ശിവൻ

ശിവൻ
Date of Birth: 
Saturday, 14 May, 1932
Date of Death: 
Thursday, 24 June, 2021
ശിവൻസ് സ്റ്റുഡിയോ, തിരുവനന്തപുരം
എൻ ശിവൻ, ശിവശങ്കരൻ നായർ
സംവിധാനം: 6
കഥ: 2
സംഭാഷണം: 1
തിരക്കഥ: 1

ശിവൻ എന്ന വിളിപ്പേരുള്ള ശിവശങ്കരൻ നായർ ഹരിപ്പാട് സ്വദേശിയായ പടീറ്റതിൽ ഗോപാലപിള്ളയുടേയും ഭവാനിയമ്മയുടേയും മകനാണ്. രാജ്യാന്തരകീർത്തി നേടിയ സ്റ്റിൽ ഫോട്ടോഗ്രാഫർ, ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സംവിധായകൻ, ചലച്ചിത്ര ഛായാഗ്രാഹകൻ,  നിർമ്മാതാവ്, കലാസംവിധായകൻ എന്ന നിലകളിൽ 
പ്രസിദ്ധിയാർജിച്ച വൃക്തിത്വം കൂടിയാണ് ശിവൻ.

കുട്ടിക്കാലത്ത് പെയിന്റിങ്ങിലായിരുന്നു ശിവന് താത്പര്യം. സ്കൂളിൽ പഠിക്കുമ്പോൾ ബാല്യകാലസഖി യായിരുന്ന ചന്ദ്രമണിയുടെ ചിത്രം വരച്ച് സമ്മാനം നേടി. ഈ ചന്ദ്രമണിയെയാണ് അദ്ദേഹം പിന്നീട് തന്റെ ജീവിതസഖിയായി ഒപ്പം കൂട്ടിയത്. സിക്സ്ത് ഫോം കഴിഞ്ഞതോടെ താത്പര്യം ഫോട്ടോഗ്രഫിയിലേക്ക് മാറി. കുടുംബ സുഹൃത്ത് നൽകിയ വെൽറ്റാഫ്ളെക്സ് ക്യാമറയിലാണ് ആദ്യ ചിത്രമെടുത്തത്. മാതൃഭൂമി പത്രാധിപരായിരുന്ന എൻ.വി.കൃഷ്ണവാര്യരാണ് ഫോട്ടോഗ്രഫി രംഗത്ത് തുടരണമെന്നും ഭാവിയുണ്ടെന്നും ഉപദേശിച്ചത്.
സിനിമയിലുണ്ടായിരുന്നവരുമായുള്ള അടുപ്പമാണ് ശിവനെ ആ മേഖലയിലെത്തിച്ചത്. അപൂർവമായൊരു സിനിമാ കുടുംബമാണ് അദ്ദേഹത്തിന്റേത്. ഭാര്യ ചന്ദ്രമണി നിർമാതാവായിരുന്നു.
പല വഴികളിലൂടെ മക്കളെല്ലാവരും സിനിമയിലെത്തി. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രതിഭകളായ സന്തോഷ്‌ ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ , സരിത രാജീവ് എന്നിവർ മക്കളാണ്.

മൂന്ന് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ യാഗം (1981), മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അഭയം (1991), കൊച്ചു കൊച്ചു മോഹങ്ങൾ (1998), ഒരു യാത്ര(1999), കിളിവാതിൽ (2008), മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ കേശു (2009), എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
1972 ൽ ബാബു നന്ദൻകോടിന്റെ സംവിധാനത്തിൽ ശിവൻ നിർമ്മിച്ച സ്വപ്നം നാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. 1993-ൽ മകൻ സംഗീത് ശിവന്റെ സംവിധാനത്തിൽ ജോണി എന്ന സിനിമയും  നിർമ്മിച്ചു . 

മലയാളത്തിന്റെ ക്ലാസിക് സിനിമയായ ചെമ്മീൻ -ന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവനായിരുന്നു.  പി ശ്രീകുമാർ  സംവിധാനം ചെയ്ത കയ്യും തലയും പുറത്തിടരുത്,  സന്ധ്യാമോഹൻ സംവിധാനം ചെയ്ത ഇലഞ്ഞിപ്പൂക്കൾ, എം പി സുകുമാരൻ നായരുടെ അപരാഹ്നം സിനിമകൾക്ക് കലാസംവിധാനവും നിർവ്വഹിച്ചു .

രക്തസാക്ഷികൾ , മന്നത്ത് പത്മനാഭൻ , വിവേകാന്ദ സ്തുതി , Land of onam , Labour week എന്നീ ഡോക്യൂമെന്ററികളും അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്തവയാണ്. An invitation to Nature's Paradise എന്ന ഡോക്യൂമെന്ററിക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് സലിൽ ചൗധരി ആയിരുന്നു.

കേരള ചലച്ചിത്ര വികസന കോർപറേഷന്റെ രൂപീകരണത്തിൽ ക്രിയാത്മകമായ സംഭാവനകളും അദ്ദേഹം നൽകിയിട്ടുണ്ട് .

മലയാളത്തിലെ ആദ്യ പ്രസ്സ്‌ ഫോട്ടോഗ്രാഫർ എന്നാണ് ശിവൻ അറിയപ്പെടുന്നത്. ജവഹർലാൽ നെഹ്‌റു , ഡോക്ടർ രാജേന്ദ്ര പ്രസാദ് , ജയപ്രകാശ് നാരായൺ , ലാൽ ബഹുദൂർ ശാസ്ത്രി , സക്കീർ ഹുസൈൻ , ഇന്ദിര ഗാന്ധി എന്നിവർക്കൊപ്പം ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രധാന യാത്രകളിൽ അനുഗമിക്കാൻ ക്ഷണം ലഭിച്ചിരുന്നു . 

ശിവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫി, സംസ്ഥാനത്തെ ആദ്യ ഫിലിം ഔട്ട്ഡോർ യൂണിറ്റ് എന്നിവ അദ്ദേഹം സ്വന്തമായി നടത്തുന്ന സംരംഭങ്ങളാണ്. 1959ൽ തിരുവനന്തപുരത്ത് ആരംഭിച്ച ശിവൻസ് സ്റ്റുഡിയോ 60 വർഷം പൂർത്തിയാക്കിയതിന്റെ  ആഘോഷപരിപാടികൾ  2019 ൽ  തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു.
അനന്തപുരിയിലെ കലാ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തരുടെ സൗഹൃദ വേദി കൂടിയായിരുന്നു ശിവൻസ് സ്റ്റുഡിയോ.

2021 ജൂൺ 21 ന്, തന്റെ 89-ആം വയസ്സിൽ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം നിര്യാതനായി.

വിവരങ്ങൾക്ക് കടപ്പാട്: മാതൃഭൂമി.കോം, ഫെഫ്ക.