ലയിലെ ചവറയിൽ എൻ. ശങ്കരൻ ആചാരിയുടെയും നാണിയമ്മയുടെയും മകളായി ജനിച്ചു. കാമൻകുളങ്ങര എൽ.പി സ്കൂളിലും ചവറ ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പാറുക്കുട്ടി തുടർന്ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ചിരുന്ന പാറുക്കുട്ടി കോളേജ് പഠനകാലത്താണ് കഥകളിയിലേക്ക് ആകർഷിക്കപ്പെട്ടത്. മുതുപിലാക്കാട് ഗോപാലപ്പണിക്കരാശാന്റെ ശിക്ഷണത്തിൽ പഠനം ആരംഭിച്ച അവർ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ പൂതനാമോക്ഷത്തിലെ ലളിതയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് പ്രശസ്ത കലാകാരനായ മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ കീഴിൽ അഭ്യസനം തുടർന്നത് അവരുടെ കലാജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. മാങ്കുളത്തിന്റെ വത്സലശിഷ്യയായി മാറിയ പാറുക്കുട്ടി അദ്ദേഹത്തോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വേഷങ്ങൾ അവതരിപ്പിച്ചു.

സ്ത്രീവേഷങ്ങളിലായിരുന്നു പാറുക്കുട്ടി ഏറെ തിളങ്ങിയതെങ്കിലും കഥകളിയിലെ ചുവന്ന താടി ഒഴികെ മിക്ക വേഷങ്ങളും അവർ അനായാസം കൈകാര്യം ചെയ്യുമായിരുന്നു. കൂടാതെ ദേവയാനി, ദമയന്തി, ഉർവ്വശി, കുന്തി, ലളിത തുടങ്ങിയ വേഷങ്ങൾ അവരിൽ സുരക്ഷിതമായിരുന്നു. ഇതിൽ ദേവയാനിയായിരുന്നു അവർക്ക് ഏറ്റവും പ്രിയപ്പെട്ട വേഷം. അരനൂറ്റാണ്ടിലധികം കാലം നീണ്ടുനിന്ന കലാജീവിതത്തിനിടയിൽ ഗുരു ചെങ്ങന്നൂർ രാമൻപിള്ള, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി തുടങ്ങി കഥകളിയിലെ അതികായന്മാർക്കൊപ്പം അവർ അരങ്ങു പങ്കിട്ടു. 2015 -ൽ ആന്റീവൈറസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രാഭിനയ രംഗത്തും ചവറ പാറുക്കുട്ടി തന്റെ സാന്നിധ്യം അറിയിച്ചു.

കലാപ്രവർത്തനങ്ങൾക്കായി കേരള കലാമണ്ഡലം അവാർഡ് (2003), സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം (2005), കൊട്ടാരക്കര തമ്പുരാൻ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ പാറുക്കുട്ടിയ്ക്ക് ലഭിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയിൽ പാറുക്കുട്ടി അന്തരിച്ചു. കലാമണ്ഡലം ധന്യ എസ് കുമാർ മകളാണ്.