പൃഥ്വീരാജ് സുകുമാരൻ

Pridhwiraj Sukumaran
Prithviraj
Date of Birth: 
Saturday, 16 October, 1982
ആലപിച്ച ഗാനങ്ങൾ: 10
സംവിധാനം: 2

1982 ഒക്റ്റോബർ 16ന് പ്രശസ്ത നടൻ സുകുമാരന്റെയും നടി മല്ലികയുടെയും രണ്ടാമത്തെ മകനായി തിരുവനന്തപുരത്ത് ജനിച്ചു. പൃഥ്വിരാജിന്റെ കുട്ടിക്കാലത്ത് അവരുടെ കുടുംബം തമിഴ് നാട്ടിലായിരുന്നു താമസിച്ചിരുന്നത്. അതിനാൽ അദ്ദേഹത്തിന്റെ സ്ക്കൂൾ വിദ്യാഭ്യാസം ചെന്നൈ ടി നഗറിലുള്ള വേളാങ്കണ്ണി സീനിയർ സെക്കന്റരി സ്ക്കൂൾ, സെന്റ് ജോസഫ്സ് ബോയ്സ് സ്ക്കൂൽ കുന്നൂർ എന്നിവിടങ്ങളിലായിരുന്നു.

അവരുടെ കുടുംബം പിന്നീട് കേരളത്തിലേയ്ക്ക് താമസം മാറ്റിയപ്പോൾ പൃഥ്വിരാജിന്റെ തുടർ പഠനം പെരുന്താനി എൻ എസ് എസ് ഹൈസ്ക്കൂൾ, പൂജപ്പുര സെന്റ് മേരീസ് റെസിഡന്റൽ സെൻട്രൽ സ്ക്കൂൾ, കഴക്കൂട്ടം സൈനിക് സ്ക്കൂൾ, കൊടുങ്ങനൂർ ഭവൻസ് സീനിയർ സെക്കന്റ്രി സ്ക്കൂൾ എന്നീ വിദ്യാലയങ്ങളിലായിരുന്നു. സ്ക്കൂൾ കലോത്സവങ്ങളിൽ സ്കിറ്റുകൾ അവതരിപ്പിച്ചുകൊണ്ടാണ് പൃഥ്വി തന്റെ അഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. ഇന്റ്ർ സ്ക്കൂൾ വാർഷിക കലോത്സവത്തിൽ "Mr LA Fest" എന്ന ടൈറ്റിലിന് അർഹനായിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പൃഥ്വിരാജ് ആസ്റ്റ്രേലിയയിലെ  University of Tasmania യിൽ നിന്നും ഇൻഫർമേഷൻ ടെക്നോളജിയിൽ ബാച്ചിലേഴ്സ് ഡിഗ്രി കഴിഞ്ഞു.

2001 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് പൃഥ്വിരാജ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. സംവിധായകൻ ഫാസിൽ തന്റെ സിനിമയ്ക്ക് വേണ്ടി നടത്തിയ സ്ക്രീൻ ടെസ്റ്റിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നു. എന്നാൽ ആ സിനിമ നടന്നില്ല. ഫാസിലാണ് പൃഥ്വിയെ രഞ്ജിത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. രഞ്ജിത്ത് തന്റെ ചിത്രമായ നന്ദനത്തിൽ പൃഥ്വിയെ കാസ്റ്റ് ചെയ്യുകയും ചെയ്തു. പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച ചിത്രം നന്ദനമാണെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ആ സിനിമ റിലീസാവാൻ വൈകി. അതിനുമുൻപ് രാജസേനൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് നായകനാവുകയും നക്ഷത്രക്കണ്ണൂള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന രാജസേനൻ ചിത്രം ആദ്യം റിലീസാവുകയും ചെയ്തു. അറുപതിലധികം ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. വാസ്തവം, ക്ലാസ്മേറ്റ്സ്, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, ഇന്ത്യൻ റൂപ്പി, അയാളും ഞാനും തമ്മിൽ, പുതിയ മുഖം, മുംബൈപോലീസ്, സെല്ലുലോയ്ഡ്, ഉറുമി... എന്നീ സിനിമകൾ എടുത്തു പറയേണ്ടവയാണ്.

2006 ൽ ഇറങ്ങിയ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കരസ്തമാക്കി. 2012 - സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മിൽ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടി. 2012- ൽ പൃഥ്വിരാജ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആഗസ്റ്റ് സിനിമ എന്ന പേരിൽ ഒരു സിനിമാനിർമ്മാണ,വിതരണ കമ്പനി ആരംഭിച്ചു. ഉറുമി ഉൾപ്പെടെ ചില ചിത്രങ്ങൾ നിർമ്മിയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്തു. 2017 ൽ അദ്ധേഹം ആഗസ്റ്റ് സിനിമയിൽ നിന്നും പിൻവാങ്ങി പൃഥ്വിരാജ് പ്രൊഡക്ഷൻ എന്ന പേരിൽ സ്വന്തം നിർമ്മാണകമ്പനി ആരംഭിച്ചു. 2019 ൽ സംവിധാന രംഗത്തേയ്ക്ക് പ്രവേശിച്ച പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന സിനിമ സംവിധാനം ചെയ്തു. വലിയ സാമ്പത്തിക വിജയം നേടിയ സിനിമ പൃഥ്വിരാജിന്റെ സംവിധാന മികവിന്റെ ദൃഷ്ടാന്തമാണ്. 2005 ൽ കനാകണ്ടേൻ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചു. 2007 ൽ 3 തമിഴ് ചിത്രങ്ങളാണ് പൃഥ്വിയുടേതായ് പുറത്തിറങ്ങിയത്. ഇതിൽ മൊഴി യിലെ പ്രകടനം ജനശ്രദ്ധ നേടി. 2008 ൽ ഉദയനാണ് താരം എന്ന മലയാളചിത്രത്തിന്റെ തമിഴ് റീമേക്കായ വെള്ളിത്തിരൈ യിൽ നായകനായി പൃഥ്വി എത്തി. 2009 ൽ ക്ലാസ്മേറ്റ്സിന്റെ തമിഴ് പതിപ്പായ നിനൈത്താലെ ഇനിയ്ക്കും പുറത്തിറങ്ങി. വസന്തബാലന്റെ ബിഗ് ബജറ്റ് ചിത്രമായ കാവ്യതലൈവൻ ആണ് പൃഥ്വിയുടെ മറ്റൊരു തമിഴ് ചിത്രം. പൃഥ്വീരാജിന്റെ ആദ്യ ഹിന്ദി ചിത്രമായ അയ്യ 2012 ഒക്ടോബർ 12 ന് പുറത്തിറങ്ങി. റാണി മുഖർജിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചിൻ കുന്ദാൾക്കർ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിനു പൃഥ്വിരാജ് തയ്യാറായിരുന്നു. അതുൽ സബർവാൾ സംവിധാനം ചെയ്ത ഔറംഗസേബ്  ആയിരുന്നു പൃഥ്വിയുടെ രണ്ടാമത്തെ ചിത്രം. 

ഒരു ഗായകൻ കൂടിയായ പൃഥ്വിരാജ്  ദീപക് ദേവിന്റെ സംഗീതത്തിൽ പുതിയ മുഖം എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി ഒരു ഗാനം ആലപിയ്ക്കുന്നത്. തുടർന്ന് ചില സിനിമകൾക്കുകൂടി അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്തും അഭിനേതാവാണ്. ബിബിസി റിപ്പോർട്ടർ ആയിരുന്ന സുപ്രിയ മേനോനെ 2011 ൽ പൃഥ്വിരാജ് വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൾ.