സ്വപ്നം -1973- ഒരു കുറിപ്പ്

വയലാര്‍-ദേവരാജന്‍ ടീമിന്‍റ്റെ ഗാനങ്ങള്‍ക്കായി സ്വപ്നത്തിന്‍റ്റെ സംവിധായകനായ ശ്രീ ശിവന്‍ പല തവണ ശ്രമിച്ചിട്ടും എന്തോകാരണത്താല്‍ നടന്നില്ല. അങ്ങനെയാണ്‌ സ്വപ്നത്തിലൂടെ ഒന്നിച്ചുചേരാനുള്ള ഭാഗ്യം ഓ.എന്‍.വി-സലില്‍ ചൌദരി ടീമിനെത്തേടിയെത്തുന്നത്. ജോലിസംബന്ധമായ കാരണങ്ങളാല്‍ അതുവരെ ബാലമുരളി എന്ന പേരില്‍  പാട്ടെഴുതിയിരുന്ന പ്രൊഫ. ഓ.എന്‍.വി കുറുപ്പ്,  സ്വന്തം പേരില്‍ പാട്ടെഴുതിയചിത്രം എന്ന സവിശേഷതയും സ്വപ്നത്തിനവകാശപ്പെടാനുണ്ട്‌.


ഹോട്ടെലില്‍ നിന്നും പ്രസാദ്സ്റ്റുഡിയോയിലേക്കുള്ള യാത്രയ്ക്കിടയില്‍ വഴിനീളേ വാണീജയറാമിന്‍റ്റെ പോസ്റ്ററുകള്‍ കണ്ടതും , മിസിസ്സ് ശിവന്‍ അടുത്ത പടത്ത്തില്‍ വാണിയ്ക്കൊരവസരം കൊടുക്കണമെന്നു തന്നോടുപറഞ്ഞതുമൊക്കെ ശിവന്‍ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. പ്രസാദിലെത്തുമ്പോള്‍ സലില്‍ദാ ആകെ വിറളിപിടിച്ചു നില്ക്കുന്നു. പാടാന്‍ വരാമെന്നേറ്റിരുന്ന ഗായിക സുശീലയ്ക്ക് തൊണ്ടയ്ക്കു നല്ലസുഖമില്ല. ട്രാക്കെടുക്കാന്‍ സുശീല ആവശ്യപ്പെട്ടെങ്കിലും അത് സലില്‍ദായ്ക്ക് സമ്മതമായില്ല. മറ്റാരുമില്ലേ പാടുവാന്‍ എന്നുള്ള ചോദ്യത്തിനു "വാണീജയറാം" എന്നായിരുന്നു  മിസിസ്സ് ശിവന്‍റ്റെ മറുപടി. കച്ചേരിക്ക് പരിശീലനം നടത്തിക്കൊണ്ടിരുന്ന  വാണീജയറാമിന്‌ ഫോണ്‍സന്ദേശമെത്തുന്നു, സൌരയൂഥത്തില്‍ ഭൂമിയെന്ന  കല്യാണസൌഗന്ധികം അങ്ങനെ വിരിയുന്നു.

തന്‍റ്റെ ആദ്യമലയാളഗാനത്തെപ്പറ്റി വാണീജയറാമും വാചാലയാകുന്നു. 1973 ജനുവരി 31നാണ്‌ ഗാനം  ആലേഖനംചെയ്യപ്പെട്ടതെന്നവര്‍ ഓര്‍ക്കുന്നു. ആ ഗാനം വിജയമാക്കുവാന്‍ പ്രയത്നിച്ചവരെ പേരെടുത്തുപറഞ്ഞാണ്‌ ഗായിക ഓര്‍ക്കുന്നത്.

