ആവണിചന്ദ്രിക - രാജീവ് കോടമ്പള്ളി

ആവണിചന്ദ്രിക പൂക്കളമെഴുതിയ

ആവണിചന്ദ്രിക പൂക്കളമെഴുതിയ
പൂമണി മുറ്റത്ത് വന്നില്ല നീ
ഓണക്കിളികളും ഓർമ്മകളും നിന്നെ
കാണുവാൻ മോഹിച്ചു കാത്തിരുന്നു
വെറുതേ...ഓർത്തിരുന്നു..
ആത്മാവിൻ ഊഞ്ഞാലിൽ ചേർന്നിരുന്നു  (2)
(ആവണി ചന്ദ്രിക )

അമ്മയൊരുക്കിയ തുമ്പപ്പൂച്ചോറുണ്ണാൻ
ഉമ്മറക്കോലായിൽ വന്നില്ല നീ
കണ്ണുനീർ വറ്റാ മിഴികളുമായ് നിന്നെ
കാതരമാരോ കാത്തിരുന്നു..
വെറുതേ...ഓർത്തിരുന്നു..
ആത്മാവിൻ ഊഞ്ഞാലിൽ ചേർന്നിരുന്നു (2)
(ആവണി ചന്ദ്രിക )

പാടവരമ്പത്തെ ഓമനത്തുമ്പികൾ
പാടിയ പാട്ടൊന്നു കേട്ടില്ല നീ..
കൈകോർത്ത് പൂതേടിപ്പോയ വഴികളും
കൈ കൊട്ടിപ്പാട്ടും മറന്നില്ലേ നീ..
ദൂരേ മറഞ്ഞില്ലേ നീ...
പൊന്നോണം വന്നതറിഞ്ഞില്ല നീ (2)
(ആവണി ചന്ദ്രിക )