രഘുനാഥ് പലേരി

Raghunath Paleri
Date of Birth: 
Sunday, 7 February, 1954
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 25
സംഭാഷണം: 33
തിരക്കഥ: 32

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് രഘുനാഥ് പലേരി.

  കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ സി.വി. രാഘവൻ നായർ, പത്മാവതിയമ്മ എന്നിവരുടെ മകനായി 1954 ഫെബ്രുവരി 7 നാണ് ഇദ്ദേഹം ജനിച്ചത്.  
     എ.ഷെരീഷിൻ്റെ സംവിധാനത്തിൽ 1983-ൽ റിലീസായ നസീമയാണ് രഘുനാഥ് പലേരിയുടെ രചനയിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രം. ഇന്ത്യയിലെ ആദ്യ ത്രിമാന ചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ്റെ തിരക്കഥാകൃത്ത് ഇദ്ദേഹമായിരുന്നു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം, വാനപ്രസ്ഥം എന്നീ സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായിരുന്നു.  ഈ ചിത്രങ്ങൾ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, മേലേപ്പറമ്പിൽ ആൺവീട്, പിൻഗാമി, ദേവദൂതൻ, തുടങ്ങി നിരവധി സിനിമകളടെ രചന നിർവ്വഹിച്ചിട്ടുണ്ട് ഇദ്ദേഹം.
     
ഒന്നു മുതൽ പൂജ്യം വരെ, വിസ്മയം, കണ്ണീരിനു മധുരം എന്നിവയാണ് രഘുനാഥ് സംവിധാനം ചെയ്ത സിനിമകൾ. 
1986 ൽ തൻ്റെ ആദ്യ സംവിധാനസംരഭമായ ഒന്നു മുതൽ 
​​​​​പൂജ്യം വരെ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം ഇദ്ദേഹം കരസ്ഥമാക്കി.

ഷാനവാസ് എം ബാവക്കുട്ടിയുടെ സംവിധാനത്തിൽ 2019 പുറത്തിറങ്ങിയ തൊട്ടപ്പൻ എന്ന ചിത്രത്തിൽ അദ്രുമാൻ എന്ന അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് രഘുനാഥ് പലേരി അഭിനയത്തിലും മികവ് തെളിയിച്ചു.തുടർന്ന് ലളിതം സുന്ദരം, നാരദൻ, കൊത്ത് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 

     സാഹിത്യരംഗത്തും ഏറെ പ്രശസ്തനായ ഇദ്ദേഹം ആനന്ദവേദം, ഏഴാംനിലയിലെ ആകാശം, സൂര്യഗായത്രി, വിസ്മയംപോലെ, ഏതോ രാത്രിയുടെ പകൽ തുടങ്ങി ഒട്ടേറെ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

'അവർ മൂവരും ഒരു മഴവില്ലും' എന്ന കൃതിക്ക് 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചു. 

    സ്മിതയാണ് രഘുനാഥ് പലേരിയുടെ ഭാര്യ. മേഘ, ആകാശ് എന്നിവർ മക്കൾ.