എസ് എ സ്വാമി

S A Swami
എസ് എ സ്വാമി-ഗിത്താറിസ്റ്റ്-ചിത്രം
ശങ്കരമംഗലം അയ്യപ്പസ്വാമി
Sankaramangalam Ayyappaswami
S A Swami

തിരുവനന്തപുരം സ്വദേശി.ശങ്കരമംഗലം അയ്യപ്പസ്വാമി എന്ന എസ് എ സ്വാമി തിരുവനന്തപുരം എം ജി കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി കോളേജിൽ തുടർ പഠനം നടത്തി. കലാകാരനായ അച്ഛനിൽ നിന്നും മറ്റും കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചിരുന്നു.തുടർന്ന് ഹാർമ്മോണിയത്തിലും അക്കോർഡിയനിലുമൊക്കെ സ്വാമി സ്വന്തമായി പരിശീലനം നേടി. ഡൽഹിയിലെ കോളേജ് പഠനത്തിനു ശേഷം അവിടുത്തെ തന്നെ "തണ്ടർബേർഡ്സ്" എന്ന സംഗീതട്രൂപ്പിനോടൊപ്പം ഡ്രമ്മറായാണ് പ്രൊഫഷണലായി തുടക്കമിടുന്നത്. ഡൽഹിയിൽ വച്ചാണ് ഗിത്താർ വായിക്കാൻ പരിശീലിക്കുന്നത്. സ്വന്തമായി പഠിച്ചെടുത്ത സ്പാനിഷ് ഗിത്താർ ആണ് ആദ്യമായി ഉപയോഗിക്കുന്ന സ്ട്രിംഗ് ഉപകരണം. കൂട്ടുകാരുടെ ഗിത്താറിലാണ് പരിശീലനം നടത്തിയത് എങ്കിലും ജോൺസൻ ലോബോ എന്ന സുഹൃത്താണ് ആദ്യമായി സ്വാമിക്ക് ഒരു ഗിത്താർ സ്വന്തമായി നൽകുന്നത്. ഡൽഹിയിലെ പഠനത്തിനു ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയതിനു ശേഷം തിരുവനന്തപുരത്ത് "തണ്ടർബേർഡ്സ് "എന്ന് തന്നെ പേരുള്ള ഒരു ഗാനമേള ട്രൂപ്പ് തുടങ്ങി നിരവധി സ്റ്റേജുകളിൽ ഗാനമേളകൾ അവതരിപ്പിച്ചു "തണ്ടർബേർഡ്സ് സ്വാമി" എന്ന പേരിൽ പ്രസിദ്ധനായി. 1969മുതൽ ആകാശവാണിയിൽ ഗിത്താർ വായിക്കാൻ തുടങ്ങി. തൃശൂർ പി രാധാകൃഷ്ണൻ എന്ന ആകാശവാണിയിലെ സുഹൃത്താണ് ആകാശവാണിയിലേക്ക് എസ് എ സ്വാമിയെ എത്തിച്ചത്. ലളിതഗാനങ്ങൾക്കും നാടകങ്ങൾക്കുമൊക്കെ കോണ്ട്രാക്റ്റ് അടിസ്ഥാനത്തിൽ ഗിത്താർ വായിക്കാൻ തുടങ്ങിയ സ്വാമിക്ക് പിന്നീട് സ്ഥിരം ഗിത്താറിസ്റ്റിന്റെ പോസ്റ്റ് തന്നെ സൃഷ്ടിക്കുകയായിരുന്നു ആകാശവാണി. 1974 ജനുവരിയിൽ ആകാശവാണിയിൽ സ്ഥിരം ജോലിക്ക് കയറി.

ആലപ്പുഴ മുഹമ്മയിൽ വച്ച് കെപി ബ്രഹ്മാനന്ദന്റെ ഗാനമേളയുടെ ഇടയിൽ ഗ്യാപ്പ് ഫില്ലറായി “കുട്ടനാടൻ പുഞ്ചയിലെ” എന്ന ഗാനം ഗിത്താർ വായിച്ച് വിജയിച്ചതാണ് സ്വാമിയെ ചലച്ചിത്രഗാനങ്ങൾ ഗിത്താർ സോളോകളായി അവതരിപ്പിക്കുവാൻ പ്രേരിപ്പിച്ചത്. തുടർന്ന് വളരെ പ്രൊഫഷണലായി എച്ച് എംവിക്ക് വേണ്ടി ചലച്ചിത്രഗാനങ്ങളുടെ ഗിത്താർ സോളോകൾ റെക്കോർഡ് ചെയ്തു. പിൽക്കാലത്ത് "എസ് എ സ്വാമി-സ്പാനിഷ് ഗിത്താറിൽ വായിച്ചത്" എന്നത് തന്നെ ആകാശവാണിയുടേയും മറ്റും പ്രൈം ഫില്ലർ പ്രോഗ്രാമുകളിലൊന്നായി മാറി. മലയാളത്തിൽ ആദ്യമായി ഇൻസ്ട്രുമെന്റൽ സംഗീതം കൊണ്ട് വരുന്നത് എസ് എ സ്വാമിയാണ്. സംഗീതത്തിന്റെ നൊട്ടേഷനുകൾ അറിയാതെ ഈണം മാത്രം ശ്രദ്ധിച്ച് കൊണ്ടാണ് എസ് എ സ്വാമി തന്റെ സംഗീതജീവിതത്തിൽ പ്രസിദ്ധനായത് എന്നത് കൗതുകമാണ്.

കുടുംബവുമൊത്ത് തിരുവനന്തപുരത്ത് താമസിക്കുന്ന സ്വാമിയുടെ ഭാര്യ പ്രസന്ന, മകൻ സംഗീത്, മകൾ ജാനകി

എസ് എ സ്വാമിയുടെ ഗാനങ്ങൾ - ഗാനാ.കോമിൽ ശ്രവിക്കാൻ ഇവിടെ അമർത്തുക.