'സ്വപ്നം' തന്‍റ്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ച ചിത്രമായിരുന്നു എന്ന് പ്രൊഫ. ഓ.എന്‍.വി കുറുപ്പ് അനുസ്മരിക്കുന്നു. ചെമ്മീന്‍ (സംഗീതം: സലില്‍ദാ) എന്നചിത്രത്തിനുവേണ്ടി പാട്ടുകള്‍ എഴുതുവാന്‍ രാമുകാര്യാട്ട് ക്ഷണിച്ചപ്പോള്‍ പോകാന്‍ കഴിയാതിരുന്നതിന്‍റ്റെ ദു:ഖം ഇല്ലാതായത്, തൂലികാനാമം വെടിഞ്ഞ് സ്വന്തം പേരില്‍ പാട്ടുകളെഴുതിയത്, അങ്ങനെ അനവധിതൂവലുകള്‍ പ്രിയകവി ഓര്‍മ്മയുടെ തിരുമുറ്റത്തുനിന്നു പെറുക്കിക്കൂട്ടുന്നു. മലയാളഭാഷയറിയാത്ത സലില്‍ദായുടെ  ഈണത്തിനനുസരിച്ചായിരുന്നു നാലുപാട്ടുകള്‍ (മഴവില്‍ക്കൊടികാവടി, മാനേ മാനേ വിളികേള്‍ക്കൂ, ശാരികേ എന്‍ ശാരികേ, നീവരൂ കാവ്യദേവതേ) എഴുതിയത്. ഓ.എന്‍.വി ഇടയ്ക്കുപാടിയ:

"വിഷ്ണു രമയ്ക്ക് , നിശയ്ക്കു ശശാങ്ക-
നുമയ്ക്കു ഹരന്‍, നളനോര്‍ക്കില്‍ നിനക്കും"

എന്ന നളചരിതപദത്തില്‍ നിന്നാണ്‌ മഴവില്‍ക്കൊടികാവടി എന്നഗാനത്തിന്‍റ്റെ ഈണംഉണ്ടാവുന്നത്. സ്വപ്നത്തിന്‍റ്റെ  റിലീസിങ് പ്രതീക്ഷിച്ചതിലും വൈകി. അതിനിടയില്‍ പുറത്തിറങ്ങിയ അന്നദാതാ എന്ന ചിത്രത്തില്‍  ലതാജിയുടെ ശബ്ദത്തില്‍ ഇതേ ഈണം സിനിമാലോകം കേട്ടു.  കാണാക്കുയിലേ എന്ന വിരുത്തത്തിനു പകരമായി ജിയാലാഗേനാ എന്നും, മഴവില്‍ക്കൊടിയ്ക്കു പകരം നിശ്ദിന്‍ നിശ്ദിന്‍ എന്നും യോഗേഷ് വരികളുമെഴുതി. [ഇതേ ഈണം മറ്റൊരു ബംഗാളിസിനിമയിലും അദ്ദേഹം ഉപയോഗിച്ചു--ബൌദ്ധികസ്വത്തിനെപ്

പറ്റിയുള്ള അദ്ദേഹത്തിന്‍റ്റെ വീക്ഷണം അവ്വിധമായിരുന്നു].

ഒരു ഗാനമെഴുതിത്തന്നാല്‍ അതു ട്യൂണ്‍ ചെയ്യാമോ എന്ന് ഒരുവെല്ലുവിളിപോലെ ഓ.എന്‍.വി ചോദിച്ചപ്പോള്‍ അതു സന്തോഷത്തോടെ സ്വീകരിച്ച്, വരികള്‍ സ്വരപ്പെടുത്തി സൃഷ്ടിച്ച പാട്ടാണ്‌ "സൌരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണസൌഗന്ധികമാണു ഭൂമി" എന്നത്.

സ്വപ്നത്തിലെ എല്ലാപ്പാട്ടുകളും ഹിറ്റായിരുന്നു, കാലം ഇന്നുമവ കാതോര്‍ത്തു കേള്‍ക്കുന്നു.

