കുളപ്പുള്ളി ലീല
മലയാള ചലച്ചിത്ര നടി. കോഴിക്കോട് ജില്ലയിലെ മുക്കത്ത് ജനിച്ചു. മുക്കം യു പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് നാടകാഭിനയത്തിലേയ്ക്ക് കടക്കുന്നത്. ദാരിദ്ര്യം മൂലം ഏഴാംക്ലാസ് വരെയേ പഠിക്കാൻ കഴിഞ്ഞുള്ളു. നാടകനടനും പുല്ലാങ്കുഴൽ വിദഗ്ധനുമായിരുന്ന അമ്മാവനാണ് പിന്നീട് നാടകാഭിനയത്തിൽ ലീലയ്ക്ക് വഴികാട്ടിയായത്. കെ ടി മുഹമ്മദിന്റെ കാഫർ എന്ന നാടകത്തിൽ ഹാജിയാരുടെ ഭാര്യ കൽമേയിയായും സി എൽ ജോസിന്റെ ജ്വലനത്തിൽ ഭാരതിയായും അഭിനയിച്ചതോടെ നാടകവേദിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇരുട്ട് എന്ന നാടകത്തിന്റെ സംവിധായകൻ കൂടിയായ കൃഷ്ണകുമാറിനെയാണ് ലീല വിവാഹം കഴിച്ചത്. കൃഷ്ണകുമാർ കുളപ്പുള്ളി സ്വദേശിയായതിനാൽ ലീല പിന്നീട് കുളപ്പുള്ളിയിൽ താമസമാക്കി.
ശരണാർത്ഥികൾ എന്ന റേഡിയോ നാടകത്തിലെ കഥാപാത്രത്തിനു ശബ്ദം കൊടുത്തുകൊണ്ടാണ് ലീല ആകാശവാണി നാടകങ്ങളിൽ തുടക്കം കുറിയ്ക്കുന്നത്. ആകാശവാണി ഉദ്യോഗസ്ഥയും റേഡിയോ നാടകങ്ങളിലെ ശബ്ദ സാന്നിധ്യവുമായിരുന്ന തങ്കമണിയാണ് ലീലയുടെ പേര് കുളപ്പുള്ളി ലീല എന്നാക്കി മാറ്റിയത്.കുളപ്പുള്ളി ലീല അഭിനയിച്ച ഒരു നാടകം കാണാനിടയായ സംവിധായകൻ കമൽ തന്റെ അയാൾ അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിൽ കുളപ്പുള്ളി ലീലയെ അഭിനയിയ്ക്കാൻ ക്ഷണിച്ചു. ആ സിനിമയിൽ ലീല അവതരിപ്പിച്ച ത്രേസ്യാമ്മ എന്ന കഥാപാത്രം പ്രേക്ഷക പ്രീതി നേടി. തുടർന്ന് നൂറോളം മലയാള സിനിമകളിൽ കുളപ്പുള്ളി ലീല അഭിനയിച്ചു. അഭിനയിച്ചവയിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളായിരുന്നു. മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളോടെല്ലാം വഴക്കുണ്ടാക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കുളപ്പുള്ളി ലീല ശ്രദ്ധ നേടി. രജനീ കാന്തിനോടൊപ്പം മുത്തു എന്ന തമിഴ് ചിത്രത്തിലും കുളപ്പുള്ളി ലീല അഭിനയിച്ചു. കസ്തൂരിമാൻ എന്ന സിനിമയുടെ തമിഴ് റീമെയ്ക്കിൽ അഭിനയിച്ചുകൊണ്ടാണ് കുളപ്പുള്ളി ലീല തമിഴിലിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പത്തിലധികം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. രജനീ കാന്തിനോടൊപ്പം മുത്തു എന്ന തമിഴ് ചിത്രത്തിലും കുളപ്പുളളി ലീല അഭിനയിച്ചു.