നഗരം മഹാസാഗരം

വ്യക്തിപരമായി ഏറെ പ്രിയപ്പെട്ട ഗാനമായതിനാലാവും, മറവിയുടെ കയങ്ങളിൽ നീന്തിത്തളര്‍ന്ന അവസാനനാളുകളിലും ആരെങ്കിലും ഒരു പാട്ടുപാടാൻ പറഞ്ഞാൽ:

"നഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ...............
ചളിയും ചുഴിയും താഴേ.............
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പിരിയാൻ വിടാത്ത കാമുകി.........
പിരിയാൻ വിടാത്ത കാമുകി ..........."

എന്ന് ഇടറിയ കണ്ഠത്തോടെയാണെങ്കിലും ഭാസ്കരൻ മാഷ്‌ പാടിയിരുന്നത്‌. പല്ലവിയിലെ അവസാന രണ്ടുവരികൾ:

"പറയാന്‍ പറ്റാത്ത കാമുകി
പറയാന്‍ പറ്റാത്ത കാമുകി"—എന്നും അദ്ദേഹം മാറ്റിപ്പാടിയത്‌ മന:പൂർവമായിരുന്നോ? അറിയില്ല.

മഹാനഗരത്തിനെത്രയെത്ര മുഖങ്ങൾ! മാറോടടുക്കിപ്പിടിച്ചു വാത്സല്യം പകരുന്ന അമ്മയെപ്പോലെ, കല്ലുക്കുൾ ഈറം എന്നതുപോലെ,  "ഉള്ളിലെ സ്നേഹപ്രവാഹത്തിൽ നിന്നൊരു തുള്ളിയും വാക്കുകളിൽ പകരാത്ത" പുറമേ പരുക്കനായ അച്ഛനെപ്പോലെ, ഏകനായലയുമ്പോൾ ഒരു കൈതന്നു സൗഹൃദക്കുളുർച്ഛായയിലേയ്ക്കാനയിച്ച സുഹൃത്തിനെപ്പോലെ, അനുരാഗസൗഗന്ധികങ്ങൾ വിടരുന്ന രാവില്‍ വന്ന പ്രണയിനിയെപ്പോലെ, വഴിക്കണ്ണുമായ്‌ അടുത്താളേയും കാത്തിരിക്കുന്ന കച്ചവടക്കാരെപ്പോലെ, ചിരിയുടെ മുഖപടത്തിൽ ചതിയൊളിപ്പിച്ചു വരുന്നവരെപ്പോലെ...........അതേ, നഗരം സാഗരം തന്നെയാണ്‌, ഓരോതിരയിലും ഓരോമുഖം കാണിച്ചു-കൊതിപ്പിച്ചു-പിന്മടങ്ങുന്ന മഹാസാഗരം.

"കളിയും ചിരിയും മേലേ
ചളിയും ചുഴിയും താഴേ"

അവളുടെ കളിയും ചിരിയും കണ്ട്‌ ഒരുപാടടുത്തുപോകുമ്പോൾ താഴെയുള്ള ചളിയും ചുഴിയും നാം കാണാൻ മറക്കരുത്‌. നഗരത്തെപ്പറ്റിമാത്രമാണോ ഭാസ്കരൻ മാഷ്‌ ഈ പറഞ്ഞിരിക്കുന്നത്‌? ഓരോ മനുഷ്യനെപ്പറ്റിയുമല്ലേ.... ജീവിതത്തിൽ ഇന്നുമെത്രയെത്ര കാണുന്നു നാം കളിയും ചിരിയും, ഒടുവിൽ ചളിയും ചുഴിയും.

ആ മഹാസാഗരത്തില്‍ (ജീവിതമെന്ന സാഗരമോ) ചെന്നുചേര്‍ന്നവര്‍ ചെയ്യുന്നതോ?

"സ്നേഹിക്കുന്നൂ, കലഹിക്കുന്നൂ
മോഹഭംഗത്തിലടിയുന്നൂ
നുരകൾതിങ്ങും തിരകളെപ്പോലേ
നരരാശികളിതിലലയുന്നൂ"

സ്നേഹിച്ചും, കലഹിച്ചും, മോഹിച്ചും, മോഹഭംഗപ്പെട്ടും, നരരാശി ആ ജലരാശിയില്‍ അലയുന്നു. അതോ, അലിഞ്ഞുതീരുന്നോ? ജലത്തിലലിഞ്ഞ് സ്വയമില്ലാതാകുന്ന മീനെന്നപോലെ (soluble fish), "അലിഞ്ഞലിഞ്ഞുപോം അരിയ-ജന്മ"ത്തെപ്പോലെ. 

"കുതിച്ചുപായും നഗരിയിലൊരു ചെറു-
കൂര ചമയ്ക്കുവതെങ്ങനെ ഞാൻ?
പാരാവാരത്തിരയിൽ എന്നുടെ
പവിഴദ്വീപു തകർന്നാലോ"--എന്ന് കേവലനായ മനുഷ്യന്റെ ആശങ്കകളോടെ ഗാനം അവസാനിക്കുന്നു.

1967ല്‍ പുറത്തിറങ്ങിയ നഗരമേ നന്ദി എന്ന ചിത്രത്തിലെ പാട്ടാണ്‌ നഗരം നഗരം എന്നത്. കെ രാഘവന്‍ മാഷിന്‍റ്റെ വ്യത്യസ്തഗാനങ്ങള്‍ കൊണ്ട്‌ സമ്പുഷ്ടമായിരുന്നു പ്രസ്തുത ചിത്രം. മഞ്ഞണിപ്പൂനിലാവ്, കന്നിരാവിന്‍ കളഭക്കിണ്ണം എന്നിവ ഉദാഹരണങ്ങളാണ്.

പകല്‍ മായാറായിരിക്കുന്നു....നഗരത്തില്‍ തിരക്കേറുന്നു....സഹസ്രമുഖങ്ങളിലും ഒരോരോ ഭാവത്തോടെ അവള്‍ അടുത്തൊരു നിശയെ വരവേല്ക്കുന്നു.... തെല്ലു മാറിയിരുന്നു ഞാനും പാടുന്നു:

"നഗരം നഗരം മഹാസാഗരം മഹാസാഗരം..........................."

"നഗരം നഗരം" മാഷിന്റെ ശബ്ദത്തിൽ:

hiiiiiiiiiii,

Great site ,great work keep it up...............

regards

VINEETH

tharkkikan vendi parayuka alla All these based on our point of view

Ente orma shariyanenkil madhu aanu rangathu , nirashanayi pattanathiloode nadakkumbo ashareeri aanu ee ganam (shariyalle?)