സഡന്‍ ബ്രേക്ക്‌ !!! പിന്‍സീറ്റില്‍ ചാരിക്കിടന്നിരുന്ന ഞാന്‍, മുന്നോട്ടു കുതിച്ചു. "എന്താ ശങ്കരാ "  "ഒരു സ്ത്രീ" പാതിര നേരത്ത് നടുറോട്ടില്‍ ഒരു സ്ത്രീ ..............................   കേശവദേവിന്റെ "സ്വപ്നം" ആരംഭിക്കുകയായിരുന്നു. ...ആദ്യ അദ്ധ്യായത്തിലെ ആദ്യ വരികള്‍  .. മാതൃഭൂമിയില്‍ വന്ന ആ നോവല്‍ വായിച്ചാ ഓര്‍മയില്‍ നിന്ന് പറഞ്ഞതല്ല ഈ വരികള്‍. നോവല്‍ തുടങ്ങുന്നതിന്റെ നാലോ അഞ്ചോ ലക്കം മുന്‍പ് മുതല്‍ തന്നെ ഈ വരികള്‍ പരസ്യമായി കൊടുത്തിരുന്നു - വായനക്കാരെ ആകര്‍ഷിക്കാന്‍. അങ്ങനെ മനപ്പാഠം പഠിച്ച വരികളാണ് മുകളില്‍.    സലീല്‍ ദാ യുടെ സംഗീതത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു. എന്നാലും ഉഗ്രന്‍ ജാനകിയുടെ "മാതളപ്പൂ  പോലൊരു" തന്നെ.     അല്പം തിരുത്ത്‌ കൂടി പറയട്ടെ -  ഇതില്‍ നാല് ഗാനങ്ങള്‍ അല്ല, അഞ്ചു ഗാനങ്ങള്‍ ഉണ്ടായിരുന്നു. വാണി ജയറാം പാടിയ "നിന്നെ ഞാന്‍ എന്ത് വിളിക്കും, സൌരയൂഥത്തില്‍ ----- " എന്ന് തുടങ്ങിയ ഗാനം. മറ്റൊരു തിരുത്ത്‌ - ശരിയാണോ എന്നറിയില്ല - സംവിധായകന്‍ ബാബു നന്തന്കോട്  ആയിരുന്നു എന്നാണ് എന്റെ ഓര്മ.   തിരുത്ത് നല്‍കിയത് ഒരു മിടുക്കന്‍ ആകാന്‍ വേണ്ടിയല്ല. ജീജ വഴിക്കാണ് ഞാന്‍ ഇന്നലെ ഇവിടെ മെമ്പര്‍ ആകുന്നതു. മെമ്പര്‍ ആയ ഉടനെ ആള്‍ക്കാരെ മുഷിപ്പിച്ചു തുടങ്ങിയോ എന്ന് ആ കുട്ടിക്കോ, നിങ്ങള്‍ക്കോ തോന്നരുത്, പ്ളീസ്

മനോഹർജി,ഇപ്പോഴാണ് ഈ കുറിപ്പ് കാണുന്നത്.വളരെ നന്ദി.വീണ്ടും വീണ്ടും തിരുത്തുക.എന്നാലല്ലേ നമുക്ക് മുന്നേറാൻ പറ്റൂ..

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz

 

മനോഹർ, നന്നായീട്ടോ.താങ്കളും ഈ സൈറ്റിനു ഒരു മുതൽക്കൂട്ട് ആവും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.വേദനിക്കിലും വേദനിപ്പിക്കിലും

വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍........ 

          

 
മനോഹര്‍ജി:

ഇപ്പോഴാണീ കമന്‍റ്റ് കണ്ടത്....

മലയാളഭാഷയറിയാത്ത സലില്‍ദായുടെ  ഈണത്തിനനുസരിച്ചായിരുന്നു നാലുപാട്ടുകള്‍ (മഴവില്‍ക്കൊടികാവടി, മാനേ മാനേ വിളികേള്‍ക്കൂ, ശാരികേ എന്‍ ശാരികേ, നീവരൂ കാവ്യദേവതേ) എഴുതിയത്. അഞ്ചാമത്തെപ്പാട്ട് (സൌരയൂഥത്തില്‍....) വരിയെഴുതിയതിനുശേഷം ഈണം കൊടുത്തതാണ്‌ എന്നാണ്‌ ഉദ്ദേശിച്ചത്..

സ്വപ്നത്തിന്‍റ്റെ സംവിധായകന്‍ ശ്രീ. ശിവന്‍ തന്നെയല്ലേ.....

ലേഖനം വായിച്ച് ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി.....