ശ്രീവിദ്യ

Sreevidya

ദക്ഷിണേന്ത്യൻ ചലച്ചിത്രനടി.  1953 ജൂലൈ 24ന് തമിഴ് ചലച്ചിത്ര രംഗത്തെ ഹാസ്യനടനായിരുന്ന ആർ കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം എൽ വസന്തകുമാരിയുടേയും മകളായി തമിഴ്‌നാട്ടിലെ മദ്രാസിൽ (ചെന്നൈ) ജനിച്ചു. ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. ശ്രീവിദ്യ ജനിച്ച് ഒരു വർഷമാകുന്നതിനു മുൻപു തന്നെ അച്ഛൻ കൃഷ്ണമൂർത്തി രോഗഗ്രസ്തനാകുകയും അഭിനയവേദിയിൽ നിന്നും മാറി നിൽക്കാൻ നിർബന്ധിതനാകുകയും ചെയ്‌തു. സാമ്പത്തികമായി ഏറെ ഉന്നതിയിലായിരുന്ന കുടുംബം പതിയെ സാമ്പത്തിക പരാധീനതകളിലേയ്ക്ക് വീണപ്പോൾ നിരവധി സംഗീതകച്ചേരികളും പ്രോഗ്രാമുകളും ഏറ്റെടുത്ത് കുടുംബത്തെ കരകയറ്റാൻ അമ്മ മുന്നിട്ടിറങ്ങി.അതിനാൽത്തന്നെ അമ്മയും അച്ഛനും അടുത്തില്ലാതിരുന്ന ഒരു ബാല്യമായിരുന്നു ശ്രീവിദ്യയുടേത്. 13-ആം വയസ്സിൽ ‘തിരുവരുൾ ചെൽ‌വർ’‍ എന്ന തമിഴ് സിനിമയിൽ ശിവാജി ഗണേശന്റെ കൂടെ ബാലതാരമായി ഒരു ചെറിയ റോളിലാണ് ശ്രീവിദ്യ ആദ്യമായി  വെള്ളിത്തിരയിലെത്തുന്നത്.1969 -ൽ പുരാണചിത്രമായ 'കുമാരസംഭവ'ത്തിൽ ഒരു നൃത്തരംഗത്തിൽ അഭിനയിച്ചുകൊണ്ട് എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവല എന്ന സിനിമയിലൂടെ ശ്രീവിദ്യ സത്യന്റെ നായികയായി. 1971 -ൽ വിൻസെന്റ് സംവിധാനം ചെയ്ത ചെണ്ട എന്ന സിനിമയിൽ നായികയായത് അവരുടെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവായി.തുടർന്ന് മലയാളസിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി ശ്രീവിദ്യ ഉയർന്നു. 

മലയാളത്തിൽ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി മാറിയ ശ്രീവിദ്യക്ക് വെറുമൊരു നായികാവേഷം എന്നതിലുപരിയായ അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു ലഭ്യമായത്. മധുവിന്റെ നായികയായിട്ടാണ് ശ്രീവിദ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത്. സത്യന്‍-ശാരദ, നസീർ-ഷീല ജോഡികൾ പോലെ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്ന ജോഡിയായിരുന്നു മധു-ശ്രീവിദ്യ ജോഡി. ചെണ്ട, തീക്കനൽ തുടങ്ങിയ ചിത്രങ്ങളിലെ മധു-ശ്രീവിദ്യ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടു. തീക്കനൽ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ അതിന്റെ നിര്‍മ്മാതാവായിരുന്ന ജോര്‍ജ്ജ് തോമസുമായി പ്രണയത്തിലായി.1979 -ൽ ഇവർ വിവാഹിതരായി.

അമ്മ എം എൽ വസന്തകുമാരിയെപ്പോലെ ഒരു പാട്ടുകാരിയും കൂടിയായിരുന്നു ശ്രീവിദ്യ. അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ, നക്ഷത്രത്താരാട്ട് തുടങ്ങിയ ചിത്രങ്ങളിൽ ശ്രീവിദ്യ പാട്ടുകൾ പാടിയിട്ടുണ്ട്. ‘ഒരു പൈങ്കിളിക്കഥയിലെ’ “ആനകൊടുത്താലും കിളിയേ എന്ന ഗാനം ശ്രീവിദ്യ ആലപിച്ച ഗാനങ്ങളിൽ വെച്ച് ഏറ്റവും ജനപ്രിയമായ ഗാനമായിരുന്നു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. 2004 -ൽ അവിചാരിതം എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ശ്രീവിദ്യക്ക് ലഭിച്ചു.

നാല് പതിറ്റാണ്ട് നീണ്ട കരിയറില്‍ 800 ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ശ്രീവിദ്യ വേഷമിട്ടു. ‘ചെണ്ട’, ‘ഉത്സവം’, ‘തീക്കനൽ’, ‘ഇടവഴിയിലെ മിണ്ടാപ്പൂച്ച’, ‘വേനലിൽ ഒരു മഴ’, ‘ആദാമിന്റെ വാരിയെല്ല്’, ‘എന്റെ സൂര്യപുത്രിക്ക്’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. ശ്രീവിദ്യ ഏറ്റവും കൂടുതൽ അഭിനയിച്ചതു് മലയാളത്തിലാണു്.

മികച്ച നടിയ്ക്കുള്ള മൂന്ന് കേരള സംസ്ഥാന അവാർഡുകൾ ശ്രീവിദ്യയെ തേടിയെത്തിയിട്ടുണ്ട്. 1979 -ൽ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1983 -ൽ ‘രചന’, 1992 -ൽ ദൈവത്തിന്റെ വികൃതികൾ എന്നീ സിനിമകളിലെ പ്രകടനങ്ങൾക്കും മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ശ്രീവിദ്യയെ തേടിയെത്തി. 1986 -ൽ ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അവാർഡ് നേടിയ ശ്രീവിദ്യ അതേ അവാർഡ് തൊട്ടടുത്ത വർഷം എന്നെന്നും കണ്ണേട്ടൻ എന്ന ചിത്രത്തിലൂടെ രണ്ടാമതും സ്വന്തമാക്കി.

കേരളത്തിനു പുറമേ തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ഗവണ്മെന്റിന്റെ കലൈമാമണി പുരസ്ക്കാരവും ലഭ്യമായി. അതിനു പുറമേ നിരവധി ചാനൽ അവാർഡുകളും ഫിലിംഫെയർ അവാർഡുകളും നേടിയിരുന്നു.

1979 -ൽ വിവാഹിതയായ ശ്രീവിദ്യ 1999-ൽ വിവാഹ മോചിതയായി. 2006 -ൽ കാൻസർ ബാധിച്ച് ശ്രീവിദ്യ അന്തരിച്ചു.