തിരക്കഥയുടെ കഥ

 സംവിധായകനും തിരക്കഥാകൃത്തുമായ അരുണ്‍ ഓമന സദാനന്ദൻ  എം3ഡിബിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ‌‌എഴുതിയ തിരക്കഥയുടെ പിന്നിലെ കഥ എന്ന സീരീസാണ് ‌ഇവിടെ പന്ത്രണ്ട് ആർട്ടിക്കിളുകളായി പബ്ലീഷ്   ചെയ്തിരിക്കുന്നത്.

 ആമുഖം:

 സഞ്ചിതമായ അറിവു (cumulative knowledge) പലരും പലതരത്തിലാണുപയോഗിക്കുന്നത്.  ചിലർ അറിവു മറ്റാർക്കും പകരാതെ ജ്ഞാനഭാണ്ഡങ്ങളായി ജീവിച്ചു തീരുന്നു.  ചിലർ ആർജ്ജിച്ചയറിവു മറ്റുള്ളവർക്കു പകരുന്നു. ഈ പകർന്നു കൊടുക്കലിലും ഏറ്റക്കുറച്ചിലുകളുണ്ടാവും. അത്രയൊക്കെ മതി എന്ന ഭാവത്തോടെ സാങ്കേതികത വേണ്ടുന്നതിലധികം കലർത്തി കേൾക്കുന്നവരിൽ മടുപ്പിന്റെ  ഭാവം വളർത്തുന്നവരുണ്ട്.   ഇത്തരം ആർക്കാണ്ടുവേണ്ടിയോക്കാനിക്കുന്നവരിൽ നിന്ന് തെല്ലകലയായി ചിലരെ നമുക്കു കാണാം. അവതരിപ്പിക്കുന്ന വിഷയത്തെ അതു കേൾക്കാനിരിക്കുന്നവരോട് എങ്ങനെ അടുപ്പിക്കാം, അവർക്കു   ചിരപരിചിതമായ ഉദാഹരണങ്ങളിലൂടെ അതെങ്ങനെ ആസ്വാദ്യകരമാക്കാം എന്നു ചിന്തിക്കുന്നവർ. ചില അദ്ധ്യാപകരുടെ ക്ലാസുകളില്ലേ, ബോധനഗുണത്താൽ (teaching quality) തിളങ്ങുന്നവ?  അരുണ്‍   ഓമന സദാനന്ദന്റെ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ ആ തിളക്കം നിങ്ങളും അനുഭവിക്കും. Genre defining moment നെപ്പറ്റി അരുൺ വിശദമാക്കുന്നതിങ്ങനെയാണ്:

"കൗരവർ സിനിമ തുടങ്ങുന്നത് ഒരു കൊല്ലന്റെ ആലയിൽ ഒരു കൊല്ലനും ഒരു വൃദ്ധനും ഇരിക്കുന്ന വൈഡ് ഷോട്ടിലാണ്. അവിടെ നിന്ന് കട്ട് ചെയ്യുന്നത് ആലയിൽ നിന്നും പുറത്തേക്ക് എടുക്കുന്ന ചുട്ടു പഴുത്ത ഒരു     തോക്കിന്റെ ക്ളോസിൽ ആണ്. പടം തുടങ്ങി പത്തല്ല അഞ്ചു സെക്കൻഡ് പോലും ആയിട്ടില്ല, പക്ഷെ genre ഒരു സംശയവും വരാത്ത വിധം ഡിഫൈൻ ചെയ്യപ്പെട്ടു കഴിഞ്ഞു, കാണുന്ന പ്രേക്ഷകർ ട്രാക്കിൽ   എത്തിക്കഴിഞ്ഞു. ഞാൻ കണ്ടിട്ടുള്ള ഏറ്റവും ബ്രില്യന്റ് ആയ ഒരു genre defining moment ആണിത്."

 ഉദാഹരണങ്ങളിനിയുമേറെയുണ്ട്. ഊണുകഴിക്കാൻ വിളിക്കൽ മാത്രമാണീ ആമുഖത്തിന്റെ ലക്ഷ്യം. ഊണു വിളമ്പലല്ല. അതിനാലിവിടെ നിർത്തുന്നു.  തിരക്കഥയുടെ സൂത്രവാക്യങ്ങളെ നിങ്ങളിലേക്കെത്തിക്കുവാൻ,   പുതിയ ചില ചിന്തകൾക്കു തീപടർത്തുവാൻ, ചിലകാര്യങ്ങളുടെ ഓർമ്മപുതുക്കുവാനൊക്കെ ഈ ലേഖനപരമ്പരയ്ക്കു സാധിക്കുമെങ്കിൽ സന്തോഷം. താഴെക്കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ഓരോ   ലേഖനത്തിലേക്കുമെത്താം.