സിബി മലയിൽ
മലയാളചലച്ചിത്ര സംവിധായകന്‍ .
1956 മെയ് 2 ന് ആലപ്പുഴ ജില്ലയിലാണ് സിബി മലയിൽ ജനിച്ചത്. കോളേജ് പഠനകാലത്ത് സിനിമകൾ കണ്ടുകണ്ട് അതിനോടുള്ള അഭിനിവേശം വര്‍ദ്ധിയ്ക്കുകയും സിനിമയെക്കുറിച്ച് കൂടുതൽ അറിയാനും അതിന്റെ പിന്നണിയില്‍ എത്തിച്ചേരണമെന്നുമുള്ള ആഗ്രഹം കലശലാവുകയും ചെയ്തു. അങ്ങനെ ആണ് സിനിമയുടെ സാങ്കേതിക പഠിക്കാൻ അന്നത്തെ ഏറ്റവും വലിയ സിനിമാ പ്രോഡക്ഷന്‍ ഹൗസായ നവോദയിൽ അദ്ദേഹം എത്തപ്പെട്ടത്. 1980 കളുടെ തുടക്കത്തിലാണ് സിനിമാമേഖലയിൽ പ്രവേശിക്കുന്നത്. ഫാസിൽ, പ്രിയദർശൻ, ജിജോ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ കീഴിൽ സഹായിയായി പ്രവർത്തിച്ചു. ശ്രീനിവാസൻ, ജഗദീഷ്, മുകേഷ് തുടങ്ങിയവരുമായുണ്ടായ സൗഹൃദത്തിൽ രൂപപ്പെട്ട, ജഗദീഷ് കഥയും, ശ്രീനിവാസൻ തിരക്കഥയും സംഭാഷണവുമൊരുക്കി 1985 ൽ പുറത്തിറങ്ങിയ മുത്താരംകുന്ന് പി ഒ. എന്ന ഹാസ്യചിത്രം സിബി മലയിലിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം ആയി.
തൊട്ടടുത്ത വർഷം ശ്രീനിവാസന്‍റെ തിരകഥയില്‍ മോഹന്‍ലാല്‍ മേനക എന്നിവരെ അണിനിരത്തി ' ദൂരെ ദൂരെ ഒരു കൂട് കൂട്ടാം ' എന്ന ഹാസ്യ പശ്ചാത്തലത്തില്‍ ഒരുക്കിയ സാമൂഹികവിമര്‍ശന ചിത്രം പ്രേക്ഷകശ്രദ്ധയ്ക്ക് ഒപ്പം ആ വര്‍ഷത്തെ മികച്ച സാമൂഹികക്ഷേമ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം കൂടി നേടിയോടെ സിബി മലയില്‍ എന്ന സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
1987ല്‍ തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് എന്ന തിരകഥാകൃത്തിനെ സിനിമയില്‍ അവതരിപ്പിച്ചത് സിബി മലയില്‍ ആയിരുന്നു. സിബി മലയിൽ എന്ന സംവിധായകനെ അടയാളപ്പെടുത്തിയ തനിയാവര്‍ത്തനം ഒരു വലിയ കൂട്ടുകെട്ടിന്റെ തുടക്കം കൂടിയായിരുന്നു. സിബി മലയിൽ ദൃശ്യഭാഷ്യം ഒരുക്കിയ തിരക്കഥകൾ കൂടുതലും ലോഹിതദാസിന്റേതായിരുന്നു. ലോഹിതദാസ് - സിബിമലയിൽ കൂട്ടുകെട്ട് മലയാളസിനിമയ്ക്കു സമ്മാനിച്ചത് ക്ലാസിക്ക് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരുപിടി മികച്ച ചലച്ചിത്ര കാവ്യങ്ങളാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ഭരതം, ചെങ്കോല്‍ തുടങ്ങി പതിന്നാലു ചിത്രങ്ങൾ സിബി മലയിൽ സംവിധാനം ചെയ്തു.
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി സംവിധാനം ചെയ്ത 'സദയം' മലയാളത്തിലെ ഒരു മികച്ച സൈക്കോ ഡ്രാമ മൂവിയാണ്. രഞ്ജിത്ത്, രഘുനാഥ് പലേരി, ജോണ്‍ പോള്‍, ഡെന്നിസ് ജോസഫ്, ടി എ റസാഖ്, പ്രിയദര്‍ശന്‍, എസ് എന്‍ സ്വാമി, ബോബി സഞ്ജയ് എന്നിവരാണ് സിബി മലയിലിന് വേണ്ടി തിരകഥ ഒരുക്കിയ മറ്റ് ചിലര്‍.
മികച്ച ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു സിബി മലയില്‍ ചിത്രങ്ങള്‍. പ്രേക്ഷകപ്രീതി ലഭിച്ച ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ ജോൺസൺ, രവീന്ദ്രൻ, വിദ്യാസാഗർ, മോഹന്‍ സിത്താര എന്നീ സംഗീതസംവിധായകർ സിബി മലയിലിന്റെ സിനിമകൾക്കു നൽകി.
എന്റെ വീട് അപ്പൂന്റേം എന്ന സിനിമയ്ക്ക് 2003ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്ക്കാരം സിബി മലയിൽ നേടിയിട്ടുണ്ട്. നാൽപ്പത്തഞ്ചോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
സിബി മലയിലിന്റെ ഭാര്യ ബാല. രണ്ടു മക്കൾ സേബ മലയിൽ, ജോ മലയിൽ. ജോ സിബിമലയിൽ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമാരംഗത്തെത്തി.