ചുംബനപുരാണം ഒന്നാം സർഗ്ഗം..!!!

Kissing

“ചുംബന”ത്തെക്കുറിച്ചാണ് നാട്ടിലും നഗരത്തിലും സോഷ്യൽ മീഡിയകളിലും അടുക്കളയിലും അത്താഴപ്പുരയിലും ഇന്ന് ചർച്ച. മനുഷ്യർ ആദ്യമായി കാണുന്നതും കേൾക്കുന്നതും ചെയ്യുന്നതുമായ ഒരു സംഗതിയെന്ന നിലയ്ക്ക് “ഉമ്മ”യെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഈ സംഗതിയെ പൂർവ്വികർ നോക്കിക്കണ്ടതെങ്ങനെയെന്ന് ഒന്ന് കാണാമിവിടെ. ചുംബനങ്ങളെക്കുറിച്ച് നൂറുകണക്കിനു പാട്ടുകളുണ്ട് മലയാളത്തിൽ. ഒരു ഗാനരചയിതാവു പോലും ചുംബനത്തെ കൈവിടാൻ ധൈര്യം കാണിച്ചിട്ടില്ല. പ്രണയമെവിടുണ്ടോ അവിടെ ചുംബനവുമുണ്ട്.. അപ്പോൾ “ചുംബനപുരാണ”ത്തിലേക്ക് ഏവർക്കും സ്വാഗതം :)

ഒരു കൊച്ചു ചുംബനത്തിന്റെ പുഷ്പപേടകത്തിൽ ഒരു പ്രേമവസന്തം തന്നെ ഒതുക്കിയ കാമുകിയെക്കുറിച്ച് എഴുതിയത് മറ്റാരുമല്ലാ, ശ്രീകുമാരൻ തമ്പിയാണ്. അതിമനോഹരമാണ് ആദ്യ ചുംബനം എന്നു പറഞ്ഞ് ചുംബനപ്പൂക്കൾ കൊണ്ടു മൂടി പ്രേയസിയെ ഉറക്കിയതും, ഒരിക്കൽ അവൾ വിളിച്ചാൽ ഓർമ്മകളിലേക്ക് ആദ്യം ഓടി എത്തുന്നത് ചുംബനമാണെന്നും അദ്ദേഹം പറഞ്ഞത് ഏറ്റുപാടിയോരെല്ലാം പക്ഷേ ചുംബനത്തെ മ്ലേച്ഛമായി കാണുന്നു എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. പരസ്യമായി ചുംബിക്കാമോ പാടില്ലയോ എന്ന കൺഫ്യൂഷനുകൾക്കിടയിലും ദിനം പ്രതി ആയിരമായിരം ചുംബനപ്പാട്ടുകൾ എടുത്തലക്കി ആനന്ദ നിർവൃതിയടയുന്നവരിൽ ചുംബനവിരുദ്ധരുണ്ടെന്നതും ഒരു വിരോധാഭാസമായി നിൽക്കുന്നു. 

മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറഞ്ഞ വയലാർ തന്നെ അധരപുടങ്ങളിൽ ഒരു ചുംബനത്തിന്റെ മധുരം നൽകിയുണർത്തിയ കാമുകിയെക്കുറിച്ച് പാടുന്നു. ഒരു ചുംബനത്തിന്റെ  ചൂടറിയാതെ അനുരാഗവിവശനായി കാമുകിക്കു മുന്നിൽ നില്ക്കുന്ന കാമുകനെക്കുറിച്ചെഴുതിയതും അതേ വയലാർ തന്നെ. സിന്ദൂരം തുടിക്കുന്ന നെറ്റിയിൽ ഒരു ചുംബനം തന്നാൽ പിണങ്ങുമോ എന്ന് തമ്പിസാർ! ഹേയ്.. ആരും പിണങ്ങാൻ വഴിയില്ലാ.. ആദ്യത്തെച്ചുംബനത്തിനു ഒരീണം ഉണ്ടെന്നും ആ ഈണത്തിലൂടെ ജീവൻ തുടിക്കുന്ന ദേവീശിലയിൽ താൻ ഭാവഭംഗി പകർന്നുവെന്നും ഓമനയുടെ ചുംബനം ഓർമ്മകൾക്ക് തോരണം ചാർത്തിയെന്നും വിരലിന്റെചുംബനമേറ്റാൽ വീണയ്ക്കുപോലും പാടാതിരിക്കാനാകുമോ എന്നും അദ്ദേഹം പറയുന്നു. ആയിരം ചുംബനസ്മൃതിസുമങ്ങൾ അധരത്തിൽ ചാർത്തി  ഭാവനകൾ അങ്ങനെയങ്ങനെ അനന്തവിഹായസ്സിൽ നീന്തിത്തുടിക്കുമ്പോൾ അതിന്റെ പരിരംഭണത്തിൽ മുങ്ങി നമ്മൾ ചിറകുവിരിച്ചു പറന്നുനടക്കുമ്പോഴും ചുംബനവാർത്തകൾ പലർക്കും അലർജിയാകുന്നു എന്നതാണ് പാട്ടിലെ ഉമ്മകൾ വേറേ മറ്റേതു വേറേ എന്ന് മനസ്സിലാകുന്നത്…!

