മനസ്സേ നീയൊരലയാഴി

മനസ്സേ നീയൊരലയാഴി
ദുഃഖതീരമോ മരുഭൂമി
അലയും ഞാനോ നിഴലായ് മായും
വിരഹവേദനയാലിവിടെ
മനസ്സേ നീയൊരലയാഴി
ദുഃഖതീരമോ മരുഭൂമി

പനിനീര്‍ മുകിലിന്‍ സ്വയംവരമാല്യം
മിഴിനീരിതളായ് തീര്‍ന്നാലും
വനദേവതതന്‍ രാജാങ്കണങ്ങളില്‍
കനകമയൂരം പീലി നീര്‍ത്തും
മനസ്സേ നീയൊരലയാഴി
ദുഃഖതീരമോ മരുഭൂമി

മറക്കാനൊരിക്കലും കഴിയാത്ത കഥയുടെ
മാറാലയാണെന്‍ ആത്മാവില്‍
അനുരാഗസൗരഭം ചൂടാതെ വീണിടും
കദനത്തിന്‍ മലരായ് ഞാനിവിടെ
മനസ്സേ നീയൊരലയാഴി
ദുഃഖതീരമോ മരുഭൂമി

പതറുന്ന തന്ത്രികള്‍ വീണ്ടും ഇണക്കിയാല്‍
ഉണരാതിരിക്കുമോ ഗാനം
ഒരു കൊടുംവേനലില്‍ വാടിയ വല്ലരി
തളിര്‍ക്കാതിരിക്കുമോ വീണ്ടും
തളിര്‍ക്കാതിരിക്കുമോ വീണ്ടും

Manasse neeyoralayazhi (Rala Rajan)