ഇനിയും പുഴയൊഴുകും
ഭർത്താവും, ഭാര്യയും, മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന ശാന്തസുന്ദരമായി ഒഴുകുന്ന പുഴപോലൊരു കുടുംബം. അവരുടെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ ആ ഒഴുക്ക് നിലയ്ക്കുന്നു. ആ ഒഴുക്ക് എന്നെന്നേക്കുമായി നിലച്ചു പോവുമോ, അതോ വീണ്ടും ഒഴുകിത്തുടങ്ങുമോ?
Actors & Characters
Actors | Character |
---|---|
മിസ്റ്റർ നമ്പ്യാർ | |
മിസ്സിസ് സെലിൻ തോമസ് | |
അലക്സ് | |
രാധ | |
മിസ്റ്റർ കുറുപ്പ് | |
പ്രഭാകരന്റെ അച്ഛൻ | |
ശേഖർ | |
പ്രഭാകരൻ | |
സുകുമാരൻ | |
സലീം | |
മിസ്സിസ് തോമസിന്റെ വേലക്കാരി | |
ഡോക്ടർ | |
മിസ്റ്റർ തോമസ് | |
Main Crew
കഥ സംഗ്രഹം
സത്യസന്ധനായ കോൺട്രാക്ടർ ആണ് പ്രഭാകരൻ (എം.ജി.സോമൻ). ഭാര്യ രാധ (വിധുബാല), മൂന്ന് മക്കൾ (ബാബു, വിനോദ് എന്നീ രണ്ട് ആൺകുട്ടികൾ, ബിന്ദു എന്ന ഒരു പെൺകുട്ടി) അടങ്ങുന്ന സന്തുഷ്ട കുടുംബം. പ്രഭാകരന്റെ അച്ഛൻ (ബഹദൂർ) പ്രഭാകരനെ ആശ്രയിക്കാതെ ടാക്സി ഓടിച്ച് ജീവിതം നയിക്കുന്നു.
പുതിയ ടെൻഡറിന് തുക അടയ്ക്കേണ്ടുന്ന തിയ്യതി ഇന്നാണെന്ന് ഓഫീസിലെ ആർക്കിടെക്ട് സലീം (സത്താർ) പ്രഭാകരനെ അറിയിക്കുന്നതോടൊപ്പം, ബോംബെയിൽ നിന്നും അവരുടെ എതിരാളികളായ കോൺട്രാക്ട് കമ്പനിയിലെ ഏജൻറ് നമ്പ്യാർ (ജയൻ) പ്രഭാകരനെ കാണാൻ ആഗ്രഹിക്കുന്ന വിവരവും പറയുന്നു. അക്കൗണ്ടിൽ കിടക്കുന്ന തുകയും, ബാക്കിയുള്ളതിന് ബാങ്കിൽ നിന്നും ഓവർഡ്രാഫ്ട് എടുത്തും വേണ്ടത് ചെയ്യാൻ സലീമിന് പ്രഭാകരൻ നിർദ്ദേശം നൽകിയ ശേഷം പ്രഭാകരൻ നമ്പ്യാറിനെ കാണാൻ ചെല്ലുന്നു. അതിനിടയിൽ സുഹൃത്ത് സുകുമാരൻ (ജനാർദ്ദനൻ) പ്രഭാകരനെ ഒരു സഹായം ചോദിച്ച് ഒരാൾ കാണാൻ ആഗ്രഹിക്കുന്നു എന്ന് വിളിച്ചു പറയുമ്പോൾ, അതാരെണെന്ന് പോലും ചോദിക്കാതെ 11 മണിക്ക് വന്ന് കാണാൻ പറയു എന്ന് പറയുന്നു.
പ്രഭാകരൻ വരുന്നതിന് മുൻപ് നമ്പ്യാർ ബാങ്ക് മാനേജറെ വിളിച്ച് പ്രഭാകരൻ ചോദിച്ച തുകയ്ക്ക് ഓവർഡ്രാഫ്ട് കൊടുക്കരുതെന്ന് പറയുന്നു, അദ്ദേഹം അതനുസരിക്കുകയും ചെയ്യുന്നു. പ്രഭാകരൻ വന്നതും ടെൻഡർ പിൻവലിക്കണം എന്നും, അതിൽ നിന്നും നിങ്ങൾക്ക് കിട്ടാനിരുന്ന ലാഭം എതിരാളികളായ കൺസ്ട്രക്ഷൻ കമ്പനി നൽകുമെന്നും പറയുമ്പോൾ, പ്രഭാകരൻ അതിന് വിസമ്മതിക്കുന്നു. ടെൻഡർ പിൻവലിക്കണമെന്ന് നമ്പ്യാർ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ, ഒരിക്കലും താനത് ചെയ്യില്ലെന്ന് പ്രഭാകരൻ തീർത്തു പറയുന്നു. ആ നേരത്ത് സലീം ബാങ്കിൽ നിന്നും ഓവർഡ്രാഫ്ട് കിട്ടാൻ സാധ്യതയില്ലെന്നും, ഉച്ചയ്ക്ക് മുൻപ് ടെൻഡറിനുള്ള പണം അടയ്ക്കേണ്ടതുമാണെന്ന് പ്രഭാകരനെ വിളിച്ചു പറയുന്നു. വിഷമിച്ചു നിൽക്കുന്ന പ്രഭാകരനോട് പണത്തിന് വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ സഹായിക്കാം എന്ന് പറയുന്ന നമ്പ്യാരോട് വേണ്ടെന്ന് പറഞ്ഞ് പ്രഭാകരൻ ഇറങ്ങുന്നു.
ഓഫീസിലെത്തിയ പ്രഭാകരൻ കുറുപ്പിനെ (ശങ്കരാടി) വിളിച്ച് തനിക്ക് കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നും, ഉടൻ തന്നെ വന്നു വാങ്ങിക്കൊള്ളാം എന്നും വിളിച്ചു പറയുന്നു. ആ സമയത്ത് സുകുമാരൻ പറഞ്ഞയച്ച മിസ്സിസ് സെലിൻ തോമസ് (ലക്ഷ്മി) എന്ന സ്ത്രീ പ്രഭാകരനെ കാണാനെത്തുമ്പോൾ, അവരെ കാത്തിരിക്കാൻ പറഞ്ഞിട്ട് പ്രഭാകരൻ കുറുപ്പിന്റടുത്തേക്ക് പോകുന്നു. കരാർ ഒപ്പിട്ട് പണവുമായി മടങ്ങുമ്പോൾ നമ്പ്യാർ കുറുപ്പിനെ വിളിച്ച് തനിക്ക് അത്യാവശ്യമായി അഞ്ചു ലക്ഷം വേണമെന്ന് പറയുമ്പോൾ, ഇന്ന് പറ്റില്ലെന്നും, ഇപ്പോഴാണ് പ്രഭാകരന് മൂന്ന് ലക്ഷം കൊടുത്തതെന്നും പറയുമ്പോൾ, നമ്പ്യാർ പ്രഭാകരൻ പണം വാങ്ങിച്ചു പോയതറിഞ്ഞ് ഞെട്ടുന്നു. പ്രഭാകരൻ ടെൻഡറിന്റെ ഔപചാരികതകൾ പൂർത്തിയാക്കി ഓഫീസിലേക്ക് മടങ്ങി സലീമിന് കൺസ്ട്രക്ഷൻ ജോലികൾ ആരംഭിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്നു.
നീ പറഞ്ഞ സമയത്ത് നിന്നെക്കാണാൻ മിസ്സിസ് തോമസ് അവിടെ വന്നപ്പോൾ നീ അവരെ മൈൻഡ് ചെയ്യാതെ പുറത്തു പോയല്ലോ എന്ന് സുകുമാരൻ പ്രഭാകരനെ വിളിച്ച് ശകാരിക്കുമ്പോൾ, താനത് ശ്രദ്ധിച്ചില്ലെന്നും, ഇപ്പോൾ അവർ എവിടെയുണ്ടെന്ന് ചോദിക്കുമ്പോൾ എന്റെ വീട്ടിൽ ഉണ്ടെന്ന് സുകുമാരൻ പറഞ്ഞതനുസരിച്ച് പ്രഭാകരൻ അവരെ കാണാൻ ചെല്ലുന്നു. മിസ്സിസ് തോമസ് പ്രഭാകരനെ കാത്തിരിക്കുമ്പോൾ ആ മുറിയിലാകെ കണ്ണോടിച്ചിരിക്കുന്നു. അപ്പോൾ ടീപ്പോയിൽ വെച്ചിരിക്കുന്ന വിമാനത്തിന്റെ മിനിയേച്ചറിൽ അവരുടെ കണ്ണുകൾ ഉടക്കി പഴയ കാര്യങ്ങൾ ഓർമ്മിക്കുന്നു. സെലിൻ തോമസിന്റെ ഭർത്താവ് തോമസും (മുരളീമോഹൻ) മകളും ന്യൂയോർക്കിൽ നിന്നും ചിക്കാഗോവിലേക്ക് വിമാനത്തിൽ യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണ്. മകളെ അവിടുത്തെ ഒരു സ്കൂളിൽ ചേർക്കാനായി പോവുകയാണ് തോമസ്. സെലിൻ പ്രൊഫസറായി ജോലി നോക്കുന്നത് കൊണ്ട് അവർ പോവുന്നില്ല. പുറപ്പെടുന്നതിന് മുൻപ് പത്ത് ലക്ഷം ഡോളറിനുള്ള ഫ്ലൈറ്റ് ഇൻഷുറൻസ് പത്രം തോമസ് സെലിനെ ഏൽപ്പിക്കുന്നു. അപ്പോൾ അവിടേക്ക് സുഹൃത്ത് അലക്സ് (ജോസ്) കയറി വന്ന് കുശലം വിചാരിക്കുന്നു. അലക്സ് തോമസിനെയും മകളെയും എയർപോർട്ടിൽ കൊണ്ടാക്കുന്നു. അല്പം കഴിഞ്ഞ് സെലിൻ ടീവി നോക്കിക്കൊണ്ടിരിക്കുമ്പോൾ ഞെട്ടിക്കുന്ന ആ വാർത്ത കേൾക്കുന്നു - തോമസും മകളും യാത്ര ചെയ്ത വിമാനം അപകടത്തിൽപ്പെട്ട് യാത്രക്കാരെല്ലാം മരിച്ചുപോയി എന്ന്.