നിലാവിന്റെ ചുംബനത്താൽ തുഷാരമണികളെ ഉറക്കിയത് സത്യൻ അന്തിക്കാടാണ്. ചൂടുള്ള കുളിരിനു ചുംബനം എന്ന് പേരിട്ടവനെത്തപ്പി നടക്കുന്നത് മറ്റാരുമല്ല, ചെന്തളിർ ചുണ്ടിലെ ചുംബനത്തോളം മുന്തിരിച്ചാറിനു മധുരമുണ്ടോ എന്നു ചോദിച്ച യൂസഫലി തന്നെ..! ആദ്യചുംബനം  അമൃതചുംബനം ഇനിയുമെത്ര ചുംബനങ്ങൾ നേടിയാലും ഈ മധുരം എന്നെന്നും തിരുമധുരം എന്നുമദ്ദേഹം പാടിയിരിക്കുന്നു. കാമുകി നാരങ്ങാമിട്ടായി തിന്നിട്ടാണോ നിന്നതെന്നാരും ചോദിച്ചില്ല. പിന്നെ പിടിവിട്ട് ആലിംഗനങ്ങളാണോ, അമൃതാഭിഷേകമാണോ, ചൂടാത്ത പുഷ്പമാണോ, ചുടു ചുംബനങ്ങളാണോ എന്ന് സ്മൃതിയും ഭ്രാന്തിയും സസന്ദേഹവും എല്ലാം കൂടി കുഴഞ്ഞ് അദ്ദേഹം ഇതികർത്തവ്യതാമൂഢനായി നിൽക്കുന്നതാണ് നാം കാണുന്നത്. അത്രയ്ക്കുണ്ട് ചുംബനത്തിന്റെ ഹാങ്ങോവർ! ഒന്നിനുപോകാൻ മുട്ടി നിൽക്കുന്നതുപോലെ നിന്റെ ചെഞ്ചുണ്ടുകൾ ചുംബനം മുട്ടി നിൽക്കുന്നുവെന്ന് പാടിയിരിക്കുന്നു തിരുമലച്ചേട്ടൻ. പ്രേമസർവസ്വത്തിന്റെ പ്രമദവനത്തിൽ കവിളത്തു കരിവണ്ടിൻ ചുംബനപ്പാടുമായി ഇലവർങ്പ്പൂക്കൾ വിടർന്നെന്ന ന്യൂസ് നൽകിയത് വയലാർ തന്നെ. അല്ലയോ താരേ നീ ഒരു ചുംബനം കൊണ്ട് മൂടിപ്പുതപ്പിച്ചത് ആരേയാണ് എന്നും ചോദിച്ച് ടെൻഷനടിക്കുന്നതും അതേ കവി. നീ അകലത്തു നിന്നാൽ കണ്ണീർമഴയും പ്രിയ ചുംബനങ്ങൾ പൂന്തേൻ മഴയുമാണെന്ന് കൈതപ്രം സാർ. വിശ്വസിക്കാതിരിക്കാൻ പറ്റുമോ?! ആനന്ദ കുളിരേൽക്കും ആണിനും പെണ്ണിനും ചുംബനം കൊണ്ടുണ്ടാകുന്നത് “മെയ്യാരം” ആണെന്നാണ് കാവാലം പണിക്കരുസാറു പറയുന്നത്. സാധാരണമനുഷേനറിയാത്ത ഇങ്ങനത്തെ ചില ‘സംഗതി’കൾ അദ്ദേഹത്തിനേ വരൂ. :) ചുംബനങ്ങൾ കഴിഞ്ഞാൽ മിഴികൾ ചൂതുകളിക്കുമെന്നാണു തമ്പിസാറു പറയുന്നത്. കട്ടേം പടോം മടക്കാറായിട്ടില്ല എന്നർത്ഥം ;) ചെത്തിപ്പഴം പോലത്തെ കവിളിൽ ചുംബനമുന്തിരിപ്പൂവുണ്ടോ എന്നും അദ്ദേഹം ചോദിച്ചു കളഞ്ഞിരിക്കുന്നു. പഴത്തേൽ എങ്ങനെയാ പൂവുകാണുന്നേന്നൊന്നും ചോദിച്ചേക്കരുത്. ചുംബനമായാൽ കായിൽ പൂവുമുണ്ടാകും. ചുംബനത്തിനു ചുണ്ടു വിടർത്തും സിന്ദൂരമുന്തിരിപ്പൂവേ എന്റെ യൗവനം എന്റെ വികാരം എല്ലാം നിനക്കു മാത്രം എന്ന് പറഞ്ഞത് വയലാറാണ്. മുന്തിരിപ്പൂവിന്റെ നിറം സിന്ദൂരമല്ലെങ്കിലും ഭാവന വന്നാൽ പിന്നെ രക്ഷയില്ല.   ഒരു ചുംബനത്തിൻ ചൂടിലുറങ്ങുവാൻ ഓരോ നിമിഷവും മോഹിച്ചൂ എന്നും അദ്ദേഹം പരിതപിക്കുന്നു. അതിലൊക്കെയുപരിയായി സദാചാരികളെ മുൾമുനയിൽ നിർത്തുന്ന ഒരു കമന്റും കൂടിപാസാക്കി ആ ദീർഘജ്ഞാനി. സ്വയംവരത്തിനു മുൻപ് നിന്നെ സ്നേഹിച്ച പ്രിയനൊരുവൻ സ്വയം മറന്നു നിനക്കു തന്ന ചുംബനത്തിൻ കുളിരുകളാണോ നിന്റെ പ്രണയരഹസ്യം എന്ന് വെടിപൊട്ടിച്ചിരിക്കുന്നു വയാലാർ. കെട്ടിനുമുൻപ് തൊടരുതെന്ന് പറയുന്ന സകലവന്മാരുടേയും കരണത്തൊരടിയായി അത് എന്നു പറയാതെ വയ്യാ. പക്ഷേ ഭാവന അച്ഛനിൽ നിന്നു മകനിലേക്കെത്തിയപ്പോൾ “ചുംബനങ്ങളോരോന്നായ് നീ സമ്മാനം പോൽ വാങ്ങണേ ചുട്ടുപൊള്ളുമുള്ളിൽ നീയോ രൊക്കം രൊക്കം ചേരണേ…” എന്നായിപ്പോയി എന്നതാണ് ദുഃഖകരം. ഒരുമാതിരി പേ ആൻഡ് യൂസ് പോലെയായില്ലേ എന്ന് വർണ്ണ്യത്തിലാശങ്കയുമായി  ഞാനും! ചുംബനം മയിലാടി നിൽക്കും മനസ്സിന്റെ ഉള്ളിൽ മഴവില്ലു മേയും പന്തലില്ലേ എന്നതിന്റെ ഉദ്ദേശമെന്താണന്ന് ശരച്ചന്ദ്രവർമ്മയോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു!!

