വി ഡി രാജപ്പൻ

V D Rajappan
V D Rajappan-Actor
Date of Birth: 
തിങ്കൾ, 3 January, 1944
Date of Death: 
Thursday, 24 March, 2016
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 2

കാഥികമേഖലയിൽ പ്രഗത്ഭമതികളും ഉന്നതരും തിളങ്ങിയകാലത്ത് അവർക്കിടയിലേക്ക് പട്ടിയുടെയും പൂച്ചയുടെയും പാരഡി കഥകളുമായി കടന്നുവന്ന ജനകീയ കലാകാരനായിരുന്ന വി ഡി രാജപ്പൻ 1944 ജനുവരി 3 ആം തിയതി ദേവദാസിന്റെയും വാസന്തിയുടെയും പുത്രനായി കോട്ടയത്താണ് ജനിച്ചത്.

ഇദ്ദേഹം തന്റെ പതിനാലാം വയസിൽ സഹോദരിമാരെ പോറ്റാനുള്ള ഉത്തരവാദിത്തമേറ്റെടുത്ത് കുടുംബവക ബാർബർ ഷോപ്പിൽ പണിക്കാരനായി. അതോടെപ്പം കോട്ടയം മാർക്കറ്റിൽ ചുമട്ടുകാരനായി ജോലിയും നോക്കിയീട്ടുണ്ട്.

പട്ടിണിയുടേതായ കുട്ടിക്കാലത്ത് വീട്ടിൽനിന്ന് കിട്ടിയ ചില്ലറത്തുട്ടുകളുമായി ചായകുടിക്കാൻ എത്തിയപ്പോൾ മനസിൽ തോന്നിയ വരികളാണ് പ്രശസ്ത ഗാനത്തിനൊപ്പിച്ച് അന്ന് രാജപ്പൻ പാടിയിരുന്നത്. തുടർന്നായിരുന്നു മൃഗങ്ങൾ, വാഹനങ്ങൾ, പക്ഷികൾ എന്നിവയെ കഥാപാത്രങ്ങളാക്കി ഇദ്ദേഹം കഥാപ്രസംഗം ആവിഷ്ക്കരിച്ചത്.

പൊത്തുപുത്രി, ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, എന്നെന്നും കുരങ്ങേട്ടന്റെ, വാഹനങ്ങളുടെ ഹാസ്യ പ്രണയകഥയായ അവളുടെ പാർട്സുകൾ തുടങ്ങിയവ ശ്രദ്ധേയങ്ങളായ കഥാപ്രസംഗങ്ങളായിരുന്നു. ഇവയ്ക്ക് വിദേശരാജ്യങ്ങളിലടക്കം വേദികൾ കിട്ടിയിട്ടുണ്ട്.

അഭിനയിച്ച ആദ്യ രണ്ടു സിനിമകളായ 'കാട്ടുപോത്ത്', 'ഞാനും വരുന്നു' എന്നിവ വെളിച്ചം കണ്ടില്ല. 1982 ൽ 'കക്ക'യാണ് പുറത്തിറങ്ങിയ ആദ്യചിത്രം. 

കുയിലിനെത്തേടി എന്ന നാലാം ചിത്രത്തോടെ തട്ടകമുറപ്പിച്ചു. എങ്ങനെ നീ മറക്കും, ആട്ടക്കലാശം, പൂച്ചക്കൊരു മൂക്കുത്തി, കെ ജി ജോർജിന്റെ പഞ്ചവടിപ്പാലം, സിബി മലയിലിന്റെ മുത്താരം കുന്ന് പി ഒ തുടങ്ങിയവയിലെ വേഷങ്ങൾ മികച്ചു നിന്നു.

തമിഴലടക്കം നൂറോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 'ആനയ്ക്കൊരുമ്മ', സഖാവ് എന്നീ സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

ചിരിയുടെ മുഖമായിരുന്ന വിഡി രാജപ്പന്‍ 2016 മാര്‍ച്ച് 24 ആം തിയതി തന്റെ 72 ആം വയസ്സിൽ വിടപറഞ്ഞു.