സെലിൻ പഴയ ഓർമ്മകളിൽ നിന്നും തിരിച്ചെത്തുന്ന നേരത്ത് പ്രഭാകരൻ കടന്നു വന്ന് തന്നെ പരിചയപ്പെടുത്തി സെലിൻ വന്നത് ശ്രദ്ധിക്കാതെ പോയതിന് മാപ്പു ചോദിക്കുന്നു. പ്രഭാകരന് തോമസിന്റെ ശബ്ദവുമായി സാമ്യം തോന്നുന്നു സെലിന്. അപ്പോഴേക്കും സുകുമാരനും അവരുടെയടുത്ത് വന്നിരുന്ന് സെലിനോട് അവർ പ്രഭാകരനെ എന്തിനാണ് കാണാൻ ഉദ്ദേശിച്ചത് എന്നതിനെക്കുറിച്ച് പറയാൻ പറയുന്നു. ഭർത്താവും മകളും വിമാനാപകടത്തിൽ മരിച്ചതും, മൂന്ന് ലക്ഷം ഡോളർ ഇൻഷുറൻസ് ലഭിച്ചതും, തുടർന്ന് അവർ നാട്ടിലേക്ക് തന്നെ മടങ്ങിയതും പറഞ്ഞ്, ഇൻഷുറൻസിൽ നിന്നും ലഭിച്ച തുക കൊണ്ട് ഭർത്താവിന്റെ ഓർമ്മയ്ക്കായി അവരുടെ വീടിന്റെ അടുത്തു തന്നെ ഒരനാഥാലയം പണിയാൻ ആഗ്രഹിക്കുന്നുവെന്നും, അത് പ്രഭാകരൻ തന്നെ പണിതു തരണം എന്നും അഭ്യർത്ഥിക്കുന്നു. പ്രഭാകരൻ അത് ചെയ്തു തരാം എന്നുറപ്പു നൽകുന്നു. കഴിയുന്നതും വേഗം ജോലി തുടങ്ങണം എന്ന് സെലിൻ പറയുമ്പോൾ, നാളെത്തന്നെ വന്ന് സ്ഥലം നോക്കാം എന്നു പറഞ്ഞ് പ്രഭാകരൻ മടങ്ങുമ്പോൾ, പ്രഭാകരനോട് എന്തോ അടുപ്പം വന്നത് പോലെ സെലിൻ അവനെത്തന്നെ നോക്കിനിൽക്കുന്നു - പ്രഭാകരനിൽ തന്റെ ഭർത്താവ് തോമസിനെ കാണുന്നത് കൊണ്ടാണ് ആ അടുപ്പം.
വീട്ടിലെത്തിയ പ്രഭാകരന്റെ കൈയ്യിൽ മകന് ബാബുവിന് ഊട്ടിയിലെ സ്കൂളിൽ അഡ്മിഷൻ കിട്ടിയ കത്ത് ഏൽപ്പിക്കുന്നു. ബാബുവിന് അവിടെ പോകാൻ ഇഷ്ടമല്ലെന്ന് പറയുമ്പോൾ, അവിടെ പോയാൽ ആരോഗ്യം മെച്ചപ്പെടും എന്നും, അവന് കൂടെക്കൂടെ വരാറുള്ള തലവേദനയും മാറും എന്നും പറഞ്ഞ് പ്രഭാകരൻ അവനെ ആശ്വസിപ്പിക്കുന്നു. കുട്ടികളോടൊപ്പം നേരം ചിലവഴിച്ച് പ്രഭാകരന്റെ അച്ഛൻ തിരിച്ചുപോവാൻ തുടങ്ങുമ്പോൾ, ഞങ്ങളുടെ കൂടെ തന്നെ താമസിച്ചുകൂടെ എന്ന് രാധ ചോദിക്കുമ്പോൾ അച്ഛൻ അത് വിസമ്മതിച്ച്, മരണം വരെ പണിചെയ്ത് തന്നെ ജീവിക്കാനാണ് ആഗ്രഹം എന്നു പറഞ്ഞ്, അവരുടെ കൂടെ താമസിക്കാൻ വിസമ്മതിക്കുന്നതിന്റെ കാരണം പറയുന്നു - പ്രഭാകരന്റെ അമ്മ മരിച്ചപ്പോൾ താൻ രണ്ടാം വിവാഹം കഴിച്ചെന്നും, അവൾ പ്രഭാകരനെ വീട്ടിൽ നിന്നും അടിച്ചോടിച്ചുവെന്നും, പ്രഭാകരൻ അതൊക്കെ മറന്നുവെങ്കിലും തനിക്കത് മറക്കാൻ കഴിയുന്നില്ലെന്നും.
അടുത്ത ദിവസം പ്രഭാകരൻ സെലിനെ കാണാൻ ചെല്ലുന്നു. അവരുടെ കൂടെ താമസിക്കുന്നത് തോമസിന്റെ വളർത്തമ്മയായ വീട്ടുജോലിക്കാരി (അടൂർ ഭവാനി) മാത്രമാണ്. സെലിനോട് ന്യൂയോർക്കിലേക്ക് തിരിച്ചുപോവാൻ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോൾ, ഭർത്താവിനെയും മകളെയും അടക്കം ചെയ്ത ആ മണ്ണിൽ ഇനിയൊരിക്കലും ചവിട്ടില്ലെന്നവർ പറയുന്നു. വീട് മനോഹരമായിട്ടുണ്ടെന്ന് പ്രഭാകരൻ പറയുമ്പോൾ, ഭർത്താവും താനും ഒരുമിച്ചിവിടെ താമസിച്ചിരുന്നപ്പോൾ തനിക്കും അങ്ങിനെ തോന്നിയിരുന്നുവെന്നും, കൂട്ടിനൊരു പുരുഷനില്ലെങ്കിൽ സ്ത്രീയ്ക്കൊരു വീട് ഒന്നുമല്ലെന്നും, വെയിലും മഴയും കൊള്ളാതിരിക്കാനുള്ള മേൽക്കൂര മാത്രമാണതെന്നും സെലിൻ പറയുന്നു. തുടർന്ന്, ആ വീട് ഒരു ധർമസ്ഥാപനത്തിന് വിട്ടുകൊടുത്ത് ചെറിയൊരു വീട്ടിലേക്ക് താമസം മാറുമെന്നും അവർ പറയുന്നു. പിന്നീട് സെലിനും പ്രഭാകരനും അനാഥാലയം പണിയാനുള്ള സ്ഥലം കാണാൻ പോകുന്നു. അനാഥാലയം പണിയാനുള്ള സ്ഥലം കാണിച്ചു കൊടുത്ത് തൊട്ടടുത്തുള്ള കുന്നിൽ തനിക്ക് താമസിക്കാനുള്ള ചെറിയ വീടും പണിതു തരണം എന്ന് സെലിൻ പ്രഭാകരനോട് പറയുന്നു. തിരിച്ചു നടക്കുമ്പോൾ കാലിടറി വീഴാൻ പോകുന്ന സെലിനെ പ്രഭാകരൻ പിടിക്കുമ്പോൾ, സെലിൻ വീണ്ടും പ്രഭാകരനിൽ തോമസിനെ കാണുന്നു. പ്രഭാകരൻ കാറിൽ വീട്ടിലെത്തിക്കാം എന്ന് സെലിനോട് പറയുമ്പോൾ വേണ്ട ഞാൻ നടന്നു പൊയ്ക്കൊള്ളാം എന്നവർ പറയുന്നു.
