ജയാനൻ വിൻസെന്റ്
1959 സെപ്റ്റംബർ 12 നു കോഴിക്കോട് ജനിച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന എ വിൻസന്റിന്റെ മകനാണ്.
1975 ൽ ജ്യോതി എന്ന തെലുങ്ക് ചിത്രത്തിലൂടെ ഛായാഗ്രഹണസഹായി ആയാണു ജയാനൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ട് വർഷം തെലുങ്ക് സിനിമകളിൽ ഛായഗ്രഹണസഹായി ആയി പ്രവർത്തിച്ചു. 1977 ൽ അഗ്നിനക്ഷത്രം എന്ന സിനിമയിൽ നവകാന്തിൻ്റെ സഹായിയായി മലയാള ചലച്ചിത്ര ഛായഗ്രഹണത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, പഞ്ചാബി, ഹിന്ദി എന്നീ ഭാഷകളിലായി നൂറ്റി അറുപതിലധികം സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.
ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമറ്റോഗ്രഫേർസ് (ISC) ലെ അംഗമാണ് ജയാനൻ വിൻസൻ്റ്. സഹോദരൻ അജയൻ വിൻസൻ്റും ഛായാഗ്രഹണരംഗത്ത് പ്രശസ്തനാണു.
1998 ൽ തെലുങ്കു ചിത്രമായ 'പ്രേമൻ്റേ ഇതര'യുടെ ഛായാഗ്രഹണത്തിനു ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ നന്തി അവാർഡും 1984ൽ അടിയൊഴുക്കുകൾ എന്ന ചിത്രത്തിനു കേരള സർക്കാരിൻ്റെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
മകൻ ജോൺ വിൻസൻ്റ്.