വിധു വിൻസന്റ്

Vidhu Vincent

കൊല്ലം ജില്ലയിലെ പട്ടത്താനത്ത് ജനിച്ചു. വിമല ഹൃദയ സ്കൂൾ, എസ്. എൻ. വിമൻസ് കൊളേജ്, യൂണിവേർസിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ജേർണലിസം പഠനം പൂർത്തിയാക്കി ഏഷ്യാനെറ്റിൽ റിപ്പോർട്ടറായി ചേർന്നു. മുത്തങ്ങ സംഭവം ഏഷ്യാനെറ്റിനു വേണ്ടി റിപ്പോർട്ട് ചെയ്ത വിധു പിന്നീട് ജോലി രാജി വച്ച് മുത്തങ്ങയിലെ മനുഷ്യരോടൊപ്പം അവരുടെ സമരങ്ങളിൽ പങ്കെടുത്തു. 2010 ൽ പെൺകൂട്ട് എന്ന വനിതാ സംഘടനയ്ക്കു വേണ്ടി പ്രവർത്തിച്ച വിധു പിന്നീട് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ WCC ആരംഭിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

2015 ൽ മീഡിയാ വൺ എന്ന ചാനലിനു വേണ്ടി 'നാടകാന്ത്യം' എന്ന ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് വിധു ആദ്യമായി സംവിധായ മേലങ്കി അണിയുന്നത്. ആ ടെലിഫിലിം കേരള സംസ്ഥാന സർക്കാരിൻ്റെ നാലു പ്രധാന ടെലിവിഷൻ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. 2014 ൽ മീഡിയ വണിനു വേണ്ടി ചെയ്ത 'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെൻ്ററി നിരൂപകശ്രദ്ധ പിടിച്ചുപറ്റി.

2016 ൽ 'മാൻഹോൾ' എന്ന സിനിമയിലൂടെ കേരള സർക്കാരിൻ്റെ മികച്ച സംവിധായകയ്ക്കും മികച്ച ചലച്ചിത്രത്തിനുമുള്ള അവാർഡുകൾ നേടി. അക്കൊല്ലം തന്നെ മികച്ച പുതുമുഖ സംവിധായകയ്ക്കുള്ള IFFK അവാർഡ് കരസ്ഥമാക്കുകയും ആദ്യ സിനിമ തന്നെ IFFK യിൽ മികച്ച സിനിമയ്ക്കുള്ള FIPRESCI അവാർഡ് നേടുകയും ചെയ്തു.