രഞ്ജിത്ത് ബാലകൃഷ്ണൻ

Ranjith Balakrishnan
Date of Birth: 
Saturday, 5 September, 1964
രഞ്ജിത്ത്
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 21
കഥ: 44
സംഭാഷണം: 44
തിരക്കഥ: 44

ബോക്സോഫീസ് റെകോര്‍ഡുകള്‍ തിരുത്തിക്കുറിച്ച മാസ്സ് ചിത്രങ്ങള്‍, ഹാസ്യ ചിത്രങ്ങള്‍, കുടുംബ ചിത്രങ്ങള്‍ - അങ്ങനെ വിവിധ തരം സിനിമകളുടെ ഭാഗമായി മലയാള വാണിജ്യസിനിമയിലെ കരുത്തുറ്റ സാന്നിധ്യം ആണ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്.

ആകാശവാണിയിലെ ആർട്ടിസ്റ്റായിരുന്ന കരുമല ബാലകൃഷ്ണന്റെയും പത്മാവതി അമ്മയുടേയും മകനായി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ 1964 സെപ്തംബര്‍ 5ന് ജനനം. 1985 ൽ തൃശ്ശൂര്‍ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം കരസ്ഥമാക്കി. 1987ല്‍ സുഹൃത്ത് അലക്സ് ഐ കടവിലിന്റെ നിര്‍മ്മാണത്തില്‍ വി ആര്‍ ഗോപിനാഥ് തിരകഥ എഴുതി സംവിധാനം ചെയ്ത ഒരു മെയ്മാസ പുലരിയില്‍ എന്ന ചിത്രത്തിന്‍റെ കഥ എഴുതിക്കൊണ്ടാണ് രഞ്ജിത്തിന്റെ സിനിമാ പ്രവേശം. തൊട്ടടുത്ത വർഷം രഞ്ജിത്തിന്‍റെ കഥയില്‍ വികസിപ്പിക്കപെട്ട കമലിന്റെ മോഹന്‍ലാല്‍ ചിത്രം ഓര്‍ക്കാപ്പുറത്ത് ജനം സ്വീകരിച്ചതോടെ അവസരങ്ങള്‍ കൂടുതലായി ലഭിച്ചു തുടങ്ങി. കമലിന്‍റെ സംവിധാനത്തില്‍ വന്ന പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് ആദ്യമായി തിരകഥാകൃത്തിന്‍റെ കുപ്പായമണിഞ്ഞു. തുടന്ന് വന്‍ താരനിര ഇല്ലാതെ നിര്‍മ്മിക്കപ്പെട്ട ഏതാനും ചെറു കുടുംബ - ഹാസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ രഞ്ജിത്ത് സ്ഥാനമുറപ്പിച്ചു.

1992ല്‍ ജയരാജിന്റെ സംവിധാനത്തില്‍ പിറന്ന ജോണിവാക്കര്‍ എന്ന സിനിമയിലൂടെ രഞ്ജിത്ത് എന്ന രചയിതാവ്  എന്ന തലമുയർത്തി. തൊട്ടുപുറകെ ഐ വി ശശിയുടെ സംവിധാനത്തില്‍ വന്ന ദേവാസുരം വന്‍ ഹിറ്റ് ആയതോടെ രഞ്ജിത്ത് വലിയ ചിത്രങ്ങള്‍ക്ക് പ്രാപ്തന്‍ എന്ന് തെളിയിച്ചു. ഒപ്പം ഇറങ്ങിയ സിബി മലയിലിന്റെ മായാമയൂരം വഴി കാമ്പുള്ള കുടുംബചിത്രവും തന്റെ തൂലികയില്‍ വിരിയുമെന്ന് തെളിയിച്ചു.