പ്രഭാകരൻ അനാഥാലയത്തിന്റെ സ്കെച്ച് കാണിച്ച് ഇഷ്ടപ്പെട്ടുവോ എന്ന സെലിനോട് ചോദിക്കുമ്പോൾ അവർക്കത് ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നു. തോമസിന് ന്യൂയോർക്കിലെ ഒരു അനാഥാലയത്തിന്റെ കെട്ടിടം വളരെ ഇഷ്ടമായിരുന്നുവെന്ന് പറഞ്ഞ് അവർ തന്നെ ആ കെട്ടിടത്തിന്റെ സ്കെച്ച് വരച്ചു കാണിക്കുമ്പോൾ, പ്രഭാകരൻ നന്നായിട്ടുണ്ടെന്നും, ഇതുപോലെ തന്നെ പണിയാം എന്നും പറയുന്നു. ആ കെട്ടിടത്തിന്റെ അടുത്തുള്ള ഒരു പള്ളിയിലെ സെമിത്തേരിയിലാണ് തോമസിനെയും, മകളെയും അടക്കം ചെയ്തതെന്ന് പറഞ്ഞ് സെലിൻ വിതുമ്പുന്നു. പ്രഭാകരൻ സെലിനെ ആശ്വസിപ്പിക്കുകയും, കഴിഞ്ഞുപോയതിനെയൊക്കെ മറക്കാനും പറയുന്നു. അപ്പോൾ സെലിൻ പറയുന്നു - ഞങ്ങൾ എങ്ങിനെ ജീവിച്ചു എന്ന് നിങ്ങൾക്കറിയില്ല. തോമസിനെ വിവാഹം കഴിച്ചപ്പോൾ ജീവിതത്തിൽ എല്ലാം നേടിയെന്ന് എനിക്ക് തോന്നി. നിങ്ങളെപ്പോലെ തോമസും ഇപ്പോഴും വെളുത്ത വസ്ത്രങ്ങളെ ധരിക്കാറുണ്ടായിരുന്നുള്ളു. തോമസിന് ഞാൻ ഇപ്പോഴും അടുത്തുണ്ടായിരിക്കണം. രാത്രിയും പകലും കടന്നുപോവുന്നത് ഞങ്ങൾ അറിയാറേയില്ല. തോമസ് അടുത്തുള്ളപ്പോൾ ഞാൻ മകളെപ്പോലും മറന്നിട്ടുണ്ട്. കുറെ നല്ല ഓർമ്മകൾ മാത്രം മനസ്സിൽ അവശേഷിപ്പിച്ചിട്ട് തോമസ് എന്നെപ്പിരിഞ്ഞു പോയി. ഇത്രയും പറഞ്ഞ് സെലിൻ വിതുമ്പുമ്പോൾ പ്രഭാകരൻ വീണ്ടും അവരെ ആശ്വസിപ്പിക്കുന്നു - എല്ലാം മറന്ന് ജീവിക്കാൻ പഠിക്കണം എന്നുപറഞ്ഞ്. സെലിൻറെ വിതുമ്പൽ തുടർന്നുകൊണ്ടിരിക്കുമ്പോൾ പ്രഭാകരൻ അവരെ വീണ്ടും വീണ്ടും ആശ്വസിപ്പിക്കുന്നു. മുഖം കഴുകി വന്ന ശേഷം വികാരാതീതയായതിന് പ്രഭാകരനോട് സെലിൻ മാപ്പു ചോദിക്കുന്നു. തോമസും മകളും മരിച്ച വിവരം അറിഞ്ഞപ്പോഴോ, അവരുടെ മൃതശരീരം ഏറ്റുവാങ്ങി അടക്കം ചെയ്യുമ്പോഴോ താൻ കരഞ്ഞില്ലെന്നും, ഇപ്പോൾ നിങ്ങളുടെ മുൻപിലാണ് താൻ പൊട്ടിക്കരഞ്ഞു പോയതെന്നും സെലിൻ പറയുന്നു. ആരോടെങ്കിലും സങ്കടം തുറന്നു പറയുന്നത് നല്ലതാണെന്നും, എന്നെ അന്യനായി കാണരുതെന്നും പ്രഭാകരൻ പറയുമ്പോൾ, നിങ്ങളെക്കാണുമ്പോൾ എനിക്കെന്തോ ഒരു ആശ്വാസം തോന്നുന്നു എന്ന് സെലിൻ പറയുന്നു. സെലിൻ വരച്ച സ്കെച്ചും എടുത്ത് പ്രഭാകരൻ വിട വാങ്ങുന്നു. പ്രഭാകരനിൽ സെലിൻ വീണ്ടും വീണ്ടും തോമസിനെയാണ് കാണുന്നത്.
പ്രഭാകരന്റെ കോൺട്രാക്ടിൽ റോഡ് പണി നടക്കുന്ന സൈറ്റിൽ തൊഴിലാളി യൂണിയൻ നേതാവാണെന്നും പറഞ്ഞ് ശേഖർ (ആലുമ്മൂടൻ) അവിടെയെത്തുകയും, അവിടുത്തെ തൊഴിലാളികൾക്ക് ജോലി കൊടുത്തില്ലെങ്കിൽ പണികളെല്ലാം സ്തംഭിപ്പിക്കും എന്ന് പറയുമ്പോൾ, പ്രഭാകരൻ അവർക്കെല്ലാം ജോലി നൽകാം എന്നു പറയുന്നു. അപ്പോൾ ശേഖർ, അവർ പണിയെടുക്കണമെങ്കിൽ അവർക്ക് ചില സൗകര്യങ്ങളൊക്കെ ചെയ്തുകൊടുക്കണം എന്ന് ഡിമാൻഡ് മുന്നോട്ട് വെക്കുമ്പോൾ പ്രഭാകരന് കാര്യം മനസ്സിലാവുന്നു - ഇയാൾ ഗുണ്ടാപ്പിരിവിന് വന്നിരിക്കുകയാണെന്ന്. ശേഖറിന് കുറച്ചു രൂപാ കൊടുത്ത് അയാളെ പറഞ്ഞു വിടുന്നു.
അനാഥാലയത്തിന്റെ പ്ളാൻ എന്തായി എന്നന്വേഷിക്കാൻ സെലിൻ പ്രഭാകരന്റെ ഓഫീസിൽ എത്തുന്നു. പ്രഭാകരൻ സലീമിൽ നിന്നും അത് വാങ്ങി സെലിനിനെ കാണിച്ച് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുമ്പോൾ, സലീമിന്റെ മുന്നിൽ അവർ അഭിപ്രായം പറയാൻ മടിക്കുന്നത് കണ്ട് സലീം ആ മുറി വിട്ടു പോവുന്നു. എന്നാലും സലീമിന്റേത് തൊട്ടടുത്ത മുറിയും, കണ്ണാടി ജനാലയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കാണാവുന്നതുമായത് കൊണ്ട് ആ ജനാല കർട്ടൻ കൊണ്ട് മറച്ച ശേഷമാണ് സെലിൻ തന്റെ അഭിപ്രായം പറയുന്നത്. തുടർന്ന് തന്റെ കാർ റിപ്പേർ ആയെന്നും, തന്നെ വീട്ടിൽ കൊണ്ടു ചെന്നാക്കണം എന്നും പ്രഭാകരനോട് പറഞ്ഞ്, കുറച്ചു നേരം ഇവിടെ തന്നെ ഇരിക്കുന്നതിൽ വിരോധമുണ്ടോ എന്ന് ചോദിക്കുമ്പോൾ, പ്രഭാകരൻ ഒരു വിരോധവുമില്ലെന്ന് പറയുന്നു.
അന്നേരം ഓഫീസിലെ സ്റ്റാഫ് പ്രഭാകരന് വന്ന കത്തുകൾ കൊണ്ടുവന്നു കൊടുക്കുകയും, അതിൽ നിന്ന് മകൻ അയച്ച കത്ത് പ്രഭാകരൻ വായിക്കുമ്പോൾ അത് സെലിൻ കൗതുകത്തോടെ നോക്കിയിരിക്കുകയും ചെയ്യുന്നു. എന്നിട്ട് പ്രഭാകരന്റെ കുടുംബത്തെക്കുറിച്ച് ചോദിക്കുമ്പോൾ പ്രഭാകരൻ കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോ കാണിക്കുന്നു. ഓപ്പറേറ്ററെ വിളിച്ച് പ്രഭാകരനുമായി സംസാരിക്കണം എന്ന് സലീം പറയുമ്പോൾ, അദ്ദേഹത്തെ ഇപ്പോൾ ആരും ഡിസ്റ്റർബ് ചെയ്യരുതെന്ന് നിർദ്ദേശം തന്നിട്ടുണ്ടെന്ന് ഓപ്പറേറ്റർ പറയുന്നു. സെലിൻ പുറപ്പെടാൻ തയ്യാറാവുമ്പോൾ ഊണ് കഴിക്കാനുള്ള സമയമായതിനാൽ പ്രഭാകരൻ അവരെയും കൂട്ടി തന്റെ വീട്ടിലേക്ക് പോവുന്നു. പ്രഭാകരനോട് അത്യാവശ്യമായി സംസാരിക്കേണ്ടതുണ്ടെന്ന് ഓപ്പറേറ്ററോട് സലീം പറയുമ്പോൾ പ്രഭാകരൻ സെലിനുമൊത്ത് പുറത്തുപോയ വിവരം സലീമിനെ അറിയിക്കുന്നു.
