ഹിമ ശങ്കർ
മലയാള ചലച്ചിത്ര നടി. 1987 ജൂൺ 2 തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ എൻ കെ ശങ്കരൻ കുട്ടിയുടെയും എൻ കെ കുമാരിയുടെയും മകളായി ജനിച്ചു. കൊടകര സെന്റ് ഡോൺ ബോസ്കോ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളി നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃതത്തിൽ ബിരുദം നേടിയതിനുശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ നിന്നും തിയ്യേറ്റർ ആർട്സിൽ പി ജി എടുത്തു.
പഠനത്തിനു ശേഷം നാടക നടിയായിട്ടാണ് ഹിമ ശങ്കർ തന്റെ അഭിനയ ജീവിതം ആരംഭിയ്ക്കുന്നത്. നാടകങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനുശേഷമായിരുന്നു സിനിമയിലേയ്ക്ക് പ്രവേശനം. സിനിമയിലെത്തുന്നതിനുമുമ്പ് ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. 2010-ൽ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഹിമ ശങ്കറിന്റെ സിനിമയിലെ തുടക്കം. ആ വർഷം തന്നെ യുഗപുരുഷൻ, അപൂർവ രാഗം എന്നീ സിനിമകളിലും അഭിനയിച്ചു. സീനിയേൾസ്, ഇയ്യോബിന്റെ പുസ്തകം, ഒറ്റക്കോലം, ഹിമാലയത്തിലെ കശ്മലൻ.. എന്നിവയുൾപ്പെടെ ഇരുപതിലധികം ചിത്രങ്ങളിൽ ഹിമ ശങ്കർ അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്ബോസ് (സീസൺ 1) റിയാലിറ്റിഷോയിൽ ഹിമ ശങ്കർ പങ്കെടുത്തിരുന്നു. സാമൂഹ്യപശ്നങ്ങളിൽ ഇടപെടുന്ന ഒരു ആക്ടിവിസ്റ്റ് കൂടിയാണ് ഹിമ ശങ്കർ..