നജിം അർഷാദ്

Najeem Arshad
നജിം അർഷാദ്
നജിം
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 164

തിരുവനന്തപുരം ജില്ലയിലെ വലിയവിളയിൽ ഷാഹുൽ ഹമീദിന്റെയും റഹ്മയുടെയും മൂന്ന് മക്കളിൽ ഇളയവനായി 1986 ജൂണ് എട്ടിന് ജനിച്ചു. ത്രിവിക്രമംഗലം ഗവണ്മെന്റ് എൽ പി എസ്, ഗവണ്മെന്റ് തിരുമല യുപി, എബ്രഹാം മെമ്മോറിയൽ ഹൈസ്കൂൾ എന്നീ സ്കൂളുകളിൽ നിന്ന് പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.

സ്കൂൾ കാലഘട്ടം മുതൽ തന്നെ ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. സംഗീതത്തിൽ നജീമിന്റെ ഗുരു ആര്യനാട് രാജുവാണ്. 2007ൽ ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിംഗർ എന്ന മത്സരത്തോടെയാണ് നജീമെന്ന പ്രതിഭയെ ലോകമറിഞ്ഞ് തുടങ്ങിയത്. “ഓ ദിൽ റൂബാ” എന്ന ഗാനത്തിന്റെ കവർ വേർഷനായിരുന്നു മത്സരത്തിൽ നജീം ആദ്യ ഗാനമായി ആലപിച്ചത്. ആദ്യ ഗാനത്തോടെ തന്നെ  ജഡ്ജസിന്റെയും കാണികളുടെയും പ്രശംസ പിടിച്ച് പറ്റിയ നജീമിന്  മത്സരത്തിൽപ്പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഏവരുടെയും പ്രതീക്ഷയ്ക്കൊപ്പം മുന്നേറി ഐഡിയ സ്റ്റാർ സിംഗറിൽ വിജയിയായി മാറി.

ഇതിനോടകം തന്നെ തന്റെ ആദ്യ മലയാള സിനിമയിൽ നജീം പാടിക്കഴിഞ്ഞിരുന്നു. മേജർ രവി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രമായ മിഷൻ 90 ഡേയ്സിൽ ജയ്സൻ ജെ നായരുടെ സംഗീതത്തിൽ “മിഴിനീർ” എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യമായി പാടുന്നത്. തുടർന്ന് മലയാള സിനിമയിൽ അനേകം ഹിറ്റ് ഗാനങ്ങൾ ആലപിച്ചു തിരക്കേറിയ ഗായകനായി മാറി. 2012,2013,2014 വർഷങ്ങളിലൊക്കെ നജീമിന്റെ ഗാനങ്ങൾ ടോപ്പ് ചാർട്ടുകളിൽ ഇടം നേടി. 

മികച്ച ഗായകനുള്ള കേരള ഫിലിം ക്രിട്ടിക്ക് അവാർഡ്, ഏഷ്യാവിഷൻ അവാർഡ്,ഗൾഫ് മലയാളം മ്യൂസിക്ക് അവാർഡ്, അമൃത ടിവി അവാർഡ്, തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ് തുടങ്ങി അനേകം അവാർഡുകളും കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ നജീം കരസ്ഥമാക്കി.

കുടുംബ വിവരം :-  പിതാവ് ഷാഹുൽ ഹമീദ് വിജിലൻസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. അമ്മ സംഗീത അധ്യാപികയും. രണ്ട് ജ്യേഷ്ഠ സഹോദരന്മാർ ഉള്ള നജിം, തസ്നി താഹ എന്ന പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ നിശ്ചയിച്ചിരിക്കുന്നു.