എസ് നൊട്ടാണി

S Nottani
S Nottani-Director
ശേവക്റാം നൊട്ടാണി
Shewakram Nottani
സംവിധാനം: 2

ശേവക് റാം നൊട്ടാണി എന്ന എസ് നൊട്ടാണി ബോംബെയിലെ സമ്പന്നമായ ഒരു പാഴ്സി  കുടുംബത്തിൽ ജനിച്ചു. ചെറുപ്പകാലത്ത് തന്നെ സിനിമയിൽ ഹരം കയറിയ നൊട്ടാണി  അഭിനേതാവാകാൻ അവസരവും കഴിവുമുണ്ടായിട്ടും സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക് എത്തിപ്പെടുകയായിരുന്നു. ഇരുപതാം വയസ്സിൽ ബോംബെ ടാക്കീസിൽ അഭിനയ മോഹവുമായെത്തിയ നൊട്ടാണിക്ക് സ്റ്റുഡിയോയിലെ എഡിറ്റിംഗ് റൂമിൽ ട്രെയിനിയായി ഉദ്യോഗം ലഭിച്ചു.സ്ഥിരോൽസാഹിയായിരുന്ന നൊട്ടാണി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫിലിം എഡിറ്റിംഗിന്റെ തന്ത്രങ്ങളും മറ്റും അഭ്യസിച്ച് സിനിമയുടെ മറ്റ് മേഖലകളായ ഛായാഗ്രാഹണം, റെക്കോർഡിംഗ് , സംവിധാനം എന്നിവയിലും കഴിവ് നേടിയെടുത്തു.

ഇക്കാലയളവിലാണ്  ദക്ഷിണേന്ത്യൻ സിനിമയിൽ പിന്നീട് പ്രശസ്തനായി മാറിയ ടി ആർ സുന്ദരം ബോംബേ ടാക്കീസിൽ സിനിമാ ചിത്രീകരണത്തേപ്പറ്റി മനസിലാക്കുവാനെത്തുന്നതും നൊട്ടാണിക്ക് സേലത്തുള്ള തന്റെ സ്റ്റുഡിയോയിൽ സ്വതന്ത്ര ഛായാഗ്രാഹകൻ എന്ന ജോലി വാഗ്ദാനം ചെയ്യുന്നതും. സുന്ദരത്തിന്റെ ജോലി സ്വീകരിച്ച് നൊട്ടാണി കോയമ്പത്തൂരെത്തി, സുന്ദരം അക്കാലത്ത് നിർമ്മിച്ചു കൊണ്ടിരുന്ന “ബാലൻ” എന്ന മലയാളത്തിലെ ആദ്യ ശബ്ദ ചിത്രത്തിന്റെ ഛായാഗ്രാഹക ചുമതല ഏറ്റെടുത്തു. ചില പ്രത്യേക സാഹചര്യങ്ങൾ നിമിത്തം "ബാലന്റെ" സംവിധാനച്ചുമതലയും നൊട്ടാണി ഏറ്റെടുത്തു."ബാലനു" ശേഷം രണ്ട് തമിഴ് ചിത്രങ്ങൾ കൂടി സുന്ദരത്തിനു വേണ്ടി നൊട്ടാണി സംവിധാനം ചെയ്തു. തുടർന്ന് അണ്ണാമല ചെട്ടിയാർ നിർമ്മിച്ച, മലയാളത്തിലെ രണ്ടാം ശബ്ദചിത്രമായ “ജ്ഞാനാംബിക”യുടെ സംവിധാനവും നിർവ്വഹിച്ചത് നൊട്ടാണിയാണ്.
 
