സംഗീത ശ്രീകാന്ത്

Sangeetha Sreekanth
സംഗീത ശ്രീകാന്ത്
സംഗീത പ്രഭു
ആലപിച്ച ഗാനങ്ങൾ: 42

കൊച്ചി സ്വദേശിയായ സംഗീത ശ്രീകാന്ത് (സംഗീത പ്രഭു) സെന്റ് തേരാസസിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആദ്യം കർണ്ണാടിക് സംഗീത പഠനം ആർ.എൽ.വി കോളേജിലെ സരസ്വതി ടീച്ചറിനു കീഴിൽ. തുടർന്ന് തൃപ്പൂണിത്തുറ എം.എസ് ജയലക്ഷ്മിയുടെ അടുത്ത് തുടർപഠനം. ശേഷം ഇപ്പോൾ ഉസ്താദ് ഫയസ് ഖാന്റെ അടുത്ത് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നു.

ആദ്യ ചിത്രമായ ഛോട്ടാ മുംബൈയിൽ പാടാൻ അവസരമൊരുക്കിയത് സംഗീത സംവിധായകനായ രാഹുൽ രാജ് ആണ്. ‘പൂനിലാ മഴനനയും പാതിരാ കുയിലുകളേ‘ എന്ന ഗാനം വളരെ ആസ്വാദക ശ്രദ്ധ നേടിക്കൊടുത്തു. തുടർന്ന് ടൈം എന്ന ചിത്രത്തിലെ ‘ഒരു രാപ്പൂ  പുല്ലുപായയിൽ ‘ എന്ന ഗാനവും പ്രശംസ നേടി. തുടർന്ന് ഹലോ, ഭരതൻ, കളേഴ്സ്, ശുദ്ധരിൽ ശുദ്ധൻ, റ്റു ഹരിഹർ നഗർ, ചേകവർ, റേസ്, കമ്മത്ത് & കമ്മത്ത്, ശക്തി ദ പവർ, എഗൈൻ കാസർഗോഡ് കാദർഭായ്, ഒരു നുണക്കഥ, ചട്ടക്കാരി, ലവ് ഗുരു എന്നീചിത്രങ്ങളിലും പുറത്തുവരാനിരിക്കുന്ന അനേകം ചിത്രങ്ങളിലുമായി 30 ൽ പരം ഗാനങ്ങൾ ആലപിച്ച സംഗീത ശ്രുതിമധുരവും ഭാവാത്മകവുമായി ഗാനങ്ങൾ ആലപിക്കുന്ന പുതിയ തലമുറയിൽ‌പ്പെട്ട ഗായികമാരിൽ മുന്നിൽ നിൽക്കുന്നു എന്നതിനു ഹലോയിലെ ‘ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ തൂകിയോ’, ചട്ടക്കാരിയിലെ ‘ഓ മൈ ജൂലീ’ എന്നീഗാനങ്ങൾ തെളിവാണ്. ശീമാട്ടി, നിറപറ അടക്കമുള്ള അനേകം ജിംഗിൾസുകളും സംഗീതയുടേതായിട്ടുണ്ട്. ഇൻഡ്യയ്ക്കും പുറത്തുമായി അനേകം സംഗീത പരിപാടികളിലും ചാനൽ സംഗീത പ്രോഗ്രാമുകളിലും സജീവമായ സംഗീത, 1999 ൽ ശ്രേയ ഘോഷൽ വിജയിയായ സീറ്റിവി സരിഗമപ യിൽ തൊട്ടടുത്ത വർഷം ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക മെഗാഫൈനലിസ്റ്റ് കൂടിയായിരുന്നു.

പ്രിയദർശന്റെ അസോ.ഡിറക്ടറായി പ്രവർത്തിച്ചിട്ടുള്ള ചലച്ചിത്ര നിർമ്മാതാവും എറണാകുളത്തെ പ്രശസ്തമായ പരസ്യകമ്പനിയായ മീഡിയാ സ്കേപ്’ ന്റെ ഉടമയുമായ ശ്രീകാന്ത് മുരളിയാണ് ഭർത്താവ്.