എം ജി കെ വിഷ്ണു
എറണാകുളം നോർത്ത് പറവൂർ സ്വദേശി. 1988 നവംബർ 1 ന് ഗോപിയുടെയും കലയുടെയും മകനായി ജനനം. തൃശ്ശൂർ കോട്ടപ്പുറത്താണ് ജനിച്ച് വളർന്നത്. അച്ഛൻ ഗോപി ഒരു സഹകരണസ്ഥാപനത്തിലെ ജോലിക്കാരനായി റിട്ടയർ ചെയ്തയാളാണ്. അമ്മ കല, ഒരു ഗവൺമെൻ്റ് എയ്ഡഡ് ട്രെയിനിംഗ് സ്ഥാപനം നടത്തിവരുന്നു. തൃശ്ശൂർ ഗവൺമെൻ്റ് മോഡൽ ബോയ്സ് സ്കൂൾ, ഇടുക്കി വണ്ടന്മേട് MES ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വിഷ്ണു തൊടുപുഴ മുട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ നിന്നും എഞ്ചിനിയറിങ്ങ് ബിരുദവും നേടി.
സ്കൂൾ/കോളേജ് കാലം മുതൽക്ക് തന്നെ സിനിമയോടും അഭിനയത്തോടും താല്പര്യമുണ്ടായിരുന്നു. സിനിമാ ശ്രമങ്ങൾക്കിടയിൽ, ഡാർവിൻ്റെ പരിണാമം പോലെയുള്ള സിനിമകളിൽ മുഖം കാണിച്ചെങ്കിലും മലയാള സിനിമയിലെ ശരിയായ തുടക്കം എന്ന് പറയാവുന്നത്, രോഹിത് വി.എസ്. കഥയും സംവിധാനവും നിർവഹിച്ച, 2017-ൽ റിലീസ് ചെയ്ത അഡ്വഞ്ചേർജ്സ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയിൽ ഒരു ചെറിയ റോളിലാണ്. സിനിമയുടെ തുടക്കത്തിൽ തന്നെ ഒരു ടാക്സി കാറിൽ യാത്രചെയ്യുന്ന ആളായിട്ടാണ് വേഷമിട്ടത്. രോഹിത് വി.എസ്. തന്നെ സംവിധാനം ചെയ്ത ഇബ്ലീസ് എന്ന സിനിമയിലേക്കും ക്ഷണം കിട്ടിയിരുന്നുവെങ്കിലും ചില പ്രതികൂലസാഹചര്യങ്ങൾ കാരണം അത് നടന്നില്ല. പിന്നീട് രോഹിത് തന്നെ സംവിധാനം ചെയ്ത്, ടോവിനോ തോമസ്, സുമേഷ് മൂർ, ലാൽ, ദിവ്യ പിള്ള തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ കള എന്ന സിനിമയിൽ ഡ്രൈവർ മാനു എന്ന വേഷം ചെയ്തു. ഷോർട് ഫിലിമുകളിലും ചെറിയ വേഷങ്ങൾ അഭിനയിച്ചിരുന്നു.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന, സെന്തിൽ, അലൻസിയർ, ഹരീഷ് പേരാടി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഉടുമ്പ് ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അതിൽ നായകൻ സെന്തിലിൻ്റെ ഗ്യാങ്ങിലെ ഒരാളായി വേഷമിടുന്നുണ്ട്.
ഭാര്യ അശ്വതി കൃഷ്ണകുമാർ ഗായികയും പ്രൊഫഷണൽ ഡിസൈനറും ആണ്. മക്കൾ: കണ്മണി, ജഗൻ
വിഷ്ണുവിന്റെ ഫെയർകോഡ് ടെക്നോളജീസ് എന്ന കമ്പനിയാണ് പ്രസിദ്ധമായ BevQ എന്ന ആപ്പ് ഡെവലപ്പ് ചെയ്തത്. വിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