പി ഗോപൻ

P Gopan
ഗോപകുമാർ
ഗോപൻ എറണാംകുളം
സംഗീതം നല്കിയ ഗാനങ്ങൾ: 8
ആലപിച്ച ഗാനങ്ങൾ: 6

സംഗീത സംവിധായകൻ,ഗായകൻ. എം ശങ്കരമേനോന്റെയും മാലതിയമ്മയുടെയും മകനായി എറണാംകുളത്ത് ജനിച്ചു. കൊച്ചി SRVHS, സെന്റ്രൽ സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സെന്റ് ആൽബർട്ട് കോളേജിൽ നിന്നും ബി എസ് സി കഴിഞ്ഞ ഗോപൻ, ന്യൂഡൽഹിയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് ടെലി കംമ്യൂണിക്കേഷനിൽ പി ജിയും കഴിഞ്ഞു.

വളരെ ചെറുപ്പത്തിലെ ഗോപൻ സംഗീത പഠനം തുടങ്ങിയിരുന്നു. ശ്രീ എം ആർ സുബ്രഹ്മണ്യം ആയിരുന്നു ആദ്യ ഗുരു. പതിനാറാമത്തെ വയസ്സിൽ കലാഭവനിൽ ചേർന്ന് പത്ത് വർഷത്തോളം കലാഭവനിലെ പ്രധാന ഗായകനായി തുടർന്നു. അതിനുശേഷം അവിടെനിന്നും വിട്ട് സംഗീതത്തിൽ ഉയർന്ന പഠനത്തിന് തമിഴ് നാട്ടിലേയ്ക്ക് പോയി. അഡയാറിലെ തമിഴ് നാട് ഗവണ്മെന്റ് മ്യൂസിക്ക് കോളേജിൽ നിന്നും 1981 ൽ കർണ്ണാടക സംഗീതത്തിൽ സംഗീത വിദ്വാൻ ബിരുദം നേടി.

ഗോപൻ ആദ്യമായി പിന്നണി ഗായകനാകുന്നത് ശക്തി എന്ന സിനിമയ്ക്കുവേണ്ടിയാണ്. ശക്തിയിൽ കെ ജെ ജോയ് സംഗീതം നൽകി, ബിച്ചു തിരുമല രചിച്ച "മിഴിയിലെന്നും നീ ചൂടും നാണം കള്ള നാണം.." എന്ന ഗാനം എസ് ജാനകിയോടൊപ്പം പാടി. അതേ സിനിമയിൽ "മീശ മുളച്ചപ്പോൾ.." എന്ന ഗാനം യേശുദാസിനും, ചന്ദ്രമോഹനും ഒപ്പം ചേർന്ന് പാടി. കൊച്ചുതെമ്മാടി എന്ന സിനിമയിൽ ദേവരാജ സംഗീതത്തിൽ മാധുരിയ്ക്കൊപ്പം "എന്നാൽ ഇനി ഒരു കഥ പറയാം." എന്ന ഗാനം ആലപിച്ചു. 

ഗോപൻ സ്വർഗ്ഗം എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. സ്വർഗ്ഗത്തിൽ ഗോപന്റെ സംഗീതത്തിൽ യേശുദാസ് ആലപിച്ച "ഏഴു നിറങ്ങളിലേതു നിറം.." എന്ന മനോഹരഗാനം മലയാള ചലച്ചിത്ര ഗാനങ്ങളിലെ നിത്യഹരിത ഗാനമായി വിലയിരുത്താം. തുടർന്ന് വനിതാപോലീസ്, എന്നും സംഭവാമി യുഗേ യുഗേ, വണ്ടി ചക്രം എന്നീ ചിത്രങ്ങളിലും അദേഹം സംഗീത സംവിധാനം നിർവഹിച്ചു.

ഗോപന് ഭാര്യയും രണ്ടു മക്കളുമുണ്ട്.