ശശി കലിംഗ
കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ചന്ദ്രകുമാർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിപ്ലോമ പാസായതിനു ശേഷം അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെയാണ് നാടകത്തിൽ എത്തിപ്പെടുന്നത്. പതിനെട്ടാമത്തെ വയസ്സിൽ നാടകവേദിയിലെത്തി. നാടകത്തിൽ ഏകദേശം ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ശേഷമാണ് ചന്ദ്രകുമാർ എന്ന ശശി,ശശി കലിംഗയായി സിനിമയിലെത്തിയത്. വീട്ടിലെ വിളിപ്പേരായ ശശി എന്നത് അഭിനയരംഗത്ത് ഉപയോഗിച്ച ചന്ദ്രകുമാർ, ശശി കോഴിക്കോട് എന്നാണ് നാടകത്തിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ അറിയപ്പെട്ടിരുന്നത്. സംവിധായകൻ രഞ്ജിത്താണ് ശശി വർക്ക് ചെയ്ത നാടകട്രൂപ്പിന്റെ പേരു കൂടിച്ചേർത്ത് ശശി കലിംഗ എന്നാക്കി മാറ്റിയത്. രഞ്ജിത്തിന്റെ "പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകം" എന്ന സിനിമയിൽ "മോഹൻ ദാസ് മണാലത്ത്" എന്ന പോലീസോഫീസറുടെ വേഷത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. നാടകത്തിനു പുറമേ ടി വി സീരിയലുകളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിലെ മുൻഷി എന്ന പരമ്പരയിലും തിളങ്ങി. ആർ ഗോപിനാഥാണ് ക്യാമറയുടെ മുന്നിലെ അഭിനയത്തേപ്പറ്റി കൃത്യമായ അറിവുകൾ ശശിക്ക് പകർന്നു നൽകിയത്. അഞ്ച് വർഷത്തിനുള്ളിൽ നൂറിൽപ്പരം മലയാള സിനിമകളിൽ അഭിനയിച്ചു.
അച്ഛൻ ചന്ദ്രശേഖരൻ നായർ അമ്മ സുകുമാരി.ഭാര്യ പ്രഭാവതി കോഴിക്കോട് എൻ ഐ ടിയിലെ ഉദ്യോഗസ്ഥ.