ഹരികുമാർ

Harikumar - Director

രാമകൃഷ്ണ പിള്ളയുടേയും അമ്മുക്കുട്ടിയമ്മയുടേയും മകനായി കൊല്ലം ജില്ലയിലെ ഭരതന്നൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. ഭരതന്നൂർ സ്കൂളിലായിരുന്നു ഹരികുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തിരുവനന്തപുരത്ത് നിന്നും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് ചെറിയ തോതിൽ സാഹിത്യ പ്രവർത്തനങ്ങൾ നടത്തുമായിരുന്ന ഹരികുമാറിന്റെ ആദ്യ രചന മാതൃഭൂമി ആഴ്ചപതിപ്പിന്റെ ബാലപംക്തിയിലാണ് വന്നത്. എൻജിനീയറിംഗ് പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയതോടെയാണ് ഹരികുമാർ സിനിമാരംഗവുമായി ബന്ധപ്പെടുന്നത്. വിദ്യാഭ്യാസത്തിനുശേഷം അസിസ്റ്റന്റ് എഞ്ചിനീയറായി കൊല്ലത്ത്  ജോലി ലഭിച്ചു. നാഷനല്‍ ഫിലിം സൊസൈറ്റി തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഹരികുമാർ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നു. മൃണാള്‍സെന്‍, കുമാര്‍ സാഹ്നി എന്നിങ്ങനെ ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള ചലച്ചിത്രകാരന്‍മാരുടെ രചനകളുമായി പരിചയിക്കാന്‍ അങ്ങനെ അദ്ധേഹത്തിന് അവസരം ലഭിച്ചു. 

ഹരികുമാർ സുഹൃത്തുക്കൾക്കൊപ്പം കൊല്ലത്ത് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചിരുന്നു. സിനിരമ എന്ന ചലച്ചിത്ര മാസികയിൽ ചലച്ചിത്ര നിരൂപണങ്ങൾ എഴുതിയും അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, രാമു കാര്യാട്ട്, പി.എന്‍.മേനോന്‍ അടക്കമുളള അക്കാലത്തെ വലിയ ചലച്ചിത്ര പ്രവർത്തകരുമായി അഭിമുഖങ്ങൾ നടത്തിയും ഹരികുമാർ ശ്രദ്ധേയനായി. സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമായുള്ള ബന്ധങ്ങൾ ഹരികുമാറിന് സിനിമയിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തു. പാദസരം എന്ന ചിത്രത്തിന് കഥ എഴുതിക്കൊണ്ടും തിരക്കഥാ രചനയിൽ സഹായിയായും ആ സിനിമയുടെ അസോസിയേറ്റ് ഡയറക്റ്ററായിട്ടുമായിരുന്നു അദ്ധേഹം സിനിമയിൽ തുടക്കം കുറിച്ചത്. അതിനുശേഷം ആമ്പൽപ്പൂവ് എന്ന ചിത്രത്തിലൂടെ ഹരികുമാർ സ്വതന്ത്ര സംവിധായകനായി. തുടർന്ന് ജാലകംസുകൃതംഉദ്യാനപാലകൻ, എന്നിവയുൾപ്പെടേ പതിനേഴ് സിനിമകൾ ഹരികുമാർ സംവിധാനം ചെയ്തു. ആറ് സിനിമകൾക്ക് തിരക്കഥ, സംഭാഷണം നിർവഹിച്ച ഹരികുമാർ ഒരു സിനിമയി അസിസ്റ്റന്റ് ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഹരികുമാർ സംവിധാനം ചെയ്ത ജ്വാലാമുഖി എന്ന സിനിമയുടെ കഥ എഴുതിയത് അദ്ധേഹത്തിന്റെ മകൾ ഗീതാഞ്ജലി ആയിരുന്നു. ജ്വാലാമുഖിയിൽ അസിസ്റ്റന്റ് ഡയറക്റ്ററായും ഗീതാഞ്ജലി പ്രവർത്തിച്ചിട്ടുണ്ട്.