ജിയോ ബേബി

Jeo Baby
Geo-Baby-m3db.png
സംവിധാനം: 3
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

മലയാള ചലച്ചിത്ര സംവിധായകൻ.  1982 ജൂൺ 6- ന് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ ബേബി ജോജ്ജിന്റെയും ഏലിക്കുട്ടിയുടെയും മകനായി ജനിച്ചു. അരുവിത്തറ സെന്റ് മേരീസ് എൽ പിസ്ക്കൂൾ, തീക്കോയി സെന്റ് മേരീസ് ഹൈസ്ക്കൂൾ, സെന്റ് പോൾസ് ഹൈസ്ക്കൂൾ മുന്നിലവ്... എന്നീ സ്കൂളുകളിലായിരുന്നു ജിയോ ബേബിയുടെ പഠനം. പ്രീഡിഗ്രിമുതൽ ബി കോം വരെ സെന്റ് ജോർജ്ജ് കോളേജ് അരുവിത്തറയിലായിരുന്നു ജിയോ പഠിച്ചത്.

ബികോമിന് പഠിയ്ക്കുന്ന സമയത്ത് 2001-ലാണ് ജിയോ ബേബി ആദ്യമായി ഒരു ഷോർട്ട് ഫിലിം ചെയ്യുന്നത്. ഗ്രാഫിക് തൃശ്ശൂർ നടത്തിയ കേരളത്തിലെ ആദ്യത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ആ സിനിമ പ്രദർശിപ്പിച്ചു. അവിടെവെച്ച് പിന്നീട് നടനും സംവിധായകനുമായി മാറിയ സിദ്ധാർത്ഥ് ശിവയെ പരിചയപ്പെട്ടു.  2002-ലും ജിയോ കോളെജിൽ ഒരു ഷോർട്ട് ഫിലിം ചെയ്തു. അതിന്റെ ഛായാഗ്രാഹകൻ സിദ്ധാർത്ഥ് ശിവയായിരുന്നു. സിദ്ധാർത്ഥിന്റെ അച്ഛൻ ശിവപ്രസാദ് അദ്ധ്യാപകനായ ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് കമ്യൂണിക്കേഷനിൽ എം എ സിനിമ ആൻഡ് ടെലിവിഷൻ പഠനത്തിന് ജിയോബേബി ചേർന്നു. എന്നാൽ സ്വവർഗ്ഗാനുരാഗികളെക്കുറിച്ചുള്ള ഷോർട്ട് ഫിലിം ചെയ്തതിന് ജിയോയെ കോളെജിൽ നിന്നും പുറത്താക്കി.  സിനിമാ പഠനകാലത്ത് ചില ഷോർട്ട് ഫിലിമുകൾക്കും മ്യൂസിക് വീഡിയോകൾക്കും ജിയോ സംഗീതം നൽകിയിരുന്നു. കോളേജിൽ നിന്നും പുറത്താക്കപ്പെട്ടതിനുശേഷം 2007- മുതൽ 2010 വരെ പരസ്യ ചിത്രങ്ങൾക്ക് സംഗീതം നൽകിയിരുന്നു.

ജിയോ ബേബി 2010 മുതൽ വീണ്ടും സിനിമയിലേയ്ക്ക് തന്നെ തിരിഞ്ഞു. മഴവിൽ മനോരമയ്ക്കുവേണ്ടി ഒരു ഫീച്ചർ ഫിലിമിൽ സഹ സംവിധായകനായി പ്രവർത്തിയ്ക്കാൻ തുടങ്ങി. അതിനുശേഷം നി കൊ ഞാ ചാ എന്ന സിനിമയുടെ സംവിധാന സഹായിയായി. രാവ് എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം എന്നിവയിൽ പങ്കാളിയായി. അതിൽ സഹ സംവിധായകനായും പ്രവർത്തിച്ചു. 2014- ൽ കൂട്ടുകാരുമായി ചേർന്ന് ജിയോ ബേബി രണ്ടു പെൺകുട്ടികൾ (ന്യൂ ) എന്ന സിനിമ നിർമ്മിയ്ക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ആ സിനിമ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സ്വന്തമാക്കി. അമേരിക്ക, ബുസാൻ, സ്വീഡൻ, ടർക്കി ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിയ്ക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തു. ( മികച്ച കുട്ടികളുടെ ചിത്രം ബംഗ്ലാദേശ് ഓപ്പൺ ഫിലിം ഫെസ്റ്റിവൽ, മികച്ച വിദേശ ചിത്രം ലൗ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ലോസാഞ്ചലസ്, വുമൺ ക്രിട്ടിക് സർക്കിൾ അവാർഡ് സോഷ്യലി റലവന്റ് ഫിലിം ഫെസ്റ്റിവൽ ന്യൂയോർക്ക് ).

ജിയോ ബേബിയുടെ രണ്ടാമത്തെ സംവിധാന സംരംഭം 2016-ൽ  കുഞ്ഞു ദൈവം ആയിരുന്നു. മികച്ച ബാലതാരത്തിനുള്ള അറുപത്തിനാലാമത് ദേശീയ പുരസ്ക്കാരം, World fest Houston international film festivel, മികച്ച വിദേശ ചിത്രം സംവിധാനത്തിനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം, Love international film festival Lose angeles മികച്ച സംവിധായകൻ, മികച്ച സംഗീത സംവിധായകൻ  എന്നിവ കുഞ്ഞു ദൈവം നേടി. കുഞ്ഞു ദൈവം ഉൾപ്പെടെ ചില സിനിമകളിൽ ജിയൊ അഭിനയിച്ചിട്ടുണ്ട്.

ജിയോ ബേബിയുടെ ഭാര്യ ബീന. രണ്ടു മക്കളാണ് അവർക്കുള്ളത്. മ്യൂസിക് ജിയോ, കഥ ജിയോ..