ഇതേ കാലയളവിലാണ് തൃശൂരു നിന്നും അപ്പൻ തമ്പുരാൻ “ഭൂതരായർ” എന്ന മലയാളചിത്രത്തിനു വേണ്ടി കേരളത്തിലേക്ക് നൊട്ടാണിയെ ക്ഷണിക്കുന്നത്. കുടുംബത്തോടൊപ്പം കേരളത്തിൽ താമസമാക്കിയ നൊട്ടാണിക്ക് പക്ഷേ സിനിമയുടെ ചിത്രീകരണം അപ്രതീക്ഷിതമായി  മുടങ്ങിയതിനേത്തുടർന്ന് ജോലി നഷ്ടമായി.കടുത്ത സാമ്പത്തിക പരാധീനതകളേത്തുടർന്ന് അദ്ദേഹം ഒടുവിൽ തന്റെ ഭാര്യയേയും കൈക്കുഞ്ഞിനേയും കൊണ്ട് മദ്രാസിലേക്ക് തീവണ്ടി കയറി. രണ്ടാം ലോകമഹായുദ്ധം കാരണം അന്ന് മദ്രാസിലെ സ്റ്റുഡിയോകൾ വളരെക്കാലമായി അടച്ചിട്ടതിനേത്തുടർന്ന് ജോലി ഒന്നും ലഭ്യമാവാതെ തിരിച്ച് ബോംബെക്ക് തന്നെ മടങ്ങി.
 
ബോംബെയിൽ എത്തിയ നൊട്ടാണിയും കുടുംബവും ഒരു സുഹൃത്തിന്റെ സഹായത്തോടെ ഒരു വാടകവീട്ടിൽ താമസമാരംഭിച്ചു. ജോലിതേടിയലഞ്ഞ നൊട്ടാണി ഒടുവിൽ തന്റെ ഭാര്യയുടെ തയ്യൽ ജോലികളിൽ സഹായിച്ചു.വീടിന്റെ പരിസരങ്ങളിൽ നിന്ന് തുണിത്തരങ്ങൾ തയ്ക്കുന്നതിന് ഓർഡർ നേടിയെടുത്ത നൊട്ടാണിയും ഭാര്യയും ലിബേർട്ടി ഗാർമെന്റ്സ് എന്ന ഒരു ബോർഡ് വച്ച് തയ്യൽ വ്യവസായം വിപുലീകരിച്ചു.നൊട്ടാണി തുണി വെട്ടിക്കൊടുക്കും,ഭാര്യ തയ്ക്കും.  ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവർ തയ്ക്കുന്ന പ്രത്യേകം ഹാഫ് സ്ലീവ്ഡ് സ്ലീക്ക് ഷർട്ടിന് വളരെ പ്രചാരം ലഭിച്ചു.ആ പ്രസിദ്ധി കൊണ്ട് ആ ബിസിനസ് വിപുലീകരിക്കാൻ അവർക്ക് കഴിഞ്ഞു, പത്ത് വർഷം കൊണ്ട് നൂറിലധികം തയ്യൽ മഷീനുകളവർ വാങ്ങി, സ്വന്തമായി ഫാക്റ്ററി തുടങ്ങി, മുന്നൂറിലധികം ജോലിക്കാരായി. മിഡിലീസ്റ്റിലേക്കും യൂറോപ്യയിലേക്കും അമേരിക്കയിലേക്കുമൊക്കെ തുണിത്തരങ്ങൾ കയറ്റി അയച്ചു തുടങ്ങി. കോടിക്കണക്കിന് വിറ്റുവരവുള്ള ലിബേർട്ടി ഗാർമെന്റ്സ് പ്രമുഖ വ്യവസായ ശൃംഖലയായി മാറി.സിനിമയിലേക്ക് ഒരിക്കലും അദ്ദേഹം തിരിച്ചു വന്നില്ല. വിജയം കൈവരിച്ച ഒരു വ്യവസായിയായിത്തന്നെ നൊട്ടാണി അന്തരിച്ചു.
 
(അവലംബം:- ചേലങ്ങാട് ഗോപാലകൃഷ്ണന്റെ  മലയാള സിനിമ ചരിത്രം വിചിത്രം എന്ന പുസ്തകം)