പ്രഭാകരൻ വീട്ടിലെത്തി രാധയെ അന്വേഷിക്കുമ്പോൾ രാധ ചങ്ങനാശ്ശേരിയിൽ നിന്നും വന്നവരുടെ കൂടെ പുറത്ത് പോയിട്ടുണ്ടെന്ന് വീട്ടുപണിക്കാരി പറയുന്നു. അപ്പോൾ പ്രഭാകരൻ സെലിനോട് മാപ്പ് ചോദിച്ച്, രാധയുടെ കസിന്റെ കല്യാണമാണെന്നും, അതിനുവേണ്ടി ആഭരണങ്ങൾ വാങ്ങാൻ പുറത്തു പോയതാണ്, അത് താൻ മറന്നുപോയി എന്നും പറയുന്നു. രണ്ടുപേരും ആഹാരം കഴിക്കുന്നു. വീടുവരെ വന്നിട്ടും രാധയെക്കണ്ട് പരിചയപ്പെടാൻ കഴിയാത്തതിൽ സെലിൻ തന്റെ വിഷമം അറിയിക്കുന്നു. പ്രഭാകരൻ അവരെ വീട്ടിൽ കൊണ്ടാക്കുന്നു. രാത്രി രാധയോട് സെലിൻ വന്ന വിവരം പ്രഭാകരൻ അറിയിക്കുകയും, അവരുടെ ഇപ്പോഴത്തെ ദയനീയ സ്ഥിതിയെക്കുറിച്ചും പറഞ്ഞ് വിഷമിക്കുന്നു. അവരെ പരിചയപ്പെടാൻ കഴിയാത്തതിൽ രാധയും വിഷമം അറിയിക്കുന്നു. പിന്നീട്, ആഹാരം കഴിക്കാൻ പ്രഭാകരനെ വിളിക്കുമ്പോൾ, ഉച്ചയ്ക്ക് കൂടുതൽ കഴിച്ച കാരണം വിശപ്പില്ലെന്ന് പറയുമ്പോൾ രാധ മാത്രം ആഹാരം കഴിക്കാൻ പോവുന്നു. അപ്പോൾ പ്രഭാകരൻ സെലിനെക്കുറിച്ച് ആലോചിച്ചിരുന്നു.
നമ്പ്യാർ ശേഖറെക്കണ്ട് റോഡ് പണി സ്തംഭിപ്പിക്കാൻ പറഞ്ഞിട്ട് ഇതുവരെ നീയൊന്നും ചെയ്തില്ലേ എന്ന് ചോദിക്കുമ്പോൾ, നിരാഹാര സമരം ചെയ്തെങ്കിലും അത് സ്തംഭിപ്പിക്കും എന്ന് വാക്ക് നൽകുന്നു.
പ്രഭാകരൻ സെലിന് വേണ്ട പുതിയ വീടിന്റെ സ്കെച്ച് കാണിച്ച് എങ്ങിനെയുണ്ടെന്ന് ചോദിക്കുമ്പോൾ, മനോഹരമായിട്ടുണ്ടെന്ന് സെലിൻ പറയുന്നു. തുടർന്ന് പ്രഭാകരൻ ആ വീടിന്റെ പ്രത്യേകതകളെക്കുറിച്ച് വിവരിക്കുമ്പോൾ, വിശാലമായ ബെഡ്റൂമിനെക്കുറിച്ചും, അവിടുത്തെ ഫർണീച്ചറുകളെക്കുറിച്ചും പറയുമ്പോൾ, അത്രയും വിശാലമായ ബെഡ്റൂം, ഫർണിച്ചറും തനിക്കെന്തിനാണ് എന്ന് സെലിൻ ദുഖത്തോടെ ചോദിക്കുന്നു. അപ്പോൾ പ്രഭാകരൻ പറയുന്നു - നിങ്ങൾ ഒരു വിധവയാകരുതായിരുന്നു. അതുകേട്ട് സെലിൻ പ്രതികരിക്കുന്നു - പ്രഭാകരന്റെ ശബ്ദത്തിൽ താൻ കേൾക്കുന്നത് തോമസിന്റെ ശബ്ദമാണെന്ന സത്യം. തുടർന്ന്, പ്രഭാകരൻ തന്നെ മിസ്സിസ് തോമസ് എന്ന് സംബോധന ചെയ്യരുതെന്നും, അത് തന്നെ വീണ്ടും പഴയ ഓർമ്മകളിലേക്ക് തിരിച്ചുവിടുന്നുവെന്നും, അതുകൊണ്ട് തന്നെ സെലിൻ എന്ന് പേരു പറഞ്ഞ് വിളിച്ചാമതി എന്നും പറയുമ്പോൾ പ്രഭാകരൻ അവരെ സെലിൻ എന്ന് വിളിച്ചു തുടങ്ങുന്നു. വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ സെലിൻ പ്രഭാകരന്റെ ചിന്തയിൽ മുഴുകിയിരിക്കുന്നു. പ്രഭാകരനും രാധയോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങുന്നു.
സെലിൻ ഒരു തുണിക്കടയുടെ മുന്നിൽ വന്നിറങ്ങുമ്പോൾ ശേഖർ അവരോട് തോമസിന്റെ കൂട്ടുകാരനാണെന്നും പറഞ്ഞ്, കപട ദുഃഖം അഭിനയിച്ച് കുറച്ച് പണം ചോദിക്കുമ്പോൾ സെലിൻ പണം നൽകാതെ തുണിക്കടയിലേക്ക് കയറുന്നു. അവിടെ പ്രഭാകരൻ രാധക്ക് വേണ്ടി സാരി തിരഞ്ഞുകൊണ്ടിരിക്കുകയാണ്. സെലിനെ അവിടെക്കണ്ടതും രാധക്ക് വേണ്ടി ഒരു സാരി സെലക്ട് ചെയ്തു തരാൻ പ്രഭാകരൻ പറയുന്നു. ആ നേരത്ത് ശേഖർ അവിടേക്ക് കടന്ന് വന്നിട്ട് സെലിനോട് വീണ്ടും പണം ചോദിക്കുമ്പോൾ പ്രഭാകരൻ ശേഖറെ ആട്ടിയോടിക്കുന്നു. പുറത്തു വരുന്ന ശേഖർ പ്രഭാകരനും സെലിനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞ് സ്തംഭിപ്പിച്ചുകളയാം എന്നുപറഞ്ഞ് നീങ്ങുന്നു. ശേഖർ രാധയെ വിളിച്ച് പ്രഭാകരനും സെലിനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് പറയുമ്പോൾ രാധ അസംബന്ധമൊന്നും പറയരുതെന്ന് പറഞ്ഞ് അവനെ ശകാരിക്കുന്നു.
പ്രഭാകരൻ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അയാൾ വന്നത് ശ്രദ്ധിക്കാതെ എന്തോ ആലോച്ചിരിക്കുന്ന രാധയെ അയാൾ കളിയാക്കുന്നു. അതിന് മറുപടിയായി രാധ പ്രഭാകരനോട് മകൻ നിങ്ങൾക്ക് കത്തയിച്ചിരുന്നുവോ, അതിന് നിങ്ങൾ മറുപടി കൊടുത്തുവോ എന്ന് ചോദിക്കുമ്പോൾ, കത്ത് വന്നിരുന്നുവെന്നും, അത് ഓഫീസിൽ തന്നെ വെച്ച് മറന്നുവെന്നും, മറുപടി അയച്ചില്ല എന്നും പറയുന്നു. അച്ഛന്റെ പക്കൽ നിന്നും മറുപടി വന്നില്ല എന്ന പരിഭവവും പേറിയുള്ള മകന്റെ കത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട്, മകന്റെ കത്ത് നിങ്ങൾക്ക് എന്നാണ് കിട്ടിയത് എന്ന് രാധ പ്രഭാകരനോട് ചോദിക്കുമ്പോൾ, നീ നിന്റെ കസിന്റെ കല്യാണത്തിന് ആഭരണങ്ങൾ വാങ്ങാൻ പോയ ദിവസം എന്ന് പ്രഭാകരൻ പറയുന്നു. അതുകേട്ട് രാധ, ഓ... മിസ്സിസ് തോമസിനെയും കൂട്ടി നിങ്ങൾ വീട്ടിൽ വന്ന ദിവസം അല്ലേ എന്ന് അർത്ഥഗർഭത്തോടെ ചോദിക്കുന്നു. എന്നിട്ട് മകന്റെ കത്ത് പ്രഭാകരനെ ഏൽപ്പിച്ച്, മകന് ഒരു മറുപടി അയക്കാൻ പോലും അച്ഛന് സമയമെവിടെ എന്ന് പറഞ്ഞ് മുകളിലത്തെ മുറിയിലേക്ക് പോവുന്നു.
