പി എ ബക്കർ

P A Backer
Date of Death: 
തിങ്കൾ, 22 November, 1993
പി എ ബക്കർ
സംവിധാനം: 11
കഥ: 2
സംഭാഷണം: 3
തിരക്കഥ: 7

തൃശൂരെ കാണിപ്പയ്യൂരിൽ ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ 1940ല്‍  ഫാത്തിമയുടെയും അഹമ്മദ് മുസലിയാരുടെയും മകനായി പി. എ. ബക്കര്‍ ജനിച്ചു.  വളരെ ചെറുപ്പത്തിൽതന്നെ പിതാവ് അഹമ്മദ് മുസലിയാർ മരിച്ചു. പിതാവിന്റെ മരണശേഷം അധികം വൈകാതെ  കാണിപ്പയ്യൂരിൽനിന്നും തൃശൂർ നഗരത്തിലേക്ക് ബക്കറിന്റെ കുടുംബം താമസം മാറ്റി. സ്കൂൾപഠനകാലത്ത്‌  കുട്ടികൾ നടത്തുന്ന 'കുട്ടികൾ ' എന്ന പേരിലുള്ള മാസികയുടെ പത്രാധിപരായിരുന്നു ബക്കർ, അങ്ങനെയങ്ങനെ തൃശൂരിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വഴികളിലൂടെ ബക്കറിന്റെ ജീവിതം വളർന്നു.

തന്റെ പതിനാലാമത്തെ വയസ്സിലാണ് ബക്കർ പ്രൊഡക്ഷൻ സഹായിയായി സിനിമാരംഗത്ത് എത്തുന്നത്.

1960 ൽ രാമു കാര്യാട്ടിനോടൊപ്പം കൂടി,  രാമു കാര്യാട്ട്  സംവിധാനം ചെയ്ത മിന്നാമിനുങ്ങ്, മുടിയനായ പുത്രൻ എന്നീ സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. 1970ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിലെ നിർമ്മാണപങ്കാളിയായി. 1970ലെ സംസ്ഥാന അവാർഡും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും ഓളവും തീരവും കരസ്ഥമാക്കി.

1975ലാണ് സ്വതന്ത്രസംവിധായകനായ ആദ്യചിത്രം - കബനീനദി ചുവന്നപ്പോൾ. പിന്നീട് സംവിധായകനായി പ്രശസ്തനായ ടി വി ചന്ദ്രനായിരുന്നു നായകൻ. അടിയന്തിരാവസ്ഥ പിടി മുറുക്കിയിരുന്ന കാലഘട്ടമായതിനാൽ സിനിമയുടെ ഷൂട്ടിംഗ് സമയത്തും സെൻസറിംഗ് സമയത്തും ചിത്രത്തിന്റെ പിന്നണിയിലുള്ളവർക്ക് ഒരുപാടു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. നിർമ്മാതാവ് പവിത്രനും ബക്കറും എന്നാൽ എന്തു വന്നാലും ചിത്രം ഇറക്കുമെന്നുതന്നെ തീരുമാനിച്ചു. 1976ലെ മികച്ച രണ്ടാമത്തെ ചിത്രമായി കബനീനദി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് ബക്കറിനായിരുന്നു. 

സാറാ തോമസിന്റെ മുറിപ്പാടുകൾ എന്ന നോവലിനെ അധികരിച്ചെടുത്ത മണിമുഴക്കം ആയിരുന്നു രണ്ടാമത്തെ ചിത്രം. നടൻ ശ്രീനിവാസൻ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ഹരി നായകനായ ഈ ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രം ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും വാരിക്കൂട്ടി. തുടർന്ന് വന്ന ചുവന്ന വിത്തുകൾ എന്ന ചിത്രം വേശ്യാവൃത്തിയിലേയ്ക്ക് തിരിയേണ്ടി വന്ന ഒരു യുവതിയുടെ കഥയായിരുന്നു. പലരും നോക്കാൻ മടിച്ച ജീവിതങ്ങൾക്കുനേരെയാണ് ബക്കർ ക്യാമറ തിരിച്ചത്. ജീവിതത്തിന്റെ ഓരങ്ങളിലേക്ക്  ഞെരുക്കപ്പെട്ടവരുടെ, ഒട്ടുമേ ചമയങ്ങളില്ലാത്ത മുഖങ്ങളായിരുന്നു ആ ചലച്ചിത്രകാരന്റെ കാഴ്ചകളെ പൊറുതിമുട്ടിച്ചത്. അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു കാലത്തിനായുള്ള സമരവും ജീവിതവുമായിരുന്നു ബക്കറിന്റെ സിനിമകളോരോന്നും.

