ജയറാം

Jayaram (Actor)
ആലപിച്ച ഗാനങ്ങൾ: 4

പെരുമ്പാവൂരിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജയറാം സുബ്രമണ്യമെന്ന ജയറാം ജനിക്കുന്നത്. സ്കൂൾ-കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളിൽ സജീവമായിരുന്ന ജയറാം കാലടി ശ്രീ ശങ്കര കോളേജിലെ ബിരുദ പഠനത്തിനു ശേഷം കൊച്ചിൻ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളിലൊരാളായി പ്രസിദ്ധി നേടി. കലാഭവനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സംവിധായകൻ പത്മരാജൻ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായിത്തിരഞ്ഞെടുത്തു. 1988ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. തുടർന്ന് പത്മരാജന്റെ തന്നെ മികച്ച സിനിമകളായ "മൂന്നാം പക്കം", "ഇന്നലെ" തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ വളരെ ശ്രദ്ധേയമായി അവതരിപ്പിച്ചു. പിന്നീട് സംവിധായകൻ രാജസേനനുമൊത്തുള്ള ചിത്രങ്ങളാണ് ജയറാമിന്റെ കരിയർ ഗ്രാഫ് ഏറെ മുകളിലേക്കുയർത്തിയത്. തുടർന്ന് സത്യൻ അന്തിക്കാടുമൊത്തും ഏറെ കുടുംബ ചിത്രങ്ങൾ ഹിറ്റുകളാക്കി മാറ്റി.

അഭിനേത്രിയും നർത്തകിയുമായ പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. മകൻ കാളിദാസൻ ബാലതാരമായി ദേശീയ അവാർഡ് കരസ്ഥമാക്കിയിരുന്നു. മകൾ മാളവികയും ഉൾപ്പെടുന്ന കുടുംബവുമൊത്ത് ചെന്നെയിലാണ് സ്ഥിരതാമസം.

മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തിരവനായ ജയറാം വലിയൊരു ആനപ്രേമിയും ചെണ്ടമേളക്കാരനുമാണ്. മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും കഴിവ് തെളിയിച്ച ജയറാമിന് 2011ൽ പദ്മശ്രീ അവാർഡ് ലഭിച്ചു.

ഫേസ്ബുക്ക് പേജ്