ഒരു പെണ്ണിനെ ഋതുനന്ദിനിയാക്കാനും വേണം ചുംബനമെന്ന് പുഴങ്കര പറയുന്നു. മന്ദഹാസത്തിന്റെ തേനൊലിക്കുന്ന (!) ചുണ്ടിൽ മയങ്ങുന്നത് ചുംബനക്കനികളാണെന്ന് ബിച്ചു. എല്ലാ ഒലിപ്പീരുകാർക്കും വേണ്ടിയാണോ അദ്ദേഹം ഇതെഴുതിയതെന്ന് തോന്നിപ്പോകും. പക്ഷേ ഭാസ്കരൻ മാസ്റ്ററുടെ ഭാവന വിടർന്നത് അധരചുംബനത്തിലല്ലാ, കരാംഗുലിയുടെ ചുംബനങ്ങളിലാണ്, അത് പ്രേമസംഗീതമായി പുറത്തു വരികയും ചെയ്തു. എങ്കിലും ചുണ്ടിൽ ഒളിച്ചു വച്ചിരിക്കുന്ന ചുംബനങ്ങൾ ചുണ്ടുകളാൽ തന്നെ കണ്ടെടുക്കും എന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്. മുള്ളിനു മുള്ള്, പല്ലിനു പല്ല്, ചുംബനത്തിനു ചുണ്ട് :) പെങ്കൊച്ചിനെ കൺഫ്യൂഷൻ അടിപ്പിക്കുന്ന ചോദ്യം ചോദിച്ചത് മറ്റാരുമല്ലാ, ഈസ്റ്റ് കോസ്റ്റ് വിജയണ്ണനാണ്. ആദ്യത്തെ ചുംബനമോർമ്മയുണ്ടോ ആരത് നൽകിയതോർമ്മയുണ്ടോ പറയൂ പ്രിയ സഖീ.. എന്നതൊരൊന്നൊന്നര ചോദ്യമായിപ്പോയി. ആ കുട്ടി ഇന്നും അത് തപ്പിക്കൊണ്ടേയിരിക്കുന്നു!! എന്നെ ചന്ദനം ചാർത്താനും ഉള്ളിൽ പ്രേമത്തിന്റെ ചുംബനം നൽകുവാനും നീയല്ലാതാരുമില്ലെന്റെ ആതിരേ എന്ന് വിലപിക്കുന്നത് ഗിരീഷേട്ടനാണ്. അദ്ദേഹത്തിന്റെ  ചില ചുംബനങ്ങളൊക്കെ കിസ്സ്ഫോർഡ് ഡിക്ഷണറിയിൽ പോലും ഇല്ലാത്തതാണ്. 

