സജീവ് പാഴൂർ

Primary tabs

Sajeev Pazhur
സജീവ് പാഴൂർ - തിരക്കഥാകൃത്ത്
Date of Birth: 
തിങ്കൾ, 8 April, 1974
കഥ: 3
സംഭാഷണം: 5
തിരക്കഥ: 5

1974 ഏപ്രിൽ 8 -ന് പി കെ ശങ്കരൻ നായരുടെയും വിശാലാക്ഷിയമ്മയുടെയും മകനായി എറണാംകുളം ജില്ലയിലെ പാഴൂരിൽ ജനിച്ചു. പാഴൂർ ഗവണ്മെന്റ് എൽ പി സ്ക്കൂൽ, പിറവം  ഹൈസ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു  സജീവിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മണിമലക്കുന്ന് ഗവന്മെന്റ് കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദമെടുത്തു. അതിനുശഷം ജേർണലിസത്തിൽ പിജി ഡിപ്ലോമ നേടി. പഠനത്തിനുശേഷം ദേശാഭിമാനി പത്രത്തിൽ സബ് എഡിറ്ററായി ജോലിയിൽ ചേർന്നു. പത്തൊൻപത് വർഷം ദേശാഭിമാനിയിൽ ജോലിചെയ്തതിനുശേഷം അതിൽ നിന്നും റിസൈൻ ചെയ്ത് സജീവ് പിന്നീട് കേരള ഗവണ്മെന്റിന്റെ Department of Information and Public Relations -ൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി ചേർന്നു.

2003 -ൽ അഗ്നി സാക്ഷിയുടെ സഖി എന്ന ഡോക്യുമ്മെന്റ്രി  തിരക്കഥ, സംവിധാനം നിർവ്വഹിച്ചുകൊണ്ടാണ് സജീവ് പാഴൂർ തന്റെ കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്കുന്നത്. മികച്ച ഡോക്യുമെന്റ്രി ഡയറക്റ്റർക്കുള്ള 2003 -ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന്  അഗ്നിസാക്ഷിയുടെ സഖി എന്ന ഡോക്യമെന്റ്രിയിലൂടെ സജീവ് പാഴൂർ അർഹനായി. തുടർന്ന് ചൂട് എന്ന ഷോർട്ട് ഫിലിമും, സംഗീതം എം കെ അർജ്ജുനൻ എന്ന ഡോക്യുമെന്റ്രിയും സംവിധാനം ചെയ്തു. സംഗീതം എം കെ അർജ്ജുനൻ എന്ന ഡോക്യുമെന്റ്രി 2014 -ലെ മികച്ച ഡോക്യുമ്മെന്റ്രി സംവിധായകനുള്ള കേരള ടെലിവിഷൻ അവാർഡ് സജീവിന് നേടിക്കൊടുത്തു.

പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിന്റെ സ്വപാനം എന്ന സിനിമയുടെ തിരക്കഥാരചനയിൽ പങ്കാളിയും സഹസംവിധായകനുമായിക്കൊണ്ടാണ് സജീവ് പാഴൂർ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. പിന്നീട് ലെനിൻ രാജേന്ദ്രന്റെയും സഞ്ജീവ് ശിവന്റെയും സംവിധാന സഹായിയായി പ്രവർത്തിച്ച സജീവ്, ആർ ശരത് സംവിധാനം ചെയ്ത സ്വയം എന്ന സിനിമയുടെയും തിരക്കഥാരചനയിലും പങ്കാളിയായി. 2017 -ൽ സജീവ്  കഥ, തിരക്കഥ, സംഭാഷണം രചിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ജനപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടി.. മികച്ച തിരക്കഥാകൃത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ദേശീയ ചലച്ചിത്ര പുരസ്ക്കാരവും തൊണ്ടുമുതലും ദൃക്സാക്ഷിയും സജീവിന് നേടിക്കൊടുത്തു. തുടർന്ന് സത്യം പറഞ്ഞാ വിശ്വസിക്കുവോ, കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകൾക്കുകൂടി അദ്ദേഹം തിരക്കഥ രചിച്ചു.

സജീവ് പാഴൂരിന്റെ ഭാര്യ ദീപ സജീവ്.  രണ്ട് കുട്ടികളാണ് അവർക്കുള്ളത്. ദേവിക, ആദിത്യൻ.

 

Facebook