ബാലചന്ദ്രൻ പി
തൃശൂർ സ്വദേശി. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിറില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ശ്രീ കേരള വർമ്മ കോളേജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും പൂർത്തിയാക്കിയ ബാലചന്ദ്രൻ ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ 33 വർഷത്തോളം ജോലി ചെയ്തു.
അമച്വര്‍ നാടകവേദികളിലും ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന ബാലചന്ദ്രൻ തൃശൂർ നാടക സൗഹൃദം, രംഗചേതന എന്നീ സംഘങ്ങളില്‍ അംഗമാണ്. തൃശൂര്‍ നവചിത്ര ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റാണ്. എം.ടി യുടെ 'നാലുകെട്ട്', വൈശാഖന്റെ 'സൈലന്‍സര്‍' എന്നിവയുടെ നാടകാവിഷ്ക്കാരങ്ങളില് അഭിനയിച്ചിട്ടുണ്ട്. ഉദ്ദേശം പതിനൊന്നോളം മലയാള സിനിമകളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. സുനിൽ സുഖദയുടെ 'ബൂമറാങ്ങ്', സി.എസ് മുരളി ബാബുവിന്റെ 'ഹരിശ്രീ ഗണപതായേ നമഃ' തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും, ഈസ്റ്റേൺ കറിപൗഡർ, നിറപറ കറിപൗഡർ, മാതൃഭൂമി, ജോയിന്റ് ഫ്രീ, വി.കെ.സി പ്രൈഡ്, ഫ്രാൻസിസ് ആലൂക്കാസ് ജ്വല്ലറി, ടാറ്റാ ഹിമാലയൻ മിനറൽ വാട്ടർ തുടങ്ങിയ പരസ്യചിത്രങ്ങളിലും അഭിനേതാവായിരുന്നു.
തൃശൂർ ജില്ലയുടെ എ ഡിവിഷനു വേണ്ടി ക്രിക്കറ്റിലും ഫുട്ബോളിലും പങ്കെടുത്തിരുന്ന ബാലചന്ദ്രൻ ഒരു കായികപ്രേമികൂടിയാണ്.