എം കുഞ്ഞാണ്ടി

M Kunjandi
Date of Birth: 
Sunday, 7 September, 1919
Date of Death: 
Sunday, 6 January, 2002

മലയാളചലച്ചിത്ര നടൻ. 1919-ൽ കോഴിക്കോട് കുതിരവട്ടത്ത് മൂച്ചിലോട്ട് ചെറൂട്ടിയുടെയും കുട്ടിമാളുവിന്റെയും മകനായി ജനിച്ചു. കോട്ടൂളിയിലെ ഒരു എഴുത്തുപള്ളിയിലും കുതിരവട്ടം യു പിസ്കൂൾ, പുതിയറ സഭ സ്കൂൾ എന്നീ എന്നിവിടെങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസ് വരെമാത്രമേ അദ്ദേഹം പഠിച്ചിട്ടുള്ളൂ. കുറച്ചു കാലം ഭാഗവതർ കൃഷ്ണപ്പണിക്കരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. കുഞ്ഞാണ്ടി തന്റെ പന്ത്രണ്ടാം വയസ്സിലാണ് നാടകത്തിൽ അഭിനയിക്കുന്നത്. അല്ലി അർജ്ജുന എന്ന നാടകത്തിൽ ബാല നടനായിട്ടായിരുന്നു അരങ്ങേറ്റം. 1937-ല്‍ കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ലഭിച്ചു. ജോലിക്കിടയില്‍ നാടകാഭിനയം തുടങ്ങിയ കുഞ്ഞാണ്ടി 1940-ല്‍ ദേശപോഷിണിയുടെ ബി എ മായാവി- യിലെ പ്രധാന നടന്‍ ആയി. തുടര്‍ന്നു് മിന്നൽപ്രണയം, അകവും പുറവും 1950 മുതൽ കോഴിക്കോട് ആകാശവാണിയുടെ നാടകങ്ങൾ ഉൾപ്പെടെ എണ്ണൂറോളം നാടകങ്ങളില്‍ വിവിധ വേഷങ്ങള്‍ ചെയ്തു.ഇതിഹാസ കാവ്യമായ ഈഡിപ്പസ് , തിക്കോടിയന്റെ  പഴയ ബന്ധം, ജീവിതം, പുഷ്പവൃഷ്ടി , സത്യത്തിന്റെ  തുറമുഖം, ഉറൂബിന്റെ  തീ കൊണ്ട് കളിക്കരുത് , കെ പി കേശവമേനോന്റെ മഹാത്മാ , ചെക്കോവിന്റെ കരടി, ടാഗോറിന്റെ കാബൂളിവാല മുതലായ നാടകങ്ങളിൽ പ്രധാന വേഷം കൈകാര്യം  ചെയ്തു 

സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ 1962-ലാണ് കുഞ്ഞാണ്ടി സിനിമയിലെത്തിയത്. 1970-80 കാലത്തായിരുന്നു കുഞ്ഞാണ്ടി സിനിമകളിൽ സജീവമായിരുന്നത്. അരവിന്ദന്റെ ഉത്തരായണത്തിൽ കുഞ്ഞാണ്ടിയുടെ അഭിനയം നിരൂപക പ്രശംസ നേടി. നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയും നാടകവും കൂടാതെ ടെലിവിഷൻ പരമ്പരകളിലും കുഞ്ഞാണ്ടി അഭിനയിച്ചിട്ടുണ്ട്.1998-ൽ ദ ട്രൂത്ത്  എന്ന സിനിമയിലായിരുന്നു അദ്ദേഹം അവസാനം അഭിനയിച്ചത്.  

1956 ൽ കോട്ടൂളി പഞ്ചായത്ത് ബോർഡ് മെമ്പർ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു .

കുഞ്ഞാണ്ടിയ്ക്ക്സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (2000),  കേരള സംഗീത നാടക അക്കാദമിയുടെ കീർത്തിമുദ്ര(1977) , തിക്കോടിയൻ അവാർഡ്, പുഷ്പശ്രീ ട്രസ്റ്റ് അവാർഡ് (1992), രാമാശ്രമം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 ഭാര്യ ജാനകി. മക്കൾ : മോഹൻദാസ് , മുരളീധരൻ ,വത്സല , പ്രഭാവതി,ശൈലജ