ആർ ഗോപാലകൃഷ്ണൻ

R Gopalakrishnan (Stills)

തിരുവനന്തപുരം സ്വദേശി. ജി രാഘവൻ നായർ (റിട്ട. തഹസീൽദാർ - 1973ൽ അന്തരിച്ചു), ജെ സരോജിനി അമ്മ (2021ൽ അന്തരിച്ചു) എന്നിവരുടെ മകനായി  13 ഡിസംബർ 1959ന് തിരുവനന്തപുരത്ത് ജനനം. കൊല്ലം എസ് എൻ കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദമെടുത്തു, തുടർന്ന് 1981ൽ ട്രാവൽ ഏജൻസി കോഴ്സ് പഠിച്ചു, അതിൽ ഒന്നാം റാങ്ക് നേടി. 1974ൽ പ്രീഡിഗ്രി പഠനകാലത്താണ് ഫോട്ടോഗ്രഫി പഠിക്കുന്നത്. സഹോദരീ ഭർത്താവ് ആയിരുന്നു ഗുരു. പിന്നീട് ഏകദേശം ഒരു വർഷത്തോളം അടൂർ ഗോപാലകൃഷ്ണന്റെ ചിത്രലേഖ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചു. ആദ്യമായി ഒരു ചലച്ചിത്ര താരത്തിന്റെ ഫോട്ടോ എടുക്കുന്നത് അന്തരിച്ച ജയന്റേതായിരുന്നു, നടി ജയഭാരതിയുടേയും. 1979 ഒക്ടോബർ 10ന്  അറിയപ്പെടാത്ത  രഹസ്യം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ക്യാമറാമാൻ ആയി സിനിമാരംഗത്ത് എത്തിയെങ്കിലും വ്യക്തിപരമായ ചില കാര്യങ്ങളാൽ സ്റ്റിൽ ഫോട്ടോഗ്രഫിയിലേക്ക് മടങ്ങി.

ഫോട്ടോഗ്രാഫർ എന്നതിനു പുറമേ വലിയ കളക്ഷൻ ഫോട്ടോസും ‌കൈവശമുള്ള അദ്ദേഹം ഒരു ചലച്ചിത്ര ചരിത്രകാരനായും പ്രവർത്തിക്കുന്നു. രണ്ടര ലക്ഷത്തിലധികം ചിത്രങ്ങൾ കൈവശം കളക്ഷനുള്ള ഗോപാലകൃഷ്ണൻ, 1977ൽ അക്കാലത്തെ നാനയുടെ റിപ്പോർട്ടർ ആയിരുന്ന ബാലചന്ദ്രമേനോൻ സമ്മാനിച്ച "നീലജലാശയത്തിൽ ഹംസങ്ങൾ" എന്ന ഗാനത്തിന്റെ ഒരു ഫോട്ടോയിൽ നിന്നും തുടങ്ങിയ ശേഖരമാണ് വലിയ കളക്ഷനായി മാറിയത്.  എഴുത്തിന്റെ മേഖലയിൽ ആദ്യമായി ഒരു റിപ്പോർട്ട് തയ്യാറാക്കിയത് മോഹൻലാലിന്റെ വിവാഹ നിശ്ചയത്തെ കുറിച്ചായിരുന്നു. ആദ്യം എഴുതിയ പുസ്തകം - ഗുഡ് ലക്ക് ടു എവരിബഡി. ( ബാലൻ എന്ന ചിത്രത്തിന്റെ  കഥ) കേരള സംസ്ഥാന അവാർഡ്, ക്രിട്ടിക്സ് അവാർഡ്, അല പുരസ്കാരം, തുടങ്ങി പത്തോളം അവാർഡുകൾ ലഭിച്ചു. 

പിന്നീട് പ്രേംനസീർ ഫൗണ്ടേഷനു വേണ്ടി ആയിരം പേജുള്ള "നിത്യഹരിതം" എന്ന  ജീവചരിത്രം തയ്യാറാക്കി. മലയാള സിനിമയ്ക്ക് 90 വയസ്സ് തികഞ്ഞ 2020 ഒക്ടോബർ 23ന് " നഷ്ട സ്വപ്നങ്ങൾ" എന്ന പുസ്തകം പ്രകാശനം ചെയ്തു.  ചലച്ചിത്ര പുസ്തകങ്ങൾക്ക് മൂന്നോളം സംസ്ഥാന അവാർഡുകൾ ലഭ്യമായി. നഷ്ടസ്വപ്നങൾ എന്ന പുസ്തകത്തിനാണ് ആർ ഗോപാലകൃഷ്ണന് 2021ലെ മികച്ച ഗ്രന്ഥത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മൂന്നാമത്തെ സംസ്ഥാന അവാർഡായി ലഭ്യമാവുന്നത്.

ഭാര്യ സുശീല, മകൻ നടനും ചലച്ചിത്ര സംവിധായകനുമായ വിഷ്ണു ജി രാഘവ്