കുഞ്ഞാണ്ടി

Kunjandi

മലയാളചലച്ചിത്ര നടൻ. 1919-ൽ കോഴിക്കോട് കുതിരവട്ടത്ത് മൂച്ചിലോട്ട് ചെറൂട്ടിയുടെയും കുട്ടിമാളുവിന്റെയും മകനായി ജനിച്ചു. കുതിരവട്ടം യു പിസ്കൂൾ, പുതിയറ സഭ സ്കൂൾ എന്നീ സ്കൂളുകളിലായിരുന്നു കുഞ്ഞാണ്ടിയുടെ പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസ് വരെമാത്രമേ അദ്ദേഹം പഠിച്ചിട്ടുള്ളൂ.. കുഞ്ഞാണ്ടി കുറച്ചു കാലം ശസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്. കുഞ്ഞാണ്ടി തന്റെ പന്ത്രണ്ടാം വയസ്സിലാണ് നാടകത്തിൽ അഭിനയിക്കുന്നത്. അല്ലി അർജ്ജുന എന്ന നാടകത്തിൽ ബാല നടനായിട്ടായിരുന്നു അരങ്ങേറ്റം. 1937-ല്‍ കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ലഭിച്ചു. ജോലിക്കിടയില്‍ നാടകാഭിനയം തുടങ്ങിയ കുഞ്ഞാണ്ടി 1940-ല്‍ ദേശപോഷിണിയുടെ ബി എ മായാവി-യിലെ പ്രധാന നടന്‍ ആയി. തുടര്‍ന്നു് എണ്ണൂറോളം നാടകങ്ങളില്‍ വിവിധ വേഷങ്ങള്‍ ചെയ്തു.

സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ 1962-ലാണ് കുഞ്ഞാണ്ടി സിനിമയിലെത്തിയത്. 1970-80 കാലത്തായിരുന്നു കുഞ്ഞാണ്ടി സിനിമകളിൽ സജീവമായിരുന്നത്. അരവിന്ദന്റെ ഉത്തരായണത്തിൽ കുഞ്ഞാണ്ടിയുടെ അഭിനയം നിരൂപക പ്രശംസ നേടി. നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയും നാടകവും കൂടാതെ ടെലിവിഷൻ പരമ്പരകളിലും കുഞ്ഞാണ്ടി അഭിനയിച്ചിട്ടുണ്ട്.1998-ൽ ദ ട്രൂത്ത്  എന്ന സിനിമയിലായിരുന്നു അദ്ദേഹം അവസാനം അഭിനയിച്ചത്.  

കുഞ്ഞാണ്ടിയ്ക്ക് കേരള സംഗീത നാടക അക്കാദമി അവാർഡ്, തിക്കോടിയൻ അവാർഡ്, പുഷ്പശ്രീ അവാർഡ്, രാമാശ്രമം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കുഞ്ഞാണ്ടിയുടെ ഭാര്യ ജാനകി. അവർക്ക് നാലു മക്കളാണൂള്ളത്. പേര്- മുരളീധരൻ, വത്സല, പ്രഭാവതി, ശൈലജ