രാധയുടെ പിറന്നാളിന് വേണ്ടി വാങ്ങിച്ച സാരിയുമായി പ്രഭാകരൻ മുകളിലത്തെ മുറിയിലേക്ക് പോയി സാരി രാധയെ ഏൽപ്പിച്ച് എങ്ങിനെയുണ്ടെന്ന് ചോദിക്കുമ്പോൾ, നല്ല സെക്ഷൻ എന്ന് രാധ പറയുന്നു. അതുകേട്ട് പ്രഭാകരൻ മിസ്സിസ് തോമസ് ആണ് സെലക്ട് ചെയ്തു തന്നത് എന്നു പറയുമ്പോൾ, ഓഹോ അവരിപ്പോൾ എനിക്ക് സാരിയും സെലക്ട് ചെയ്യാൻ തുടങ്ങിയോ, ഇത് അവർക്ക് തന്നെ കൊടുത്തേക്കു എന്നു പറയുന്നു. പ്രഭാകരൻ രാധയെ സമാധാനിപ്പിച്ച് ആഹാരം കഴിക്കാൻ വിളിക്കുമ്പോൾ, എനിക്ക് വിശക്കുന്നില്ല നിങ്ങൾ പോയി കഴിച്ചോളു എന്ന് രാധ പറയുന്നു. അതുകേട്ട്, മിസ്സിസ് തോമസ് വന്ന ദിവസം താൻ രാത്രി ആഹാരം കഴിക്കാത്തതിന് പകരം വീട്ടുവാണോ എന്ന് പ്രഭാകരൻ ചോദിക്കുമ്പോൾ, നിങ്ങൾക്കിപ്പോ എന്ത് പറഞ്ഞാലും മിസ്സിസ് തോമസിന്റെ നാമം ജപിക്കൽ തന്നെയാണല്ലോ എന്ന് ദേഷ്യത്തോടെ പറഞ്ഞ് രാധ എണീറ്റ് പോവുന്നു.
നമ്പ്യാർ ശേഖറെക്കണ്ട് പ്രഭാകരന്റെ സൈറ്റിലെ ജോലി സ്തംഭിപ്പിക്കുന്ന കാര്യം എന്തായി എന്ന് ചോദിക്കുമ്പോൾ ആദ്യം ഉരുണ്ടു കളിക്കുകയും, പിന്നീട് പ്രഭാകരനും മിസ്സിസ് തോമസും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞ് പത്രത്തിൽ ഒരു വാർത്ത ഇറക്കാൻ പോവുകയാണെന്നും അതിന് പണം ചിലവുണ്ടെന്നും പറയുമ്പോൾ, എന്ത് ചിലവായാലും പ്രശ്നമില്ല അത് ഉടൻ തന്നെ ചെയ്യണം, താൻ ആ പണം തരാം എന്ന നമ്പ്യാർ പറയുന്നു.
പാലത്തിന്റെ പണിക്കാവശ്യമായ ഒരു മെഷീൻ ഏഴു ലക്ഷം രൂപാ വരും എന്നുപറഞ്ഞ് ഒരു മറുപടി വന്നിട്ടുണ്ടെന്ന് സലീം പറയുമ്പോൾ, എത്രയും പെട്ടെന്ന് നമുക്കാ മെഷീൻ വാങ്ങണം എന്ന് പ്രഭാകരൻ പറയുന്നു. അതിന് സലീം, നമ്മുടെ കമ്പനിയുടെ ഇന്നത്തെ അവസ്ഥയിൽ ഇത്രയും പണം മുടക്കി അതു വേണോ എന്ന് ചോദിക്കുമ്പോൾ, നമുക്കത് അത്യാവശ്യമാണെന്നും, എത്ര പണം വേണമെങ്കിലും കുറുപ്പ് തരും എന്ന് പ്രഭാകരൻ പറയുന്നു. അപ്പോൾ, ഇങ്ങിനെ കൂടുതൽക്കൂടുതൽ പണം കടം വാങ്ങുന്നത് അത്ര ശരിയാണോ എന്ന് സലീം ചോദിക്കുമ്പോൾ, എല്ലാം നെഗറ്റീവ് ആയി ചിന്തിക്കാതെ പോസിറ്റീവ് ആയി ചിന്തിക്കു എന്ന് പ്രഭാകരൻ പറയുന്നു. എന്നിട്ട്, താൻ ഉടൻ തന്നെ കൽക്കത്തയ്ക്ക് പോവുകയാണെന്നും, ഈ വിവരം ആരോടും പറയേണ്ട എന്നും പ്രഭാകരൻ സലീമിനോട് പറയുന്നു. എന്നിട്ട് രാധയെ വിളിച്ച് തന്റെ യാത്രയ്ക്കുള്ള തുണികളെല്ലാം പാക്ക് ചെയ്തുവെക്കാൻ പറയുന്നു.
സെലിൻ പ്രഭാകരന്റെ ഓഫീസിൽ വന്ന് പ്രഭാകരനെ കാണാത്തത് കൊണ്ട് സലീമിനോട് അനാഥാലയത്തിന്റെ പണി രണ്ടുമൂന്ന് ദിവസങ്ങളായിട്ട് നടക്കുന്നില്ല എന്ന് പറയുമ്പോൾ, കോൺക്രീറ്റ് പണി കഴിഞ്ഞതാണ് അത് സെറ്റായിട്ട് വേണം പണി തുടരാൻ എന്ന് പറയുന്നു. അപ്പോൾ സെലിൻ അതിന്റെ കൺസ്ട്രക്ഷൻ എത്രയും പെട്ടെന്ന് തീർക്കണം എന്ന് പറയുമ്പോൾ, അത് ഞങ്ങളുടെയും കൂടി ആവശ്യമാണെന്നും, കഴിയുന്നതും വേഗം തീർക്കും എന്നും പറയുന്നു. തുടർന്ന്, മൂന്നു നാല് ദിവസങ്ങളായിട്ട് പ്രഭാകരനെ കാണുന്നില്ലല്ലോ എവിടെ പോയി, എന്ന് തിരിച്ചു വരും എന്ന് ചോദിക്കുമ്പോൾ, എനിക്കറിയില്ല എന്ന് സലീം പറയുന്നു. അതിന് സെലിൻ, പ്രഭാകരൻ നിങ്ങളോട് പറയാതെയാണോ പോയത് എന്ന് ചോദിക്കുമ്പോൾ, പറഞ്ഞതാണ് എന്നും, പക്ഷേ എവിടേക്കാണെന്നോ, എപ്പോ മടങ്ങിവരും എന്നോ എന്നോട് പറഞ്ഞില്ല എന്ന് സലീം പറയുമ്പോൾ സെലിൻ വിഷമത്തോടെ തിരിച്ചു പോവുന്നു.
പ്രഭാകരൻ കൽക്കത്തയിൽ നിന്നും തിരിച്ചെത്തി, അവിടെ നിന്നും മക്കൾക്കും രാധയ്ക്കുമുള്ള സമ്മാനങ്ങൾ കൊടുത്ത്, രാധയോട് ആ മെഷീൻ വാങ്ങിച്ച വിവരവും പറഞ്ഞ് കുളിക്കാൻ പോവുന്നു. അപ്പോൾ മകൾ അച്ഛന്റെ പെട്ടിയിൽ എന്തെല്ലാമുണ്ടെന്ന് പറഞ്ഞ് അതിലെ നിന്നും ഒരു വലിയ പാർസൽ എടുത്ത് പൊട്ടിക്കാൻ ശ്രമിക്കുമ്പോൾ രാധ വന്ന് അതൊക്കെ എന്തിനാ എടുത്തതെന്ന് ചോദിച്ച് വാങ്ങിച്ചു നോക്കുമ്പോൾ, അത് സെലിനുള്ള സമ്മാനമാണെന്ന് കണ്ട് ഞെട്ടുകയും, പിന്നീട് പൊട്ടിച്ച കടലാസ്സ് മകളുടെ പക്കൽ നിന്നും വാങ്ങി മക്കളെ പുറത്ത് പോകാൻ പറയുന്നു. ആ പാർസൽ വീണ്ടും പൊതിയാൻ ഇരിക്കുമ്പോൾ പ്രഭാകരൻ കുളി കഴിഞ്ഞ് വന്ന് രാധ പാർസലുമായി ഇരിക്കുന്നത് കാണുന്നു. അപ്പോൾ രാധ പറയുന്നു - ഞാനല്ല പൊട്ടിച്ചത്, പൊതിയേണ്ടത് പൊതിഞ്ഞു തന്നെ ഇരിക്കട്ടെ. തുടർന്ന് പ്രഭാകരന് ചായ കൊടുക്കുമ്പോൾ പ്രഭാകരൻ പറയുന്നു - നീ എന്തൊക്കെയോ വിചാരിക്കുന്നു, തെറ്റിദ്ധാരണയാണ്. അതുകേട്ട് രാധ, തെറ്റിദ്ധാരണ ആയിരിക്കണേ എന്നാണ് എന്റെ പ്രാർത്ഥന എന്ന് പറയുന്നു.
