വഞ്ചിയൂർ രാധ
തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിനിയായ രാധയുടെ കലാജീവിതത്തിന്റെ തുടക്കം ഓൾ ഇന്ത്യ റേഡിയോയിൽ ബാലലോകത്തിൽ നാടകം അവതരിപ്പിച്ചുകൊണ്ടായിരുന്നു. അവിടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ നാടക വേദികളിലും അഭിനയിച്ചുതുടങ്ങി.
മെരിലാൻഡ് സുബ്രഹ്മണ്യത്തിന്റെ പൊൻകതിർ എന്ന ചിത്രത്തിലൂടെ പതിനാലാമത്തെ വയസ്സിൽ സിനിമയിലെത്തി. പതിനേഴാമത്തെ വയസ്സിൽ കെപിഎസിയുടെ 'മുടിയനായ പുത്രൻ' എന്ന നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതാണ് അഭിനയജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് രണ്ടായിരത്തോളം വേദികളിലായി ഒട്ടേറെ നാടകങ്ങളിൽ വേഷമിട്ടു.
വിദ്യാർഥി എന്ന ചിത്രത്തിൽ പ്രേംനസീറിന്റെ സഹോദരിയുടെ വേഷം അഭിനയിക്കുന്നതിനായി രാധ മദ്രാസിൽ എത്തുകയും തുടർന്ന് കുറച്ചധികം സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും വിവാഹിതയായി ഭർത്താവ് നാരായണപിള്ളയോടൊപ്പം മദ്രാസിൽത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്യുകയാണുണ്ടായത്. ശ്രീകുമാർ, ഹരികുമാർ(Late) എന്നിവരാണ് മക്കൾ.. പുത്രധർമ്മം, രണ്ടിടങ്ങഴി, ഭക്തകുചേല, ലൈറ്റ്ഹൗസ്, ദൃക്സാക്ഷി, ഉദയം, പണിമുടക്ക്, മുദ്രമോതിരം, തോരണം തുടങ്ങി നൂറോളം മലയാള ചിത്രങ്ങളിലും പന്ത്രണ്ടോളം തമിഴ് സിനിമകളിലും അഭിനയിച്ചു. മലയാളത്തിൽ മെരിലാൻഡ് ചിത്രങ്ങളിലും ജെ ശശികുമാർ സംവിധാനം ചെയ്ത സിനിമകളിലുമാണ് വഞ്ചിയൂർ രാധ കൂടുതൽ അഭിനയിച്ചിട്ടുള്ളത്.