1994ല്‍ രുദ്രാക്ഷം എന്ന സിനിമയിലൂടെ ഷാജി കൈലാസുമായി ആദ്യമായി ഒന്നിച്ച രഞ്ജിത്ത് ഈ കൂട്ടുകെട്ടില്‍ 1997ല്‍ ആറാം തമ്പുരാന്‍, 2000ല്‍ നരസിംഹം എന്നീ ചിത്രങ്ങളിലൂടെ മാസ്സ് സിനിമകള്‍ക്ക്‌ ഒരു ബെഞ്ച്‌മാര്‍ക്ക് തീര്‍ക്കുകയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിയ്ക്കുകയും ചെയ്തു. മറ്റ് സംവിധായകരുടെ കൂടെയും ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ ചെയ്യുന്നതിനിടെ സമ്മര്‍ ഇന്‍ ബെത്ലഹേം, കൈക്കുടന്ന നിലാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നിലെ ഫീല്‍ ഗുഡ് സിനിമകളുടെ രചയിതാവിനെയും കാണിച്ചു തന്നിരുന്നു..

ദേവാസുരത്തിന്റെ രണ്ടാം ഭാഗം ആയി ഇറങ്ങിയ രാവണപ്രഭുവിലൂടെ ആദ്യമായി സംവിധായകന്‍ ആയി രഞ്ജിത്ത് മാറി. മാസ്സ് ചേരുവകള്‍ ചേര്‍ത്ത് പുറത്തിറങ്ങിയ പടം സൂപ്പര്‍ ഹിറ്റ് ആയതോടെ തുടര്‍ന്നും അത്തരം പടങ്ങള്‍ ആണ് പ്രതീക്ഷിക്കപെട്ടത്‌ എങ്കിലും നവ്യാ നായര്‍, പ്രിത്വിരാജ് എന്നീ പുതുമുഖങ്ങളെ അണിനിരത്തി നന്ദനം, കാവ്യാ മാധവന്‍, ദിലീപ്, ഇന്ദ്രജിത്ത് എന്നിവരെ വെച്ച് മിഴിരണ്ടിലും എന്നീ കുടുംബചിത്രങ്ങള്‍ ആണ് പിന്നീട് ചെയ്തത്. രണ്ടായിരങ്ങളുടെ രണ്ടാം പാതിയ്ക്ക് ശേഷം കൈയ്യൊപ്പ്, തിരക്കഥ, പാലേരിമാണിക്ക്യം - ഒരു പാതിരാകൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പീ, സ്പിരിറ്റ്, ഞാന്‍ തുടങ്ങിയ സിനിമകളിലൂടെ തന്റെ ഗ്രേഡ് ഉയര്‍ത്തി മലയാളത്തിലെ മുൻനിര സംവിധായകരുടെ നിരയിലേക്ക് രഞ്ജിത്ത് വളര്‍ന്നു.

അഭിനേതാവായി ചെറുതും വലുതുമായ കുറച്ചു വേഷങ്ങള്‍ ചെയ്ത രഞ്ജിത്തിന്റെ ഗുല്‍മോഹറിലെ നായകവേഷവും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ വേഷവും എടുത്തുപറയേണ്ടവ ആണ്. തന്‍റെ ഘനഗംഭീരമായ ശബ്ദത്തിലൂടെ പല സിനിമകളിലും ആഖ്യാതാവായും വരുന്നുണ്ട് രഞ്ജിത്ത്. 1999ല്‍ ഇറങ്ങിയ ഉസ്താദ് മുതൽ മലയാളത്തിൽ ഏറെ ഹിറ്റായ അയ്യപ്പനും കോശിയും പോലെ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായും രഞ്ജിത്ത് മലയാള സിനിമയിൽ നിലകൊള്ളുന്നു.

കുടുംബം: ഭാര്യ ശ്രീജ. ഹൈക്കോടതിയിലെ അഡ്വക്കേറ്റായ രാം കുമാർ, രാധിക, രഘുനാഥ് എന്നിവർ സഹോദരങ്ങളാണ്.