പി കൃഷ്ണപ്പിള്ളയുടെ ജീവിതത്തെ ആധാരമാക്കിയുള്ള 'സഖാവ് ' എന്ന ചിത്രം തുടങ്ങി എങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കലഹങ്ങളും കലാപങ്ങളുംകൊണ്ട്  മുഖരിതമായിരുന്നു ബക്കറിന്റെ ജീവിതം, ഒരു സിനിമയിലെന്നപോലെ സംഭവബഹുലമായി അദ്ദേഹം ജീവിച്ചു. 1993 നവംബർ 22-ന് ബക്കർ യാത്രയായി.  അദ്ദേഹത്തിന്റെ ഭാര്യ - അനിത ബക്കർ    

കൗതുകങ്ങൾ-

1. ഒരുപാട് ബുദ്ധിമുട്ടി  'കബനീനദി ചുവന്നപ്പോൾ' പൂർത്തീകരിച്ച് സെൻസറിങ്ങിന‌ു തയാറായപ്പോഴാണു പുതിയ പ്രശ്നം. ചിത്രത്തിനു നീളം പോരാ.  ഫീച്ചർ ഫിലിം ആയി പരിഗണിക്കാൻ ആവശ്യമായ നീളം പടത്തിനില്ല. ഫീച്ചർ ഫിലിമല്ലെങ്കിൽ  സബ്സിഡിക്കും അവാർഡിനും ഒന്നും പരിഗണീക്കുക പോലുമില്ല.. പവിത്രൻ ആകെ വിഷണ്ണനായി. ബക്കർ ചോദിച്ചു ‘നീളം എത്ര കുറവുണ്ട് ?’. ‘50 മീറ്റർ’. പവിത്രൻ പറഞ്ഞു. “ശരി 50 മീറ്റർ കയറു വാങ്ങിക്കൊണ്ടു വാ”. പവിത്രൻ 50 മീറ്റർ കയറു വാങ്ങിക്കൊണ്ടു വന്നു. ബക്കർ യൂണിറ്റുമായി ഒരു കുന്നിൻചെരിവിലേക്കു പോയി. കയറിന്റെ ഒരു തലയ്ക്കൽ നായകനെ കെട്ടി. മറുതലയ്ക്കൽ കയറിന്റെ അറ്റം പിടിച്ചുവലിച്ചുകൊണ്ടു നായിക കുന്നുകയറാൻ തുടങ്ങി. ക്യാമറ നായകനിൽ നിന്നു തുടങ്ങി കയറിലൂടെ സാവധാനം സഞ്ചരിച്ചു നായികയിൽ എത്തിയപ്പോഴേക്കും 50 മീറ്റർ നീളം  തികഞ്ഞു. ഇതു നായികയുടെ മനോവിഭ്രാന്തി കാണിക്കുന്ന ഒരു രംഗമായി സിനിമയിൽ ഉൾപ്പെടുത്തി. സിനിമ പൂർത്തിയാക്കി....

2. 1976ലെ കേന്ദ്ര സംസ്ഥാന അവാർഡുകൾ മണിമുഴക്കം വാരിക്കൂട്ടി. അതോടെ ബക്കർ ഇന്ത്യയിലെ തന്നെ നവ സിനിമയുടെ പ്രധാന വക്താവായി. സംസ്ഥാന അവാർഡ് ചടങ്ങ് കോഴിക്കോട്ടായിരുന്നു. ഹോട്ടൽ അളകാപുരിയിൽ പ്രമുഖരെല്ലാം ഇരിക്കുമ്പോൾ കാലിൽ മന്തുള്ള ഒരു വൃദ്ധൻ വടിയും കുത്തിപ്പിടിച്ച് വേച്ചുവേച്ച് അങ്ങോട്ടു കടന്നുവന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ സിനിമയായ ‘മാർത്താണ്ഡവർമ’യിലെ നായകൻ  ജയദേവൻ എന്ന ആണ്ടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദയനീയാവസ്ഥ കണ്ട് പലരും സാമ്പത്തിക സഹായം നൽകിയെങ്കിലും ബക്കർ പറഞ്ഞു “ ഇതുപോരാ, ഇദ്ദേഹത്തിന് സ്ഥിരമായി സഹായം ലഭിക്കുന്ന സംവിധാനം ഉണ്ടാക്കണം”. എല്ലാവരും കൂടി അദ്ദേഹത്തെ ഗെസ്റ്റ് ഹൗസിൽ തങ്ങുന്ന  മന്ത്രിയുടെ മുന്നിലെത്തിച്ചു. അങ്ങനെയാണത്രേ സംസ്ഥാനത്ത് ആദ്യമായി അവശ കലാകാരന്മാർക്കുള്ള പെൻഷനു തുടക്കമായതും ആണ്ടി  അതിന്റെ ആദ്യ ഗുണഭോക്താവായതും.

അവലംബങ്ങൾ :