കാവ്യകൽപ്പനയുടെ പൂർണ്ണതയിലെത്തുന്ന ചുംബനങ്ങൾ അനേകമാണു ഗാന രചനകളിൽ. ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ എന്ന് തമ്പി പാടുമ്പോൾ ഉമ്മയ്ക്കുമുൻപൊരു വാമപ് ആകാം എന്നുമുണ്ട് ധ്വനി! എന്നു വച്ചാൽ ഈത്തയൊപ്പിച്ചോണ്ട് ഉമ്മിക്കാൻ പോകല്ല് എന്ന് പറയാതെ പറഞ്ഞിരിക്കുന്നു. ഉമിക്കരിപൊടിച്ച് പല്ല് തേച്ച്, മേമ്പൊടിയായി കോൾഗേറ്റോ ക്ലോസപ്പോ ഉപയോഗിച്ച് സുഗന്ധം വരുത്തി നിൽക്കുന്ന അമ്പിളിയെ ഞാൻ ഭാവനയിൽ കാണുന്നു…!! നാലുഗ്ലാസ് പട്ടയുമടിച്ച് നാലു താറാമൊട്ടയും തിന്നുറങ്ങി പിറ്റേന്ന് വെളുപ്പിനെ പല്ലുതേക്കാതെ രണ്ട് കട്ടൻ ബീഡിയും വലിച്ച് ഭാര്യയെ ചുംബിക്കാൻ ചെല്ലുന്നതാണ് ഡൈവോഴ്സ് കിട്ടാൻ എളുപ്പമാർഗം എന്ന് എവിടെയോ സലിം കുമാർ പറഞ്ഞത് ഓർത്തുപോവുകയാണ്! സത്യമാണോന്ന് ചോദിച്ചാൽ ഞാൻ പട്ടയും മുട്ടയും കട്ടനും അടിക്കാത്തോണ്ട് അറിയില്ലെന്നേ പറയൂ… അല്ലയോ ഹേമന്ത നീലനിശീഥിനീ.., മാനസദേവന്റെ ചുംബന പൂക്കളാണോ നിന്റെ ചൊടിയിണയിൽ എന്ന് പാടിയത് ഭരണിക്കാവാണ്. പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ എന്നുപാടിയ അയ്യപ്പപ്പണിക്കരുടെ ചുംബനം മാംസനിബദ്ധമല്ലാ. പവിഴാധരങ്ങളിൽ ചുംബന മുദ്രകൾ പനിനീര്‍പ്പൂ വിടര്‍ത്തും എന്ന് പാപ്പനംകോട് ലക്ഷ്മണൻ. അവളെ കാമുകനണച്ചു നിർത്തി ആലിംഗനം കൊണ്ടനുഗ്രഹിച്ചു അവർ ആയിരം ചുംബനങ്ങൾ പങ്കുവച്ചു എന്ന് മങ്കൊമ്പിന്റെ കവി ഭാവന കൊയ്തുമറിക്കുന്നു. പൂനിലാവിറ്റിയാൽ പൊള്ളുന്ന നെറ്റിയിൽ കാമുകിയുടെ ആദ്യത്തെ ചുംബനം സൂക്ഷിക്കുന്ന പുത്തഞ്ചേരിയുടെ വരികളിലെ നൈർമ്മല്യം കാണാതിരിക്കാനാവില്ല. 

പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ, ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ എന്ന് ചോദിച്ചത് മണ്മറഞ്ഞ മുല്ലനേഴിയാണ്. അധരമാം ചുംബനത്തിന്റെ മുറിവു നിൻ മധുരനാമജപത്തിനാൽ കൂടുവാൻ ഒരൽപ്പനേരം നീ അരികിൽ വന്നിരിക്കണേ എന്ന് പ്രാർത്ഥിക്കുന്നു റഫീക് അഹമ്മദ്. ഒരു ചുംബനത്തിന്നായ് ദാഹം  ശമിക്കാതെ എരിയുന്ന പൂവിതള്‍ത്തുമ്പുമായി വെറുതെ പരസ്പരം  നോക്കിയിരിക്കുന്നു അദ്ദേഹം. ഉത്രാടപ്പൂവേ താരമ്പൻ നിന്നെ തട്ടിയെടുക്കും മുന്നെ ഞാൻ ഓണപ്പൂങ്കാറ്റായ് നിന്മണിച്ചുണ്ടിൽ നൽകുമൊരോമൽ ചുംബനം എന്നും ഓർമ്മകൾ തൻ ചുടു ചുംബനമേകി തന്റെ  ഓമന പോയതെവിടെയെന്നും കൊഞ്ചലോടെന്റെ നെഞ്ചോടു ചാഞ്ഞു നീ കൈവിരൽത്തുമ്പു നുള്ളിനോവിച്ചതും ചുംബനംതന്നു വേദനിപ്പിച്ചതും ചിന്തയായ്പോലും ഉള്ളിലുണ്ടാവുമോ എന്നും  വിലപിക്കുന്നു മഹാകവി നിശീകാന്തനാശാൻ! ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ പൂവിന്റെ യൗവ്വനം സുരഭിലമാകൂ എന്ന് പാടിയത് വയലാർ. ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നു പോയോ എന്ന് വെള്ളനാട് ഗദ്ഗദപ്പെടുന്നു. തിരയും തീരവും ഡെയ്ലി ചുംബിച്ചാണുറങ്ങുന്നതെന്ന് കാനം. അപ്പോപ്പിന്റെ മനുഷ്യന്റെ കാര്യം പറയേണ്ടല്ലോ! 

