ഒരു മലർമഞ്ചലുമായി വാ

 

ഒരു മലർമഞ്ചലുമായി  വാ
മണിമുകിലേ ഇതിലേ
മധുമതി നീയതിലേറി വാ
മമസഖി നവവധുവായ്
മദകരരാസകേളിയായ്
മധുവിധു വേളയായ്
സുരഭിലയാമമായിതാ
സുമശരദൂതികേ
(ഒരു മലർ...)

ചന്ദനവനങ്ങളിൽ ചന്ദ്രകിരണങ്ങൾ പോൽ
എൻ കരളിൽ നീ കുളിർ പെയ്തുവാ
പിന്നെയും ഓമനേ എൻ കളിത്തോഴിയായ്
പൊന്നിലഞ്ഞി തൻ മലർ കോർത്തു വാ
അന്തിമേഘങ്ങൾ പൂത്ത പോലെയാം
മുന്തിരിത്തോപ്പിൽ വരൂ രാപ്പാർക്കുവാൻ
ദേവദാരുവിൻ തണൽ പൂഞ്ചോട്ടിൽ
ദേവഹംസമായ് കളിയാടാൻ വാ
(ഒരു മലർ....)

കല്പതരു മാരനെ പുഷ്പിതാലതാസഖീ
ചാർത്തിയഴകിൻ നവമാലിക
കേട്ടു മധുരാർദ്രമാം നിൻ പ്രണയമന്ത്രമായ്
കാറ്റിലുതിരും മൃദുമർമ്മരം
കാതരേ പോരൂ കണിപ്പൂ ചൂടി
കാനനം വീണ്ടും നിലാപ്പൂ ചൂടി
ചക്രവാകങ്ങൾ ഇണയായ് പാടും
ചൈത്ര തീരങ്ങൾ അണയാം പോരൂ
(ഒരു മലർ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru malar manjalumayi vaa

Additional Info

അനുബന്ധവർത്തമാനം