ഷാജി പട്ടിക്കര

Shaji Pattikkara

മലയാള സിനിമാ പ്രൊഡക്ഷൻ കൺട്രോളർ, അഭിനേതാവ്. 1974 ഒക്ടോബർ 23 ന് തൃശ്ശൂർ ജില്ലയിലെ പട്ടിക്കരയിൽ മുഹമ്മദിന്റെയും ഹാജിറയുടെയും മകനായി ജനിച്ചു. പട്ടിക്കര മൊയ്തു മെമ്മോറിയൽ എൽ പി സ്ക്കൂൾ, പാറന്നൂർ സെന്റ് തോമസ് യു പി സ്ക്കൂൾ, അൽ അമീൻ ഹൈസ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു ഷാജിയുടെ വിദ്യാഭ്യാസം. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഗർഷോം എന്ന സിനിമയിൽ പ്രൊഡക്ഷൻ മാനേജരായിക്കൊണ്ടാണ് സിനിമയിൽ തുടക്കമിടുന്നത്. അതിനുമുൻപ് ചില സീരിയലുകളിലും ടെലിഫിലിമുകളിലും അദ്ദേഹം വർക്ക് ചെയ്തിരുന്നു.

പ്രൊഡക്ഷൻ എക്സിക്യുട്ടീവായി മാറുന്നത് ഒറ്റനാണയം എന്ന സിനിമയിലൂടെയാണ്. നോട്ടം, പുലി ജന്മം, പ്രമുഖൻ, വാസ്തവം, വടക്കും നാഥൻ. എന്നിവയുൾപ്പെടെ കുറച്ചു ചിത്രങ്ങളിൽ വർക്കു ചെയ്തതിനുശേഷം ടി വി ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ അദ്ദേഹം പ്രൊഡക്ഷൻ കൺട്രോളറായി. വിലാപങ്ങൾക്കപ്പുറം, ഈ അടുത്ത കാലത്ത്, ആട്ടക്കഥ, ബെൻ, പച്ചമാങ്ങ എന്നീ ചിത്രങ്ങളുൽപ്പെടെ അൻപതോളം സിനിമകളിൽ ഷാജി പട്ടിക്കര പ്രൊഡക്ഷൻ എക്സിക്യുട്ടീവായി പ്രവർത്തിച്ചു. 

പച്ചമാങ്ങ എന്ന സിനിമയുടെ കഥ ഷാജി പട്ടിക്കരയുടേതാണ്. അദ്ദേഹം ആനുകാലികങ്ങളിൽ എഴുതാറുണ്ട്. എം ടി വാസുദേവൻ നായർ, ദക്ഷിണാമൂർത്തി സ്വാമികൾ, അക്കിത്തം അച്യുതൻ നമ്പൂതിരി എന്നിവരെക്കുറിച്ച് ഹരികുമാർ സംവിധാനം ചെയ്ത ഡോക്യൂമെന്റ്രികളുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു ഷാജി. സി എൻ കരുണാകരെനെക്കുറിച്ച് ടി വി ചന്ദ്രൻ സംവിധാനം ചെയ്ത ഡോക്യൂമെന്റ്രിയിലും, ഒ എൻ വി കുറുപ്പിനെക്കുറിച്ച് ആർ ശരത് സംവിധാനം ചെയ്ത ഡോക്യൂമെന്റ്രിയിലും പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിരുന്നു. ഈ അടുത്ത കാലത്ത്, ഈ നാട് ഇന്നലെ വരെ..  എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഭാര്യ : ജെഷീദ ഷാജി, മകൻ : മുഹമ്മദ് ഷാൻ. വിലാസം- ഹൈഡ് പാർക്ക് 6 സി മനോരമ ന്യൂസിന് സമീപം കോഴിക്കോട്. ഫോൺ- 9349243080, 9349343080. ഈ മെയിൽ- shajipattikkara@yahoo.com

അവാർഡുകൾ

  • ഏറ്റവും നല്ല സിനിമാ നിർമ്മാണ കാര്യദർശിയ്ക്കുള്ള ഇൻസ്പെയർ ഫിലിം പുരസ്ക്കാരം- 2010, 2011,2013.
  • സുരാസു കൾച്ചറൽ അവാർഡ് - 2010 
  • എ ടി അബു പുരസ്ക്കാരം- 2011
  • ശാന്താദേവി പുരസ്ക്കാരം - 2013
  • പ്രേം നസീർ പുരസ്ക്കാരം- 2013
  • മഹാത്മാ കലാസംസ്കൃതി പുരസ്ക്കാരം - 2013
  • മികച്ച പ്രൊഡക്ഷൻ കൺട്രോളർക്കുള്ള ജെ സി ഡാനിയേൽ  ഫിലിം വെൽഫെയർ അസോസിയേഷൻ പുരസ്ക്കാരം- 2019