സജീവ് വ്യാസ

Sajeev Vyasa
സംവിധാനം: 1
കഥ: 1
സംഭാഷണം: 1

തിരുവനന്തപുരം വേളാവൂർ സ്വദേശി സജീവ് വ്യാസ. സ്കൂൾ യുവജനോത്സവ വേദിയിലെ നാടകങ്ങളിലൂടെ കലാരംഗത്തേക്ക് പ്രവേശിച്ച സജീവ് വ്യാസ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിന് ശേഷം ഡിസെെൻ & പ്രിൻ്റ് മീഡിയയിൽ കരിയർ തുടങ്ങുകയും തുടർന്ന് ആനിമേഷൻ ഡിപ്ലോമ നേടുകയും ഫീച്ചർ ഫിലിമിൽ വിഷ്വൽ ഇഫക്ട് ആർട്ടിസ്റ്റായി കരിയർ ഉയർത്തുകയും ചെയ്തു. മുംബെെയിൽ നിന്ന് ഫാഷൻ & അഡ്വർടെെസിങ് ഷൂട്ട് തുടക്കമിട്ട സജീവ് ഫോട്ടോഗ്രാഫിയിലെ കുലപതിയായ 'മധുർ ഷറോഫി'ൻ്റെ അസിസ്റ്റൻ്റ് ഫോട്ടോഗ്രാഫറായി ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് ,പാർലെ ഫ്യുച്ചർ ഗ്രൂപ്പ്  തുടങ്ങിയവയുടെ പരസ്യ ചിത്രീകരണത്തിൽ പങ്കാളിയാട്ടുണ്ട്. ചെന്നെെ പ്രസാദ് സ്റ്റുഡിയോ,പിക്സിയോൺ, മുംബെെ മോഷൻ മേക്കേഴ്സ് എന്നീ സ്റ്റുഡിയോകളിൽ വിഷ്വൽ ഇഫക്ട്സ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള സജീവ് 30 തോളം സിനിമകൾക്ക് ഗ്രാഫിക്സ് ചെയ്തിട്ടുണ്ട്.  'യന്തിരൻ','ദശാവതാരം','പഴശ്ശിരാജ','മഗദീര','മങ്കാത്ത','ക്രിഷ്','ശിവാജി','തോടാ പ്യാർ തോടാ മജിക്','ഡൽഹി 6','കെെറ്റ്സ്' എന്നിവ അവയിൽ ചിലതുമാത്രമാണ്. 2013 ഡക്കാൻ-ലുലു ഫോട്ടോഗ്രഫി കോണ്ടസ്റ്റ് വിജയിയായ സജീവ് 'വന്താമല' എന്ന തമിഴ് ചിത്രത്തിലും 'പരസ്പരം','സ്നേഹസംഗമം' എന്നീ മലയാള പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
നിലവിൽ ഫാഷൻ ഫോട്ടോഗ്രാഫർ,ഫ്രീലാൻസ് വിഷ്വൽ ഇഫക്ട്സ് ആർട്ടിസ്റ്റ്, സിനിമാറ്റോഗ്രാഫർ, ആഡ് മേക്കർ, സെവൻഡെ മീഡിയയിൽ ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയാണ്. 'ഒന്നുമറിയാതെ' എന്ന ചലച്ചിത്രത്തിലൂടെ സജീവ് വ്യാസ സംവിധാന രംഗത്തേയ്ക്ക് കടന്നിരിക്കുകയാണ്.

Sajeev Vyasa