നിലമ്പൂർ അയിഷ

Nilampur Ayisha

മലയാളചലച്ചിത്ര,നാടക നടി. 1937- ൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. ചെറുപ്പത്തിലേ കലകളോട് താത്പര്യമുള്ള കുട്ടിയായിരുന്നു ആയിഷ. ബാപ്പയുടെ പെട്ടന്നുള്ള മരണം  ആയിഷയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകർക്കുകയും, കുടുംബം ദാരിദ്യത്തിലേയ്ക്ക് വീഴുകയും ചെയ്തു. തന്റെ പതിമൂന്നാമത്തെ വയസ്സിൽ നാൽപ്പത്തെഴുകാരനെ വിവാഹം കഴിക്കേണ്ടിവന്ന ആയിഷ അവിടെയുള്ള ദുരിതജീവിതം സഹിക്കാൻ കഴിയാതെ അഞ്ചാം ദിവസം അയാളുമായുള്ള ബന്ധം വേർപ്പെടുത്തി വീട്ടിലേയ്ക്ക് തിരിച്ചുപോന്നു.  ആ വിവാഹം മൂലം മാനസികമായി തകർന്നുപോയ ആയിഷ ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും സഹോദരൻ അവരെ അതിൽ നിന്നും രക്ഷപ്പെടുത്തി. ഇനി മരിയ്ക്കുകയല്ല  ഈ സമൂഹത്തിനുമുന്നിൽ ജീവിച്ചുകാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്ന് ആയിഷ തീരുമാനിച്ചു. 

പഴയകാലത്ത് നാടകങ്ങളിൽ സ്ത്രീകൾ അപൂർവ്വമായി മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. പൂരുഷന്മാർതന്നെ സ്ത്രീവേഷം കെട്ടുകയാണ് ചെയ്തിരുന്നത്. നാടകപ്രവർത്തകനായിരുന്ന ഇ കെ അയമുവിന്റെ നാടകം കാണാനിടയായ ഇ എം എസ് നമ്പൂതീരിപ്പാടാണ് നാടകങ്ങളിൽ സ്ത്രീകളെ അഭിനേതാക്കളാക്കുവാൻ നിർദ്ദേശിച്ചത്. നിലമ്പൂരിൽ നിന്നൊരു നടിയെ തിരഞ്ഞ അയ്മു അവസാനം ആയിഷയുടെ വീട്ടിൽ വരികയും നാടകത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിയ്ക്കുകയും ചെയ്തു. കലാപ്രവർത്തനങ്ങളോട് താത്പര്യമുണ്ടായിരുന്ന ആയിഷ നാടകാഭിനയത്തിന് സമ്മതിച്ചു. ഒരു മുസ്ലീം പെൺകുട്ടി നാടകത്തിലഭിനയിക്കുന്നതിനെ മത സമൂഹം ശക്തമായി എതിർത്തുവെങ്കിലും വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ആയിഷ ധൈര്യപൂർവ്വം എതിർപ്പുകളെ അവഗണിച്ച് നാടകാഭിനയം തുടങ്ങി. 1953- ൽ  ഫറൂഖിൽ വെച്ച് ഇ കെ അയ്മുവിന്റെ ഇജ്ജ് നല്ലൊരു മനുഷ്യനാവാൻ നോക്ക് എന്ന നാടകത്തിലെ ജമീല എന്ന നായിക കഥാപാത്രമായി അഭിനയിച്ചുകൊണ്ട് ആയിഷ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. കേരളത്തിനകത്തും പുറത്തുമായി 2500 വേദികളിൽ ആ നാടകം അവതരിപ്പിയ്ക്കപ്പെട്ടു. നാടകത്തിന്റെ വിജയം ആയിഷയെ പ്രശസ്തയാക്കി. തുടർന്ന് കെടി മുഹമ്മദ് ഉൾപ്പടെയുള്ള പ്രഗത്ഭരായ നാടകാചാര്യന്മാരുടെ നാടകങ്ങളിൽ അഭിനയിച്ചു.

 ആയിഷയുടെ സിനിമയിലേയ്ക്കുള്ള പ്രവേശനം ഹിന്ദിയിലൂടെയായിരുന്നു. 1961-ൽ ദി എലഫന്റ് ക്യൂൻ എന്ന ഹിന്ദി ചിത്രത്തിലായിരുന്നു അവർ ആദ്യം അഭിനയിച്ചത്. ആയിഷയുടെ നാടായ നിലമ്പൂരിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. അതുകൊണ്ടാണ് അവർക്ക് അതിൽ അഭിനയിക്കാൻ കഴിഞ്ഞത്. ആ വർഷം തന്നെ ആയിഷ മലയാള സിനിമയിലും അഭിനയിച്ചു. കണ്ടം ബച്ച കോട്ട് ആയിരുന്നു അവരുടെ ആദ്യ മലയാള സിനിമ. തുടർന്ന് സുബൈദ, കുട്ടിക്കുപ്പായം, ഓളവും തീരവും, കുപ്പിവള, കാത്തിരുന്ന നിക്കാഹ്.. തുടങ്ങി 1982-ൽ ഇറങ്ങിയ മൈലാഞ്ചി വരെ നിരവധി സിനിമകളിൽ വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ ആയിഷ അവതരിപ്പിച്ചു. നാടകത്തിൽ നിന്നും സിനിമയിൽ നിന്നും മാറി ആയിഷ സൗദി അറേബ്യയിൽ ഇരുപത് വർഷം ഗദ്ദാമയായി ജോലി ചെയ്തു. ഒരു വലിയ ഇടവേളയ്ക്കുശേഷം 2003- ൽ രഞ്ജിത്ത് സംവിധാനം ചെയ്ത അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലാണ് ആയിഷ പിന്നീടഭിനയിച്ചത്. തുടർന്ന് ദൈവനാമത്തിൽ, കയ്യൊപ്പ്, പരദേശി, വൈറസ്, മാമാങ്കം എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ ആയിഷ അഭിനയിച്ചു. 

കേരളത്തിന്റെ വീരപുത്രി" എന്നറിയപ്പെടുന്ന നിലമ്പൂർ ആയിഷ, നാടകാഭിനയത്തിനുള്ള ആജീവനാന്ത പുരസ്ക്കാരമായ എസ് എൽ പുരം സ്റ്റേറ്റ് പ്രൈസ് നേടിയിട്ടുണ്ട്. 2011-ൽ ഊമക്കുയിൽ പാടുമ്പോൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ആയിഷയ്ക്ക് ലഭിച്ചു. കൂടാതെ പ്രേംജി അവാർഡ്, കെ പി എ സി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തനങ്ങളിലും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും നിലമ്പൂർ ആയിഷ സജീവമായി പ്രവർത്തിച്ചുവരുന്നു.