പ്രഭാകരൻ സെലിനെക്കണ്ട് അവർക്കുള്ള സമ്മാനം നൽകുന്നു - അതൊരു താജ്മഹൽ പ്രതിമയായിരുന്നു. മനോഹരമായിട്ടുണ്ടെന്ന് പറഞ്ഞ് എത്രയോ നേരം താൻ അവിടുത്തെ മാർബിൾത്തറയിൽ കിടന്നിട്ടുണ്ടെന്ന് പറഞ്ഞ് പഴയ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നു. അപ്പോൾ പ്രഭാകരൻ അവരെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. ഓർമ്മകളിൽ നിന്നും തിരിച്ചെത്തുന്ന സെലിൻ പെട്ടെന്ന് പ്രഭാകരൻ തന്നെത്തന്നെ തുറിച്ചു നോക്കിയിരിക്കുന്ന കാണുമ്പോൾ അസ്വസ്ഥയാവുകയും, ഇപ്പോൾ വരാമെന്ന് പറഞ്ഞ് അകത്തേക്ക് പോവുകയും ചെയ്യുന്നു. ഉടുപ്പ് മാറ്റി തിരിച്ചെത്തുന്ന സെലിൻ കാണുന്നത് അവർ താജ്മഹലിന്റെ മുൻപിൽ കിടക്കുന്നത് പോലെയുള്ള ചിത്രം വരയ്ക്കുന്ന പ്രഭാകരനെയാണ്. അത് നോക്കിനിൽക്കുന്ന സെലിൻ അറിയാതെ പ്രഭാകരനുമായി തൊട്ടുരുമ്മി നിൽക്കുന്നു. ആ നേരത്ത് സലീം അവിടേക്ക് കയറി വന്നതും രണ്ടുപേരും ഞെട്ടുന്നു. പറയാൻ വന്നത് പറയാതെ സലീം പുറത്തേക്ക് പോവുന്നു. സലീം എന്തോ പറയാൻ വന്നതാണെന്ന് പറഞ്ഞ് പ്രഭാകരനും പുറത്തേക്ക് പോവുന്നു. സെലിൻ പ്രഭാകരൻ വരച്ച ചിത്രവും നോക്കി പ്രഭാകരനെ ഓർത്തിരിക്കുന്നു.
പ്രഭാകരൻ സെലിന്റെ പുതിയ വീടിന്റെ മോഡൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം എന്ന് സലീമിനോട് പറയുമ്പോൾ, നിങ്ങൾ ഇപ്പോൾ ബിസിനസ്സിൽ തീരെ ശ്രദ്ധിക്കുന്നില്ലെന്നും, ശ്രദ്ധ മുഴുവനിപ്പോൾ മിസ്സിസ് തോമസിന്റെ പ്രോജക്ടിലാണെന്നും, നിങ്ങളുടെ മനസ്സ് മുഴുവൻ നിറഞ്ഞു നിൽക്കുന്നത് മിസ്സിസ് തോമാസാണെന്നും പറയുന്നു. അതുകേട്ട് കുപിതനായ പ്രഭാകരൻ സലീമിനോട് നിങ്ങൾ കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നു എന്നും, നിങ്ങളിവിടുത്തെ വെറും ആർക്കിടെക്ട് മാത്രമാണെന്നും പറയുമ്പോൾ, അതു പറയാൻ നിങ്ങൾക്ക് പത്ത് വർഷം വേണ്ടിവന്നു എന്ന് സലീം വിഷമത്തോടെ പറയുന്നു. അവിടെ സെലിൻ പ്രഭാകരനെ മറക്കാൻ കഴിയാതെ വിഷമിക്കുന്നു.
രാധ വിളിച്ചത് കൊണ്ട് സലീം രാധയെ കാണാൻ വരുന്നു. ജോലിക്കാര്യത്തിനായി സലീം കോയമ്പത്തൂർ പോവുന്നത് കൊണ്ട് അടുത്തു തന്നെയുള്ള ഊട്ടിക്ക് പോയി അവിടെ സ്കൂളിൽ പഠിക്കുന്ന മകന് കുറച്ച് സാധനങ്ങൾ കൊടുത്തുവിടാനാണ് രാധ സലീമിനെ വിളിച്ചത്. അപ്പോൾ അവിടത്തെ മേശമേൽ വെച്ചിരിക്കുന്ന സെലിന്റെ പുതിയ വീടിന്റെ മോഡൽ കാണാനിടയാകുന്ന സലീം, ഇതിവിടെയും വന്നുവോ എന്ന് ചോദിക്കുന്നു. ഇതാരുടെ വീടിന്റെ മോഡലാണെന്ന് രാധ ചോദിച്ച്, പ്രഭാകരൻ ഇതെപ്പോഴും നോക്കിക്കൊണ്ടിരിക്കും, ജനാല അപ്പുറത്തും ഇപ്പുറത്തും മാറ്റി മാറ്റി വെച്ചോണ്ടിരിക്കും എന്ന് പറയുന്നു. അതിന് ഇതിന്റെ വാതിലും ജനലും എവിടെ വെച്ചാലും ശരിയാവില്ല എന്ന് സലീം മറുപടി പറയുമ്പോൾ, അതെന്താ അങ്ങിനെ എന്ന് രാധ ചോദിക്കുന്നു. അതങ്ങിനെയാണെന്ന് സലീം മറുപടി പറയുന്നു. തുടർന്ന് രാധ, ഇയ്യിടെയായിട്ട് പ്രഭാകരൻ വളരെ അസ്വസ്ഥനാണെന്നും, ചോദിക്കുമ്പോൾ ഒന്നും പറയുന്നില്ലെന്നും പറഞ്ഞ്, ഓഫീസിൽ വല്ല കുഴപ്പവുമുണ്ടോ എന്ന് ചോദിക്കുന്നു. ഓഫീസിലല്ല, പ്രഭാകരന്റെ മനസ്സിലാണ് കുഴപ്പം എന്നതിന് സലീം മറുപടി പറയുന്നു. അതുകേട്ട്, മനസ്സിനാണെങ്കിൽ അതാദ്യം അറിയേണ്ടത് ഞാനല്ലേ എന്ന് രാധ വീണ്ടും ചോദിക്കുന്നു. എങ്കിൽ ഇതിനകം നിങ്ങൾ അതറിഞ്ഞിരിക്കണം, ഈ വീടാണതിനെല്ലാം കാരണം എന്ന് സെലിന്റെ വീടിന്റെ മോഡലിനെ ചൂണ്ടിക്കാണിച്ച് സലീം പറയുന്നു.
തുടർന്ന് സലീം, ഈ വീട് മിസ്സിസ് തോമസിന് വേണ്ടി പണിയാൻ പോകുന്നതാണ്. ഈ വീട് പണിതുയരുമ്പോൾ പലതും തകർക്കും എന്ന് പറഞ്ഞ് നിങ്ങൾക്ക് ഞാൻ പറയുന്നത് മനസ്സിലായോ എന്ന് ചോദിക്കുമ്പോൾ, മനസ്സിലായി എന്ന് രാധ പറയുന്നു. തുടർന്ന് നിങ്ങൾ പ്രഭാകരനെ നിയന്ത്രിക്കണം എന്ന് സലീം പറയുമ്പോൾ, ഞാൻ അദ്ദേഹത്തെ അനുസരിക്കാനെ പഠിച്ചിട്ടുള്ളു എന്ന് രാധ പറയുന്നു. എതിർക്കേണ്ടിടത്ത് എതിർക്കുക തന്നെ ചെയ്യണം എന്ന് സലീം പറയുന്നു. തുടർന്ന്, പ്രഭാകരൻ മിസ്സിസ് തോമസിനെ കാണരുതെന്ന് നിങ്ങൾ അദ്ദേഹത്തോട് ശക്തമായി പറയണം എന്ന് സലീം പറയുമ്പോൾ, ഞാൻ പറഞ്ഞാൽ അദ്ദേഹം കേൾക്കുമോ എന്ന് രാധ ചോദിക്കുന്നു. അദ്ദേഹം അനുസരിക്കുന്നില്ലെങ്കിൽ നിങ്ങൾ അദ്ദേഹത്തെ ഉപേക്ഷിച്ചു പോകും എന്ന് പറയണം എന്ന് സലീം പറയുമ്പോൾ രാധ കുപിതയായി ഇനിയിതുപോലുള്ള ഉപദേശവുമായി ഇവിടേക്ക് വന്നേക്കരുതെന്ന് പറയുന്നു. തുടർന്ന് രാധ, പ്രഭാകരനുമായി ജീവിക്കാൻ തുടങ്ങിയിട്ട് പതിനഞ്ചു കൊല്ലമായി എന്നും, മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണെന്നും, പ്രഭാകരനെ പിരിയാൻ നേരിട്ടാൽ താൻ തന്നെ ഇല്ലാതാവും എന്ന് കരഞ്ഞുകൊണ്ട് പറയുന്നത് കേട്ട് വിഷമത്തോടെ സലീം പുറത്തേക്ക് പോവുന്നു.
