കൊന്നപ്പൂക്കൾ പൊന്നുരുക്കുന്നൂ
കൊന്നപ്പൂക്കൾ പൊന്നുരുക്കുന്നൂ
പുന്നെൽപ്പാടമെല്ലാം പൊൻകണി വെയ്ക്കുന്നു
ആവണിമേഘം കോടിയൊരുക്കുന്നു
ദൂരെ കാവളംകിളി മംഗളമരുളുന്നു
എന്റെ കല്യാണത്തിന് മംഗളമരുളുന്നു
(കൊന്നപ്പൂക്കൾ...)
മുറ്റത്തെ മാങ്കൊമ്പിൽ മൂവന്തി കുയിലിന്റെ
കുറുക്കുഴൽവിളി തെളിഞ്ഞു കേൾക്കുന്നു
പയ്യാരംപാട്ടിന്റെ പാണംതുടിയിന്മേൽ
പതിഞ്ഞ താളം തുളുമ്പി വീഴുന്നു
പനിനീർക്കുടയാൽ മഞ്ഞുപെയ്യുന്നു
ഇളനീർ മധുരം മാറിലൂറുന്നു
മുറ്റത്തെ പൂപ്പന്തൽ മാംഗല്യ-
പ്പൊൻപന്തൽ ഓടിയോടി ഇന്നലങ്കരിക്കാൻ ആരാരുണ്ടേ
(കൊന്നപ്പൂക്കൾ...)
കണ്ടിട്ടും കാണാതെ കാൽനഖത്താൽ കളമെഴുതി
അവന്റെ മുന്നിൽ കുണുങ്ങി നിൽക്കുമ്പോൾ
ആരാലും കേൾക്കാതെൻ കാതിലെന്തോ മൊഴിയുമ്പോൾ
തരിമ്പുനേരം തനിച്ചുനിൽക്കുമ്പോൾ
അലിവോടരികിൽ ചേർന്നിരിക്കുമ്പോൾ
അറിയാതുടലിൽ കൈ തലോടുമ്പോൾ
അഴകോലും നിറദീപം പൂങ്കാറ്റേറ്റണയുമ്പോൾ
അവന്റെ മാറിൽ തളർന്നുറങ്ങും തങ്കമാകും ഞാൻ
(കൊന്നപ്പൂക്കൾ...)