ജന്മദേശമേ കേരളമേ-വരുന്നു ഞാൻ

15. ജനൊവ
(1952 നവംമ്പർ)

ഒൻപതു പാട്ടുകളുണ്ടിതിൽ, രണ്ടെണ്ണം രാമസ്വാമിജിയും ബാക്കി പീതാംബരനും എഴുതിയതായി. ഗാനങ്ങൽ മെച്ചപ്പെട്ടവയല്ലെങ്കിലും തരക്കേടില്ലെന്നു പറയാം. പുതിയ ഗാനരചയിതാവായ പീതാംബരൻ തന്റെ പ്രവൃത്തിയെക്കുറിച്ച് തൽക്കാലം പരിഭ്രമിക്കേണ്ട ആവശ്യമില്ല. പാട്ടുകൾ മിക്കതും അനവസരങ്ങളെങ്കിലും പി. ലീലയും എ. എം. രാജയും പാടുന്ന ഈ പാട്ടുകൾ നമ്മെ വെറുപ്പിക്കുന്നെന്ന് പറഞ്ഞുകൂടാ. നൃത്തങ്ങൾ എന്നു പറയുന്ന ചിലവ രണ്ടുമൂന്നു തരത്തിലായി ഉമാസഹോദരികളുടെ മേൽനോട്ടത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ നൃത്തങ്ങൾ നിർജ്ജീവങ്ങളാവുകയെന്നതു പതിവായിക്കഴിഞ്ഞിരിക്കുന്ന ഇന്ന് അവ നിരുപദ്രങ്ങളാണല്ലൊ എന്നു സമാധാനിക്കുക.
(ജനോവയിലെ നായകൻ എം. ജി. രാമചന്ദ്രൻ ആയിരുന്നു. സഹോദരൻ എം. ജി. ചക്രപാണിയും ഈ സിനിമയിൽ ഉണ്ട്).

16. ലോകനീതി
(1953 മെയ്)

 അഭയദേവിന്റെ ഗാനങ്ങൾക്ക് അർത്ഥവും ഭംഗിയുമുണ്ട്-കഥയിൽ നിന്ന് അടർത്തി നോക്കുമ്പോൾ . ചലച്ചിത്രഗാനങ്ങൾ കഥാഗാത്രത്തിലൊട്ടി നിൽക്കണമെന്ന ശാഠ്യം ആർക്കുമില്ലല്ലൊ ഇക്കാലത്ത്. ദക്ഷിണാമൂർത്തിയുടെ കർണ്ണാടകവഴിയ്ക്കുള്ള സംഗീതസംവിധാനവും കൊള്ളാം. ‘കണ്ണാ നീയുറങ്ങ്” എന്ന താരാട്ടാണ് (ഭാസി പാടുന്നത്) ഏറ്റവും ശ്രുതിമധുരമായ ഗാനം.

17. ആശാദീപം
(1953 ഒക്റ്റോബർ)