ശേഖർ പ്രഭാകരൻ ഓഫീസിൽ ഇല്ലാത്ത സമയം നോക്കി അദ്ദേഹത്തിന്റെ ഓഫീസിൽ കയറി, സലീമിനോട് താൻ പുതിയതായി ഒരു പത്രം തുടങ്ങിയിട്ടുണ്ടെന്നും, അതിൽ പ്രഭാകരനും മിസ്സിസ് തോമസും തമ്മിലുള്ള അവിഹിത ബന്ധത്തിനെക്കുറിച്ച് എഴുതാൻ ഒരാളിൽ നിന്നും ആയിരം രൂപാ വാങ്ങിച്ചിട്ടുണ്ടെന്നും പറയുന്നു. അതുകേട്ട് സലീം, ആ വാർത്ത പത്രത്തിൽ കൊടുക്കരുതെന്നും, അതുവഴി ഒരു കുടുംബം തകർന്നു പോകുമെന്നും, വാർത്ത പത്രത്തിൽ വരാതിരിക്കാൻ താൻ ആയിരം രൂപാ തരാം എന്നും പറഞ്ഞ് ശേഖറിന് ആയിരം രൂപാ കൊടുക്കുന്നു. ശേഖർ അതും വാങ്ങിച്ചു പോവുന്നുവെങ്കിലും, അയാൾ വാക്കു പാലിക്കാതെ ആ വാർത്ത പത്രത്തിൽ അടിച്ചു വിടുന്നു. ഈ വാർത്ത ഉച്ചത്തിൽ കൂവിക്കൊണ്ട് പത്രം വിൽക്കുന്ന പയ്യനെ പ്രഭാകരന്റെ അച്ഛൻ കാണുകയും, അവന്റെ കൈയ്യിലുള്ള പത്രം മുഴുവനും വാങ്ങിക്കുകയും, അടുത്തുള്ള പല കടകളിൽ നിന്നും ഈ വാർത്ത അച്ചടിച്ചു വന്ന പത്രങ്ങൾ എല്ലാം വാങ്ങിക്കുകയും, അതെല്ലാം തീയിലിട്ട് എരിക്കുകയും ചെയ്യുന്നു.
ആ പത്രത്തിന്റെ ഒരു കോപ്പി രാധയുടെ കൈകളിലും എത്തുന്നു. പ്രഭാകരന്റെ അച്ഛൻ രാധയെ കാണാൻ എത്തുന്നു. പത്രത്തിൽ വന്ന വാർത്തയെക്കുറിച്ച് അറിയാത്ത ഭാവം നടിക്കുന്ന രാധയോട് എന്റെ മുൻപിൽ എന്താണ് അഭിനയിക്കുന്നതെന്ന് അച്ഛൻ ചോദിക്കുന്നു. തന്റെ മകൻ ഇങ്ങിനെ ആയിപ്പോയല്ലോ എന്ന് അച്ഛൻ വിഷമിക്കുമ്പോൾ, രാധ പ്രഭാകരൻ നല്ലവനാണെന്നും, പ്രഭാകരന്റെ ശത്രുക്കൾ ആരെങ്കിലും പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണിതെന്നും പറഞ്ഞ് പ്രഭാകരന്റെ പക്ഷം പിടിച്ച് സംസാരിക്കുന്നു. അവന്റെ പക്ഷം പിടിച്ച് സംസാരിക്കാതെ അവനെ നീ നിയന്ത്രിക്കണം, നിയന്ത്രിച്ചേ മതിയാവൂ എന്ന് പറഞ്ഞ് അച്ഛൻ പോവുന്നു.
വാർത്ത വായിച്ച് പ്രഭാകരൻ സെലിനെ കാണാൻ ചെല്ലുന്നു. അവിടെ സെലിൻ ആ വാർത്ത കണ്ട് ദുഃഖിച്ചിരിക്കുകയാണ്. അവരെ ആശ്വസിപ്പിക്കുകയും, ഈ വാർത്ത തെറ്റാണെന്ന് നമുക്ക് ലോകത്തെ അറിയിക്കണം എന്നും, അതിന് നമ്മൾ ഒരുമിച്ച് പുറത്തു കറങ്ങി നടക്കണം എന്നുപറഞ്ഞ് പ്രഭാകരൻ സെലിനെ ക്ഷണിക്കുമ്പോൾ സെലിൻ അതിന് വിസമ്മതിക്കുകയും, ആരെ ഭയന്നില്ലെങ്കിലും സമൂഹത്തെ ഭയപ്പെടണം എന്നും പറയുന്നു. തുടർന്ന്, പ്രഭാകരന് തന്നോട് തോന്നിയത് അനുകമ്പയാണെന്നും, തനിക്കങ്ങിനെയായിരുന്നില്ല എന്നും, എപ്പോഴും പ്രഭാകരന്റെ സാമീപ്യം താൻ ആഗ്രഹിച്ചുവെന്നും, ഇതുവരെയുള്ള ആഗ്രഹങ്ങൾ മനസ്സിന്റേതുമാത്രമായിരുന്നുവെന്നും, എന്നാൽ ശരീരവും അതുപോലെ ആഗ്രഹിക്കാൻ തുടങ്ങിയാൽ അതെവിടെ ചെന്നെത്തിക്കും എന്ന് പറയാൻ കഴിയാത്തത് കൊണ്ട് നമ്മൾ തമ്മിലുള്ള ബന്ധം ഇവിടെ വെച്ച് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും, പ്രഭാകരൻ ഇനിമുതൽ തന്നെ കാണാൻ വരരുതെന്നും സെലിൻ പറയുന്നു. പ്രഭാകരൻ സെലിനെ വീണ്ടും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണെങ്കിലും ഇനി പ്രഭാകരൻ തന്നെ കാണാൻ വരരുതെന്ന് സെലിൻ തീർത്തു പറയുന്നു. പ്രഭാകരൻ വിഷമത്തോടെ അവിടെ നിന്നും ഇറങ്ങുന്നു.
സെലിന്റെ വീട്ടിൽ നിന്നും ഇറങ്ങുന്ന പ്രഭാകരൻ നേരെ തന്റെ ഓഫീസിൽ ചെന്ന് സലീമാണ് ഇതിനെല്ലാം കാരണക്കാരൻ, സലീമാണ് ഈ വാർത്ത പത്രത്തിൽ കൊടുത്തതെന്ന് കരുതി സലീമിനെ ശകാരിക്കുന്നു നീണ്ട പത്തു വർഷം പ്രഭാകരന്റെ കീഴിൽ സേവനമനുഷ്ഠിച്ചും പ്രഭാകരൻ തന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന വിഷമത്തിൽ സലീം ജോലി രാജിവെച്ച്, പ്രഭാകരനും കുടുംബത്തിനും ആശംസകൾ നേർന്ന് സ്ഥാപനത്തിൽ നിന്നും ഇറങ്ങുന്നു. കുറുപ്പും ഈ വാർത്ത അറിഞ്ഞ് പ്രഭാകരന്റെ വീട്ടിലേക്ക് വരുന്നു. രാധയോട് പ്രഭാകരൻ ഇവിടെയൊക്കെ വരുന്നുണ്ടോ എന്നർത്ഥം വെച്ച് ചോദിച്ചുകൊണ്ടിരിക്കുമ്പോൾ പ്രഭാകരൻ കയറി വരുന്നു. തനിക്ക് തരാനുള്ള ഇൻസ്റ്റാൾമെന്റ് തുക തന്നിട്ടില്ലെന്നും, അതുടനെ തരണമെന്നും പറയുമ്പോൾ പ്രഭാകരൻ കുറച്ച് സാവകാശം ചോദിക്കുന്നു. പ്രഭാകരനിൽ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ട് ഇൻസ്റ്റാൾമെന്റ് തുകയും, റൊക്കപ്പണവും തിരിച്ചു തരണം എന്ന് പറയുമ്പോൾ, പണമെല്ലാം ബിസിനെസ്സിൽ ഇറക്കിയത് കാരണം അതുടനെ തരാൻ കഴിയില്ലെന്ന് പറയുന്നു. അപ്പോൾ താൻ തന്ന പണത്തിന് എന്തെങ്കിലും ഷുവറിറ്റി തരണമെന്നും, സലീമിനെക്കൊണ്ട് ആ ഷുവറിറ്റി തരാൻ പറയണമെന്നും പറയുമ്പോൾ, സലീം ജോലി ഉപേക്ഷിച്ചു പോയ കാര്യം പ്രഭാകരൻ പറയുന്നു. അപ്പോൾ വീടിന്റെയും, ഓഫീസിന്റെയും പത്രം തന്റെ കൈയ്യിൽ ഏൽപ്പിക്കണം എന്ന് കറുപ്പ് പറയുന്നു. അതും തന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ല, കാരണം രണ്ടും രാധയുടെ പേരിലാണെന്ന് പ്രഭാകരൻ പറയുന്നു. കുറുപ്പും വിടുന്നില്ല, തന്നെ പറ്റു എന്ന് തീർത്തു പറയുന്നു. അപ്പോൾ രാധ പ്രഭാകരനെ അകത്തോട്ട് വിളിച്ച് ദാസ്താവേജുകൾ പ്രഭാകരനെ ഏൽപ്പിച്ച് അത് കുറുപ്പിനെ ഏൽപ്പിക്കാൻ നിർബന്ധിക്കുന്നു. കുറുപ്പ് ആ ദസ്താവേജുകളുമായി സ്ഥലം വിടുന്നു. രാധയുടെ മുഖത്തു നോക്കാൻ കഴിയാതെ വിഷമിച്ചിരുന്ന പ്രഭാകരനെ രാധ ആശ്വസിപ്പിക്കുന്നു.
