ഫ്രണ്ട് രാമസ്വാമി
കൊടുങ്ങല്ലൂരിൽ കൃഷ്ണമേനോന്റെയും കല്യാണി അമ്മാളിന്റെയും നാലാമത്തെ മകനായാണ് രാമസ്വാമി ജനിച്ചത് ഒൻപതാം വയസ്സിൽ ഒരു സർക്കസ് കമ്പനിയിൽ ചേർന്ന രാമസ്വാമി ഒന്നരവർഷം സർക്കസിലായിരുന്നു. പിന്നീട് അദ്ദേഹം ആർ കെ എസ് നാടകസംഘത്തിൽ ചേർന്നു. ആർ കെ എസ് നാടക സംഘത്തിലെ "മനിതൻ" എന്ന നാടകത്തിൽ (1949 ൽ ) "ഫ്രണ്ട്" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ആ കഥാപാത്രനാമം രാമസ്വാമിയുടെ പേരിനൊപ്പം കൂടി. അങ്ങനെ അദ്ദേഹം ഫ്രണ്ട് രാമസ്വാമി എന്ന എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
1935 -ൽ പുറത്തിറങ്ങിയ മേനക എന്ന തമിഴ് സിനിമയിലൂടെയാണ് രാമസ്വാമി ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറുന്നത്.1952 -ൽ റിലീസ് ചെയ്ത അമ്മ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. ആന വളർത്തിയ വാനമ്പാടി, പെണ്മക്കൾ, ജീവിത യാത്ര, റസ്റ്റ്ഹൗസ്, രഹസ്യം, ലൗ ഇൻ കേരള... തുടങ്ങി കുറെ ചിത്രങ്ങളില്‍ വേഷമിട്ടു. കെ പി കൊട്ടാരക്കര നിര്‍മ്മിക്കുന്ന മിക്ക ചിത്രങ്ങളിലും ഫ്രണ്ട് രാമസ്വാമിയ്ക്ക് ഒരു വേഷം ഉണ്ടായിരുന്നു. പ്രേംനസീര്‍ അഭിനയിച്ച തങ്കം മനസ്സ് തങ്കം എന്ന തമിള്‍ ചിത്രം നിര്‍മ്മിച്ചതും മലയാളി കൂടിയായ രാമസ്വാമി ആയിരുന്നു. ദി സ്റ്റോൺ ഈസ് ഫ്രൂട്ട്ഫുൾ [1968], "ദി ഗോൺ മാൻ ഹാസ് കം ബാക്ക്" [1954] എന്നീ ഇംഗ്ലീഷ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കാമാക്ഷി എന്നാണ് രാമസ്വാമിയുടെ ഭാര്യയുടെ പേര്. 1971 നവംബർ 11 -ന് ഫ്രണ്ട് രാമസ്വാമി അന്തരിച്ചു.