അപ്പോൾ ചുംബനങ്ങളെ കൺക്ലൂഡ് ചെയ്യേണ്ട ടൈം അതിക്രമിച്ചിരിക്കുന്നു. ചുംബനങ്ങളെക്കുറിച്ച് എഴുതാത്ത കവികളില്ലാ; വരയ്ക്കാത്ത ചിത്രകാരന്മാരും അനുഭവിക്കാത്ത കാമുകഹൃദയങ്ങളും. അതിന്റെ സദാചാര തലത്തെക്കുറിച്ച് ചിന്തിച്ചാണ് ഇന്നീ നാട്ടിലെ പുകിലെല്ലാം. പരസ്യചുംബനം പാപമോ, അശ്ലീലമോ എന്നൊക്കെയോർത്ത് വിജൃംഭിക്കുന്നവർ പടിഞ്ഞാറൻ നാട്ടിൽ ജോലി തരപ്പെട്ടാൽ ആ അങ്കുഷി അവസാനിക്കുകയാണ് പതിവ്. തന്നെ അകന്ന് വിദേശത്തേക്ക് പോകുന്ന ഭർത്താവിന് (തിരിച്ചും) ചുംബനം നൽകുന്നത് ഇന്ന് നമ്മുടെ എയർപോർട്ടുകളിൽ ഒരു നിത്യക്കാഴ്ചയാണ്. അതിനു വിരഹത്തിന്റെ നൊമ്പരമുണ്ട്, ധന്യതയുണ്ട്… മരിച്ചുകിടക്കുന്ന പ്രിയരെ ചുംബിക്കുന്നതിനു വേർപാടിന്റെ ആഴമുണ്ട്…  വിവാഹശേഷം പരസ്യമായി ചെയ്യുന്ന ചുംബനത്തിന് പുതിയൊരു ബന്ധത്തിന്റെ ഊഷ്മളതയും അംഗീകാരവും ഉണ്ട്… അതേപോലെ തന്നെയല്ലേ ഇണയോട് പ്രണയപൂർവ്വം ചെയ്യുന്ന ചുംബനവും… ആണും പെണ്ണും ചുംബിക്കുന്നതു കണ്ടാൽ ഇടിഞ്ഞു പോകുന്ന സദാചാരച്ചുമരുകളും ആകാശവുമാണീ നാട്ടിൽ ഉള്ളതെന്നോ?!. ഇത്തരമൊരു അവസ്ഥ സംജാതമായതിന്  ഇവിടുത്തെ സദാചാര അപ്പോസ്തലന്മാർക്കുമുണ്ട് നല്ലൊരു പങ്ക്. പരസ്യ ചുംബനം കുറ്റകരമെങ്കിൽ ചുംബനം ചേർത്ത സകല പാട്ടുകളും ഇവിടെ നിരോധിക്കേണ്ടതാണെന്ന് പറഞ്ഞ് ഇനി ആളുകൾ ഇറങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല. മൂത്രമൊഴിക്കുന്നതിനു വരെയും ഗ്രന്ഥങ്ങളെ ആശ്രയിക്കുന്ന, ആണവ റിയാക്ടറുകൾക്ക് അത്മീയ ലിംഗത്വം കൽപ്പിക്കുന്ന, ബിഗ് ബാങ്ങ് ഈശോമിശിഹയുടെ മാജിക്കാണെന്ന്  ഇന്നലെവരെയും പുലമ്പി നടന്നിരുന്ന മതാതിഷ്ഠിത ജീവന രീതികൾ കൽപ്പിച്ചുതന്ന ഏറ്റവും രൂക്ഷമായ അധിനിവേശമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന വസ്തുത കാണാതിരിക്കാൻ കഴിയില്ല! 

“ചുംബനങ്ങളനുമാത്രം വെമ്പി വെമ്പിത്തുളുമ്പും  നിൻ

ചുണ്ടുരണ്ടു,മെന്നെന്നേയ്ക്കുമടഞ്ഞാൽ, പിന്നെ

നിന്നെയോർക്കാനാരു കാണും!? നീയതിനാൽ നിനക്കുള്ള

നിർവൃതികളൊന്നു പോലും ബാക്കി വയ്ക്കൊല്ലേ….” എന്ന ചങ്ങമ്പുഴയുടെ ആഹ്വാനത്തോടെ എന്റെ ചുംബനപുരാണം ഒന്നാം സർഗ്ഗം ഇതി സമാപ്തം :)