അടുത്ത ദിവസം പ്രഭാകരൻ ഓഫീസിലേക്ക് ഇറങ്ങുന്ന നേരത്ത് രാധ അദ്ദേഹത്തെ നിർബന്ധിച്ച് നിർത്തി തനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തന്റെ മനസ്സിലുള്ളതെല്ലാം തുറന്ന് പറയുന്നു - പ്രഭാകരന്റെ സ്നേഹം അനുഭവിച്ച് പതിനഞ്ചു വർഷങ്ങൾ കടന്നു പോയതറിഞ്ഞില്ലെന്നും, ഈ ദാമ്പത്യത്തിൽ മൂന്ന് കുട്ടികളുടെ അമ്മയായെന്നും, പ്രഭാകരന്റെ ഓരോ ചലനങ്ങളും തനിക്കറിയാമായിരുന്നുവെന്നും, മിസ്സിസ് തോമസിന്റെ വരവോടെ പ്രഭാകരൻ ആകെ മാറിപ്പോയെന്നും, ഇപ്പോൾ പ്രഭാകരന്റെ മനസ്സ് മുഴുവൻ താനല്ല മറിച്ച് മിസ്സിസ് തോമസാണ് എന്നും, ഇനി താനിവിടെ താമസിക്കുന്നതിൽ അർത്ഥമില്ലെന്നും, തന്നെ ഡിവോഴ്സ് ചെയ്യരുതെന്നും, ഡിവോഴ്സ് ചെയ്താൽ ആ നിമിഷം താൻ ജീവിച്ചിരിക്കില്ലെന്നും പറഞ്ഞ്, ഇനി മുതൽ മിസ്സിസ് തോമസിനെ കാണരുതെന്നും പറയുന്നു. ഇതെല്ലാം കെട്ടുകഥകളാണ്, ഇതൊന്നും വിശ്വസിക്കരുതെന്ന് രാധയോട് പ്രഭാകരൻ വീണ്ടും വീണ്ടും പറയുന്നുണ്ടെങ്കിലും രാധ അത് വിശ്വസിക്കാൻ തയ്യാറാവുന്നില്ല.
ശേഖർ പ്രഭാകരന്റെ അച്ഛന്റെ ടാക്സിയിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തോട് പ്രഭാകരനെക്കുറിച്ചുള്ള വാർത്ത അറിഞ്ഞോയെന്ന് ചോദിക്കുന്നു. അറിഞ്ഞു എന്ന് പറഞ്ഞിട്ട് അദ്ദേഹം ശേഖറെ ടാക്സിയിൽ നിന്നും ഇറങ്ങാൻ പറഞ്ഞിട്ട് പൊതിരെ തല്ലുന്നു. പ്രഭാകരൻ രാത്രിയിൽ വീട്ടിൽ വരാതെ ഹോട്ടലിൽ താമസിക്കുന്നു. ആ വിവരം രാധയെ അറിയിക്കുകയും ചെയ്യുന്നു. രാധ പ്രഭാകരനെ ഓർത്ത് ദുഃഖിച്ചിരിക്കുമ്പോൾ, പ്രഭാകരൻ സെലിനുമായി ചിലവഴിച്ച മനോഹര നിമിഷങ്ങൾ അയവിറക്കിയിരിക്കുന്നു.
പാലത്തിന്റെ പണിക്കായി വാങ്ങിയ മെഷീൻ കേടുവരികയും, അത് റിപ്പയർ ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാവുകയും ചെയ്യുന്നു. അതോടെ പ്രഭാകരൻ ആകെ തളർന്നു പോവുന്നു. സാമ്പത്തികമായി ആകെ തകർന്നതുകൊണ്ട്, തത്സമയം ചെയ്തുകൊണ്ടിരിക്കുന്ന പാലത്തിന്റെയും, റോഡുപണിയുടെയും കോൺട്രാക്ട് മറ്റൊരു കമ്പനിക്ക് കൊടുക്കാൻ തയ്യാറാവുകയും, ഒന്നോ രണ്ടോ സ്റ്റാഫുകളെ മാത്രം നിർത്തി മറ്റുള്ളവരെയെല്ലാം പിരിച്ചുവിടാനുമുള്ള തീരുമാനമെടുക്കുകയും ചെയ്യുന്നു.
പ്രഭാകരന്റെ അച്ഛൻ വീട്ടിൽ വന്ന് രാധയോട് പ്രഭാകരൻ എവിടെ, വീട്ടിൽ വരാറുണ്ടോ, ഇപ്പോൾ എവിടെക്കാണും എന്നൊക്കെ ചോദിക്കുമ്പോൾ, വീട്ടിൽ വരാറുണ്ടെന്നും, ഇപ്പോൾ ഓഫീസിൽ കാണുമെന്നും രാധ കള്ളം പറയുന്നു. അതുകേട്ട് അദ്ദേഹം, എന്തിനാ കള്ളം പറയുന്നത്, പ്രഭാകരൻ ഇവിടെ വരാറില്ലെന്ന് അറിയാമെന്നും, അവനിപ്പോൾ മദ്രാസിലാണെന്നും പറയുന്നു. തുർന്ന് വീടും, ഓഫീസും കുറുപ്പിന് എഴുതിക്കൊടുത്ത വിവരവും താൻ അറിഞ്ഞു എന്നും പറയുന്നു. പ്രഭാകരനോട് താൻ ഇതേക്കുറിച്ചൊക്കെ ചോദിച്ചാൽ അവൻ തെറ്റിദ്ധരിക്കുമെന്നത് കൊണ്ടാണ് ചോദിക്കാത്തത് എന്നും പറയുന്നു. വിഷമം താങ്ങാനാവാതെ രാധ കരയുമ്പോൾ അച്ഛൻ തന്റെകൂടെ വന്ന് താമസിക്കു എന്നും, പ്രഭാകരന് എന്ന് നല്ല ബുദ്ധി തോന്നുന്നുവോ എന്ന് വന്ന് നിങ്ങളെ വിളിച്ചോണ്ട് പോവട്ടെ എന്നും പറയുന്നു. പക്ഷേ, രാധ അതിന് തയ്യാറാവുന്നില്ല.
പ്രഭാകരൻ രണ്ടു കോണ്ട്രാക്റ്റും നിശ്ചയിച്ചതുപോലെ കൈമാറാൻ ശ്രമിക്കുന്നുവെങ്കിലും അവർ ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല. ആകെത്തകർന്ന പ്രഭാകരൻ മദ്രാസിൽ നിന്നും സെലിനെ വിളിച്ച് അവരെ കാണണം എന്ന് പറയുന്നു. അവർ അതിന് സമ്മതിക്കുന്നില്ല. അപ്പോൾ പ്രഭാകരൻ തന്റെ ബിസിനസ്സും, കുടുംബവും തകർന്ന് മനസ്സമാധാനവും ഇല്ലാതായി എന്നും, സെലിനെ ഒന്ന് കണ്ടാൽ തനിക്ക് കുറച്ച് സമാധാനം കിട്ടും എന്നും, എയർപോർട്ടിൽ വന്ന് തന്നെ കാണണം എന്നും വീണ്ടും വീണ്ടും കെഞ്ചുമ്പോൾ സെലിൻ സമ്മതിക്കുന്നു. പറഞ്ഞപോലെ സെലിൻ എയർപോർട്ടിൽ ചെല്ലുന്നു. സെലിൻ വന്ന ടാക്സിക്ക് പണം കൊടുത്ത് പറഞ്ഞയക്കാൻ പ്രഭാകരൻ പോവുമ്പോൾ, അതിലുള്ള ഡ്രൈവറെക്കണ്ട് പ്രഭാകരൻ ഞെട്ടുന്നു - കാരണം അത് പ്രഭാകരന്റെ അച്ഛനായിരുന്നു. പിന്നീട് സെലിനെ വേറൊരു ടാക്സി പിടിച്ചു വീട്ടിൽ പോവാൻ പ്രഭാകരൻ പറയുമ്പോൾ, പിന്നെന്തിനാണ് നിങ്ങൾ എന്നെ ഇവിടേക്ക് വിളിച്ചതെന്ന് സെലിൻ ചോദിക്കുന്നു. അതിന്, നിങ്ങൾ ഇപ്പോൾ പോകു, എല്ലാം ഞാൻ പിന്നീട് പറയാം എന്ന് പ്രഭാകരൻ പറയുന്നു.
ചമയം
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഓടും കുതിര ചാടും കുതിര |
യൂസഫലി കേച്ചേരി | ജി ദേവരാജൻ | പി മാധുരി, പി ജയചന്ദ്രൻ, ലത രാജു |
2 |
കനാകാംഗീ നിൻ നനഞ്ഞ |
യൂസഫലി കേച്ചേരി | ജി ദേവരാജൻ | കെ ജെ യേശുദാസ് |
3 |
ഗംഗായമുനകളേ |
യൂസഫലി കേച്ചേരി | ജി ദേവരാജൻ | കെ ജെ യേശുദാസ് |
Contributors | Contribution |
---|---|
Poster |