പത്തുപാട്ടാണ് ‘ആശാദീപ’ത്തിൽ. അതിൽ രണ്ടെണ്ണം പശ്ചാത്തലഗാനങ്ങളാണ്. അവ അത്യന്താപേക്ഷിതമാണെന്ന പക്ഷക്കാരനല്ല ഞാൻ.  ഗാനങ്ങളുടെ സഹായം തേടാതെ തന്നെ പശ്ചാത്തലസംഗീതം കൊണ്ടു വികാരങ്ങൾക്കു മൂർച്ച കൂട്ടാൻ സാധിക്കുമായിരുന്ന രംഗങ്ങളായിരുന്നു അവയെന്നു സാരം. അപ്പോളെ, പോസ്റ്റ്മാസ്റ്റരുടെ മകൾ സരളയ്ക്ക് ഗ്രാമദർശനമാത്രയിൽ ഒരു ഹാലിലകി ‘സ്നേഹത്തിൻ നിലയമായ ഗ്രാമത്തിൻ ഹൃദയത്തെ’ക്കുറിച്ചു പ്രകീർത്തിക്കാൻ തോന്നിയതും വേണ്ടിയിരുന്നില്ല. എന്നാൽ, ഇതിനൊന്നും ഗാനരചയിതാവ് ഉത്തരവാദിയല്ലല്ലൊ. ഭാസ്കരൻ എഴുതിയ ഇതിലെ ഗാങ്ങൾക്കു ഒരു ചന്തമൊക്കെയുണ്ട്. “ജനനീ ജയിക്ക നീണാൾ മലയാളമേ” എന്ന ഗാനം ഇനിയും നീളുമായിരുന്നു. മലയാളത്തെ പ്രകീർത്തിച്ചതു മതിയായില്ലെന്നൊരു തോന്നൽകൊണ്ടു പറയുന്നതാണ്. ലീലയും വസന്തകുമാരിയും കൂടിയാണ് അതു പാടിയതെന്നു തോന്നുന്നു. ‘ആശാദീപ’ത്തിലെ സാഹിത്യസമ്പുഷ്ടമെന്ന പോലെ ശ്രവണമധുരമായ പാട്ട് അതാണ്. ദക്ഷിണാമൂർത്തിയുടെ വലിയ തരക്കേടില്ലാത്ത സംഗീതസംവിധാനത്തിൽ”കണ്മണി വാവാവോ പൊന്മകനേ’ എന്ന ഗാനത്തിനു “ധീരേ സേ ആജാ” എന്ന പ്രസിദ്ധഗാനത്തിന്റെ ട്യൂണും സംഗീതവും കടം വാങ്ങിയത് ഒരു ന്യൂനതയായിത്തന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു. വീശീ പൊൻ വല” എന്ന കോറസ്സോടൊപ്പം പത്മിനിയും കൂട്ടുകാരും ആ ഭംഗിയുള്ള ഡാൻസുകാണാൻ കൌതുകമുണ്ട്. മറ്റുസന്ദർഭങ്ങളിൽ പത്മിനിയും ഗിരിജയും ചെയ്ത ശ്രമങ്ങൾക്കു നൃത്തമെന്ന പേർ വിളിച്ചേ തീരൂ എന്നില്ല.

18. മനസ്സാക്ഷി
(1954 സെപ്റ്റംബർ)

അഭയദേവിന്റെ ഗാനങ്ങൾ മിക്കതും തരക്കേടില്ല. തരതമബുദ്ധ്യാ പറയുകയാണെങ്കിൽ ഈ ചിത്രത്തിലെ കൊള്ളാവുന്ന ചുരുക്കം ചില ഇനങ്ങളിലൊന്നാണ് ഇതിലെ സംഗീതം. വർമ്മയും വേണുഗാനവും ഗജലക്ഷ്മിയും എല്ലാം പാടിയതു കൊള്ളാം.

19.പുത്രധർമ്മം
(1954 ഒക്റ്റോബർ)

അഭയദേവിന്റെ ഗാനങ്ങളെന്നപോലെ ദിവാകറിന്റെ സംഗീതസംവിധാനവും പിന്നണിക്കാരുടെ പാട്ടുകളും തരക്കേടില്ലെന്നു പറയാം.

20.അവൻ വരുന്നു
(1954 ഒക്റ്റോബർ)
അഭയദേവ് എഴുതിയതു പത്തു പാട്ടാണ്. അവ പാടിയതു രാജാ, ലീല രേവമ്മ തുടങ്ങിയവരത്രേ. സംഗീതസംവിധാനം ദക്ഷിണാമൂർത്തിയുടേതാണ്. ഇതിന്റെയൊക്കെ ആകെത്തുകയിൽനിന്നു സ്മരണയിൽ തങ്ങിനിൽക്കത്തക്ക ഒരു ശ്രേഷ്ഠഗാനമെങ്കിലും എടുത്തുപറയാൻ കാണുന്നില്ല.

  (ഇതിലെ “വരുന്നു ഞാൻ വരുന്നു ഞാൻ ജന്മദേശമേ കേരളമേ-വരുന്നു ഞാൻ” പോപുലർ ആയി, പ്രത്യേകിച്ചും കേരളത്തിനു വെളിയിൽ പോയവർക്കു പാടാൻ കിട്ടിയ ആദ്യത്തെ പാട്ട്.  എൽ. പി. ആർ. വർമ്മയും എ. എം. രാജയും കൂടെ മത്സരിച്ചു പാടിയ “അവൻ വരുന്നൂ അവൻ വരുന്നൂ അവൻ വരുന്നൂ’ ഉം  അക്കാലത്ത് ഹിറ്റായിരുന്നു. “അൻപുതൻ പൊന്നമ്പലത്തിൽ പോക നാം“- എ. എം. രാജാ, രേവമ്മ-യും പുതുമയുള്ള ഡ്യൂവറ്റ് എന്ന നിലയിൽ സ്വീകരിക്കപ്പെട്ടു).