ആദിപ്രകൃതിയൊരുക്കിയ

നീലാരണ്യതടങ്ങളും ഗിരികൾ തൻ
സാനുക്കളും പ്രാണനെ പ്പാലൂട്ടുന്ന മഹാപയസ്വിനികളും
ചന്ദ്രാർക്കരും സാക്ഷിയായ്
ആലോലക്കുളുർവായുവിൽ ഹരിത
പത്രങ്ങൾ ചിരിച്ചാർത്തിടും
കാലത്തിൻ മലർശാഖിമേലൊരുമയില്‍പ്പാടും പതംഗങ്ങൾ നാം

ആദിപ്രകൃതിയൊരുക്കിയ നർത്തന
വേദിയിതാ വനവീഥിയിതാ
ഒഴുകും പുഴയും കാറ്റും കിളിയും
ഓരോ മൺ തരിയും
ഈ മനുഷ്യനുമൊന്നായ് ചേർന്നൊരു
ജീവനഗാനമിതാ
മോഹനതാലലയങ്ങളിണങ്ങിയ
ജീവനഗാനമിതാ (ആദിപ്രകൃതി...)

അപാരതേ നിൻ നേർക്കൊഴുകും
ഈ മഹാപ്രവാഹിനിയിൽ
ആദിമപ്രാതഃസന്ധ്യയൊഴുക്കിയ
കേളീനൗകകൾ ഞങ്ങൾ
അതിന്റെ ലാസ്യം ഞങ്ങൾ
അതിന്റെ താളം ഞങ്ങൾ  (ആദിപ്രകൃതി...)

നിഷാദനൊടുവിൽ മാമുനിയായ്
മാനിഷാദ പാടിയതെവിടെ
മഹാമനസ്വികൾ മനുഷ്യജീവിത
കഥകൾ പാടിയതെവിടെ
അവിടെപ്പാടും ഞങ്ങൾ
അതേറ്റു പാടും കാലം (ആദിപ്രകൃതി...)

----------------------------------------------------------------