ഷീല

Sheela
Date of Birth: 
Saturday, 24 March, 1945
സംവിധാനം: 2
കഥ: 2
തിരക്കഥ: 1

അഭിനേത്രി, സംവിധായിക. 

ആന്റണി- ഗ്രേസി ദമ്പതികളുടെ മകളായി 1945 മാർച്ച 24 -ന് തൃശൂരിലെ കണിമംഗലത്താണ് ഷീലയുടെ ജനനം. ക്ലാര എന്നായിരുന്നു യഥാർത്ഥ പേര്. റെയിൽവേ ടിക്കറ്റ് എക്‌സാമിനറായിരുന്ന പിതാവിന്റെ സ്ഥലം മാറ്റം കാരണം പലയിടത്തായിട്ടായിരുന്നു ഷീലയുടെ വിദ്യാഭ്യാസം. കടുത്ത സാമ്പത്തികക്ലേശങ്ങൾ അനുഭവപ്പെട്ടിരുന്ന അവർക്ക്  പത്താം ക്ലാസിൽ വച്ചുതന്നെ വിദ്യാഭ്യാസം  ഉപേക്ഷിക്കേണ്ടതായി വന്നു.  കോയമ്പത്തൂരിലെ റെയിൽവേക്ലബ് വാർഷികത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച നാടകത്തിലെ നായികയ്ക്ക് പകരമായിട്ടാണ് ഷീല അഭിനയരംഗത്തെത്തുന്നത്. 

എസ്. എസ്.  രാജേന്ദ്രന്റെ നാടകത്തിൽ അഭിനയിക്കുന്നതിനിടെ നടി ടി.ആർ. രാജകുമാരിയുടെ സഹോദരൻ ടി.ആർ. രാമണ്ണ അവരെ  പാശം എന്ന സിനിമയിലേയ്ക്ക് ക്ഷണിച്ചു. പാശത്തിന്റെ സെറ്റിൽ വച്ച് നായകൻ  എം.ജി.ആർ അവരുടെ പേര് സരസ്വതീദേവി എന്നാക്കി മാറ്റി. യാദൃച്ഛികമായി പാശത്തിന്റെ സെറ്റിലെത്തിയ പി.ഭാസ്കരൻ മാസ്റ്റർ സരസ്വതിയെ  തന്റെ പുതിയ ചിത്രമായ ഭാഗ്യജാതകത്തിലേയ്ക്ക് നായികയായി തെരെഞ്ഞെടുത്തു. സരസ്വതിദേവിക്ക് ഷീല എന്ന് പേര് നൽകിയതും ഭാസ്കരൻ മാസ്റ്ററായിരുന്നു. ഭാഗ്യജാതകം അക്ഷരാർത്ഥത്തിൽ ഷീലയുടെ ജാതകം തന്നെ തിരുത്തിയെഴുതി. 

ഏകദേശം രണ്ട് പതിറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്  സിനിമകളിൽ നിറസാന്നിദ്ധ്യമായിരുന്നു ഷീല. ചെമ്മീൻ, കള്ളിച്ചെല്ലമ്മ, വെളുത്ത കത്രീന, വാഴ്‌വേമായം തുടങ്ങിയ സിനിമകളിലെ അഭിനയം ഷീലയെ മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രികളുടെ നിരയിലേക്ക് കൈപിടിച്ചുയർത്തി. 

ഒരു നായകനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രത്തിൽ നായികയായി അഭിനയിച്ചതിനുള്ള ഗിന്നസ് ലോക റെക്കോർഡ് ഷീലയുടെ പേരിൽ കുറിയ്ക്കപ്പെട്ടു. പ്രേംനസീറിന്റെ നായികയായി 107 ചിത്രങ്ങളിൽ ഷീല പ്രത്യക്ഷപ്പെട്ടു. നായികയായി തിളങ്ങി നിൽക്കെ തന്നെ ‘യക്ഷഗാനം’, ‘ശിഖരങ്ങൾ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഈ രണ്ട് ചിത്രങ്ങളുടെയും കഥയും തിരക്കഥയും സംഭാഷണവും ഷീല തന്നെ നിർവഹിച്ചു. പിന്നീട് നിരവധി ടെലിഫിലിമുകളും സീരിയലുകളും സംവിധാനം ചെയ്തു. മലയാളത്തിൽ പ്രേംനസീർ, സത്യൻ, മധു, ജയൻ തുടങ്ങിയവരുടെ നായികയായി തിളങ്ങിയ ഷീല തമിഴിൽ കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരോടൊപ്പവും അഭിനയിച്ചു. 

ഒരു എഴുത്തുകാരി കൂടിയായ ഷീല ‘കുയിലിന്റെ കൂട്’ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ രചിച്ചിട്ടുള്ള ഷീല ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 

തമിഴ് നടൻ രവിചന്ദ്രനായിരുന്നു അദ്യ ഭർത്താവ്. പിന്നീട് ജോർജ്ജിനെ വിവാഹം ചെയ്തു. 'ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ' എന്ന സിനിമയിൽ നായകനായ വിഷ്ണു ആണ് ഏക മകൻ. 

അവാർഡുകൾ: 

  • ഏഷ്യാനെറ്റ് ഫിലിം അവാർഡ്: 2007 ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്
  • ഫിലിംഫെയർ അവാർഡ് - 1977 ഏറ്റവും നല്ല നടി 
  • കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച നടി (1969, 1971, 1976)
  • കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച രണ്ടാമത്തെ നടി (2004‌)
  • ദേശീയ ചലച്ചിത്ര അവാർഡ് - മികച്ച രണ്ടാമത്തെ നടി (2005)